
കൊച്ചി: എല്‍ഡിഎഫ് 3.0 എന്ന പ്രചാരണം യുഡിഎഫിന് ഗുണകരമാകുമെന്ന് ഷാഫി പറമ്പില്‍ എംപി. കൊച്ചിയിൽ ജെയിൻ സർവകലാശാലയുടെ സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷാഫി. സന്തോഷം അളക്കേണ്ടത് അക്കങ്ങൾ കൊണ്ടല്ലെന്ന് യോലോ സെഷനിൽ സംസാരിച്ചു കൊണ്ട് രമേഷ് പിഷാരടി പറഞ്ഞു.
ഭാവിയെക്കുറിച്ചുള്ള ജെയിൻ സർവകലാശാലയുടെ ചർച്ചയ്ക്കിടെയാണ് രാഷ്ട്രീയം പറഞ്ഞ് ഷാഫിയും ചിരിയും ചിന്തയും പറഞ്ഞ് പിഷാരടിയും കാണികളുടെ മനസ് കവർന്നത്. എല്‍ഡിഎഫ് 3.0 എന്ന പ്രചാരണത്തിന് പിന്നാലെ ജനം പോകില്ലെന്ന് ഷാഫി പറമ്പിൽ അഭിപ്രായപ്പെട്ടു. മാറ്റം വരണമെന്ന് ആഗ്രഹിക്കുന്ന ആളുകളാണ് കൂടുതലും. ആ കൂടുതലുള്ള ആളുകളുടെ പ്രതികരണമാണ് കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ കണ്ടതെന്നും ഷാഫി മുഷ്‌ക്കില്‍ എന്ന് പേരിട്ട സെഷനില്‍ സംസാരിച്ചുകൊണ്ട് ഷാഫി പറഞ്ഞു. വിദ്യാഭ്യാസത്തിനായി വിദേശത്ത് സ്വന്തം ഇഷ്ടപ്രകാരം പോകുന്ന കുട്ടികളെ തടയാനാകില്ല. പക്ഷേ ഇവിടെ അവസരങ്ങളില്ലാത്തത് കൊണ്ട് പോകുന്നവരുടെ മുന്നില്‍ കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാവുകയെന്നതാണ്. ഒരു സര്‍ക്കാരിന്റെ കടമയെന്നും ഷാഫി അഭിപ്രായപ്പെട്ടു.
ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ വലിയ സൂത്രവാക്യങ്ങളുടെ ആവശ്യമില്ലെന്നും, സമാധാനമായി ഇരിക്കാൻ കഴിയുന്നതാണ് യഥാർത്ഥ സന്തോഷമെന്നും രമേഷ് പിഷാരടി പറഞ്ഞു. അസൂയയ്ക്ക് അളവുകോൽ ഇല്ലാത്തതുപോലെ സന്തോഷവും അളക്കാൻ കഴിയില്ല. നമ്മൾ നോർമൽ ആണെങ്കിൽ നമ്മൾ ഹാപ്പിയാണെന്നും പിഷാരടി കൂട്ടിച്ചേര്‍ത്തു. ആളുകളുടെ പങ്കാളിത്തം കൊണ്ടും തെരഞ്ഞെടുത്ത വിഷയങ്ങളിലെ വ്യത്യസ്തത കൊണ്ടും ശ്രദ്ധ നേടുകയാണ് ജെയിൻ സർവകലാശാലയുടെ സമ്മിറ്റ് ഓഫ് ഫ്യൂച്ചർ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam