പൊലീസിനെ ഭീഷണിപ്പെടുത്തി എസ്‍എഫ്ഐ പ്രവര്‍ത്തകര്‍: ദൃശ്യങ്ങള്‍ പുറത്ത്

Published : Jan 23, 2020, 10:56 AM ISTUpdated : Jan 23, 2020, 10:57 AM IST
പൊലീസിനെ ഭീഷണിപ്പെടുത്തി എസ്‍എഫ്ഐ പ്രവര്‍ത്തകര്‍: ദൃശ്യങ്ങള്‍ പുറത്ത്

Synopsis

പാലാ സ്റ്റേഷനിലെ എഎസ്ഐയെ നെഞ്ചത്ത് പിടിച്ചു തള്ളുന്നതും എടാ പോടാ എന്നു വിളിക്കുന്നതും പോയി വേറെ പണി നോക്കാന്‍ പറയുന്നതുമെല്ലാം വീഡിയോയില്‍ കാണാം. സംഭവം ഇന്നലെ തന്നെ ഒത്തുതീര്‍പ്പാക്കാന്‍ എസ്എഫ്ഐ നേതൃത്വം ശ്രമിച്ചെങ്കിലും വീഡിയോ വൈറലായതോടെ പൊലീസ് കേസെടുത്തു. 

കോട്ടയം: പാലാ പോളിടെക്നിക് കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പൊലീസിനെ ഭീഷണിപ്പെടുത്തിയ സംഭവം വിവാദമാകുന്നു.  പാലാ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ അടക്കമുള്ള ഉദ്യോഗസ്ഥരോടാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍  തട്ടിക്കയറിയത്. പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ എസ്എഫ്ഐ നേതൃത്വം ഇടപെട്ട് ശ്രമം നടത്തിയെങ്കിലും സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ വൈറലായതോടെ മൂന്ന് എസ്‍എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.  ബുധനാഴ്ചയാണ് സംഭവം നടന്നത്. 

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കോളേജില്‍ കെഎസ‍്.യു- എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്.  ഇന്നലെ ഒരു കെഎസ്‍യു പ്രവര്‍ത്തകനെ വളഞ്ഞിട്ട് മര്‍ദ്ദിക്കാനുള്ള എസ്എഫ്ഐ പ്രവര്‍ത്തകരുടെ ശ്രമം തടയാനെത്തിയ  പാലാ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയത്. പ്രശ്നക്കാരായ വിദ്യാര്‍ത്ഥികളെ പിടികൂടാനുള്ള എഎസ്ഐ അടക്കമുള്ള മൂന്ന് പൊലീസുദ്യോഗസ്ഥരുടെ ശ്രമം എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടയുകയും പൊലീസുകാരെ പിടിച്ചു തള്ളുകയും ചെയ്തു. 

പൊലീസുകാരെ എടാ പോടാ എന്നെല്ലാം വിളിച്ച പ്രവര്‍ത്തകര്‍ സ്വന്തം പണിനോക്കി പോയ്ക്കോളാനും പോയി വീടു പിടിക്കാനുമാണ് പൊലീസുകാരെ ഭീഷണിപ്പെടുത്തുന്നത്. എസ‍്എഫ്ഐ പിള്ളേരെ മെക്കിട്ട് കേറിയാല്‍ വിവരമറിയുമെന്നും പുറത്ത് നിന്നെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പൊലീസിനെ ഭീഷണിപ്പെടുത്തുന്നത് ദൃശ്യങ്ങളില്‍ കാണാം.  

എസ്എഫ്ഐ പ്രവര്‍ത്തകരുടെ ഭീഷണി കേട്ട് നടപടിയെടുക്കാതെ തിരിച്ച് സ്റ്റേഷനില്‍ എത്തിയ പാലാ സ്റ്റേഷനിലെ എഎസ്ഐയും രണ്ട് സഹപ്രവര്‍ത്തകരും സംഭവം ഇന്നലെ തന്നെ ഡിവൈഎസ്‍പിയേയും സിഐയേയും അറിയിച്ചിരുന്നു. 

ഇതിനിടെ  കേസൊന്നും എടുക്കാതെ പ്രശ്നം  ഒത്തുതീര്‍പ്പാക്കാന്‍ എസ്എഫ്ഐ നേതൃത്വം ശ്രമം നടത്തിയെങ്കിലും വീഡിയോ വൈറലായതോടെ പൊലീസ് സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് രാവിലെ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് ഡിവൈഎസ്‍പിയും സ്വന്തം നിലയില്‍ അന്വേഷണം നടത്തുന്നുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്; രാഹുൽ ഈശ്വര്‍ വീണ്ടും റിമാന്‍ഡിൽ
രാഹുലിന് മുൻകൂർ ജാമ്യം; സെഷൻസ് കോടതി ഉത്തരവിനെതിരെ ഹർജിയുമായി സർക്കാർ ഹൈക്കോടതിയിലേക്ക്