കൊവിഡ് നിരീക്ഷണത്തിലിരിക്കെ ബാങ്കിൽ പോയി ലോക്കറിൽ നിന്ന് ഇ പിയുടെ ഭാര്യ മാറ്റിയതെന്ത്? ചോദ്യവുമായി ഷാഫി

By Web TeamFirst Published Sep 13, 2020, 7:46 PM IST
Highlights

പാർട്ടിക്ക് സ്വന്തമായി ഒരു ലോക്കറും മരുന്ന് കമ്പനിയും തുടങ്ങുന്നത് നന്നായിരിക്കുമെന്ന് പരിഹസിച്ച ഷാഫി പറമ്പിൽ മന്ത്രി അറിയാതെ ഒന്നും നടക്കില്ലെന്ന് ആരോപിച്ചു.‌

തിരുവനന്തപുരം: മന്ത്രി ഇ പി ജയരാജന്‍റെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്. മന്ത്രിയുടെ മകനെതിരെ ആരോപണം ഉയർന്നതിന് പിന്നാലെയാണ് പ്രതിഷേധം. മന്ത്രി അറിയാതെ കമ്മീഷൻ കിട്ടില്ലെന്നും പണം വാങ്ങിയത് മന്ത്രിക്ക് വേണ്ടി തന്നെയാണെന്നും
മാർച്ച് ഉദ്ഘാടനം ചെയ്ത ഷാഫി പറമ്പിൽ എംഎൽഎ ആരോപിച്ചു. നിരീക്ഷണത്തിൽ ഇരിക്കെ ഇ പി ജയരാജന്റെ ഭാര്യ ബാങ്കിൽ പോയി ലോക്കറിൽ നിന്ന് എടുത്തു മാറ്റിയത് എന്താണെന്ന് വ്യക്തമാക്കണമെന്നും ഷാഫി ആവശ്യപ്പെട്ടു.

ലൈഫ് മിഷൻ പദ്ധതി വഴി വടക്കാഞ്ചേരിയിൽ ഫ്ലാറ്റുകൾ നി‍ർമിക്കുന്നതിന് യൂണിടെകിന് നിർമാണ കരാ‍ർ കിട്ടാൻ  4 കോടിയോളം രൂപ കമ്മീഷൻ നൽകിയതായി കണ്ടെത്തിയിരുന്നു. ഈ ഇടപാടിന് ചുക്കാൻ പിടിച്ചത് മന്ത്രി പുത്രനാണെന്ന സൂചനയിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങിയെന്ന വാ‌ർത്തയ്ക്ക് പിന്നാലെയാണ് പുതിയ വിവാദങ്ങളുടെ തുടക്കം. മന്ത്രി പുത്രൻ ഇ പി ജയരാജന്റെ മകൻ  ജയ്സൺ ആണെന്ന് ആദ്യം ആരോപിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്നു.

ഓരോ മണിക്കൂറിലും ഈ സർക്കാരിന്റെ തട്ടിപ്പിന്റെ വിവരങ്ങൾ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ ഷാഫി സർക്കാർ പിരിച്ച് വിടണമെന്നും കൊള്ളക്കാരുടെ ഭരണം അവസാനിക്കാൻ സമയമായെന്നും പറഞ്ഞു. പാവങ്ങൾക്ക് വീട് ഉണ്ടാക്കാനല്ല സ്വന്തം അണ്ണാക്കിലേക്ക് എന്തെങ്കിലും വെക്കാൻ കിട്ടുമോ എന്ന അന്വേഷണമായിരുന്നുവെന്ന് യുവ കോൺഗ്രസ് നേതാവ് ആക്ഷേപിച്ചു. പാർട്ടിക്ക് സ്വന്തമായി ഒരു ലോക്കറും മരുന്ന് കമ്പനിയും തുടങ്ങുന്നത് നന്നായിരിക്കുമെന്ന് പരിഹസിച്ച ഷാഫി പറമ്പിൽ മന്ത്രി അറിയാതെ ഒന്നും നടക്കില്ലെന്ന് അവകാശപ്പെട്ടു.‌

പണം വാങ്ങിയത് മന്ത്രിക്ക് വേണ്ടി തന്നെയാണെന്നാണ് കോൺ​ഗ്രസ് ആരോപണം. കൊള്ള സംഘങ്ങളുടെ അവൈലബിൾ പോളിറ്റ് ബ്യുറോ ആണ് ഇപ്പോൾ കേരളം ഭരിക്കുന്നത്, പതിവ് പോലെ മടിയിൽ കനമില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഷാഫി പ്രസം​ഗത്തിൽ പറഞ്ഞു.
 

click me!