ഷബ്‍നയെ കാണാതായിട്ട് ഒരു വര്‍ഷം; ഇരുട്ടിൽ തപ്പി ക്രൈംബ്രാഞ്ച്

By Web TeamFirst Published Jul 17, 2019, 5:26 PM IST
Highlights

കഴിഞ്ഞ വർഷം ജൂലായ് 17-നാണ് ഷബ്‍നയെ കാണാതായത്. രാവിലെ ഒമ്പതരയോടെ വീട്ടില്‍നിന്ന് കടവൂരിലെ പി എസ് സി പരിശീലന കേന്ദ്രത്തിലേക്ക് പോയതാണ് ഷബ്‍ന. 

കൊല്ലം: നീരാവിൽ പതിനെട്ടുകാരിയെ കാണാതായിട്ട് ഇന്ന് ഒരു വർഷം. അഞ്ചാലുംമൂട് ആണിക്കുളത്തുചിറയില്‍ ഇബ്രാഹിം കുട്ടിയുടെ മകൾ  ഷബ്‍ന (18)യെയാണ് കാണാതായത്. കേസിൽ ഒരു തുമ്പും കിട്ടാതെ ഇരുട്ടിൽ തപ്പുകയാണ് ക്രൈംബ്രാ‍‌‌ഞ്ച്. കേസിൽ അന്വേഷണം എങ്ങുമെത്തിയില്ലെന്ന് പെൺകുട്ടിയുടെ ബന്ധുക്കളും ആരോപിക്കുന്നു.

കഴിഞ്ഞ വർഷം ജൂലായ് 17-നാണ് ഷബ്‍നയെ കാണാതായത്. രാവിലെ ഒമ്പതരയോടെ വീട്ടില്‍നിന്ന് കടവൂരിലെ പി എസ് സി പരിശീലന കേന്ദ്രത്തിലേക്ക് പോയതാണ് ഷബ്‍ന. മകളെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയിൽ അന്നേദിവസം പകല്‍ 11 മണിയോടെ ഷബ്‍നയുടെ ബാഗും സര്‍ട്ടിഫിക്കറ്റുകളും മറ്റുരേഖകളും കൊല്ലം ബീച്ചില്‍നിന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് കടലില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

കേസിൽ ബന്ധുവായ യുവാവിനെ പൊലീസ് നിരവധി തവണ ചോദ്യം ചെയ്തെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല. യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നുവെന്ന് വീട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് യുവാവിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയത്. അന്വേഷണം എങ്ങുമെത്താതായതോടെ പെണ്‍കുട്ടിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പിതാവ് ഇബ്രാഹിംകുട്ടി ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കുകയും പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തണമെന്ന് അപേക്ഷിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് അന്വേഷണം കോടതി ക്രൈംബ്രാഞ്ചിനെ ഏല്‍പിച്ചു.

അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് രാജേഷ് തൃക്കാട്ടില്‍ കോ-ഓര്‍ഡിനേറ്ററായി നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിരുന്നു. ഷബ്നയെ കണ്ടെത്തുന്നവര്‍ക്ക് ആക്ഷൻ കൗണ്‍സിൽ 50000 രൂപയും രണ്ട് ലക്ഷം രൂപ പൊലീസും പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.  


 

click me!