
തിരുവനന്തപുരം: യൂത്ത് കെയറിന്‍റെ പ്രവർത്തനങ്ങളും സഹ പ്രവർത്തകർ ഏറ്റുവാങ്ങിയ മർദ്ദനങ്ങളും ഓർമ്മിപ്പിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം എൽ എ രംഗത്ത്. യൂത്ത് കെയർ ജില്ലാ സമ്മേളനത്തിനിടയിലെ രമേശ് ചെന്നിത്തലയുടെ വാക്കുകൾ ചർച്ചയായതിന് പിന്നാലെയാണ് ഷാഫി, യൂത്ത് കെയറിന്‍റെ പ്രവർത്തനങ്ങൾ ഓർമ്മിപ്പിച്ച് രംഗത്തെത്തിയത്. ഡി വൈ എഫ് ഐയുടെ പൊതിച്ചോർ പദ്ധതിയടക്കമുള്ള പരിപാടികൾ മാതൃകയാക്കേണ്ടതാണെന്നാണ് ചെന്നിത്തല ചൂണ്ടികാട്ടിയത്.
ഒരു സർക്കാർ സംവിധാനങ്ങളുടെയും സഹായമില്ലാതെ സ്വന്തം അധ്വാനത്തിന്റെ കുഞ്ഞു വിഹിതങ്ങൾ കൊണ്ടാണ് പ്രതിസന്ധികളുടെ കാലത്ത് യുവതയുടെ കരുതലായി യൂത്ത് കെയർ മാറിയതെന്ന് ഷാഫി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ജനവിരുദ്ധ തീരുമാനങ്ങൾക്കെതിരെ സമരം നടത്തിയതിലൂടെ നിരവധി കേസുകളിൽ യൂത്ത് കെയർ പ്രവർത്തകർ പ്രതി ചേർക്കപ്പെടുകയും ക്രൂര മർദനങ്ങൾക്ക് ഇരയാകേണ്ടി വന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അങ്ങനെയുള്ള പ്രിയ സഹപ്രവർത്തകരെ പ്രസ്ഥാനം മറക്കുകയില്ലെന്നും അഭിമാനമാണ് നിങ്ങളും യൂത്ത് കെയറുമെന്നും ഷാഫി ഫേസ്ബുക്ക് കുറിപ്പിൽ വിവരിച്ചു. ചെന്നിത്തലയുടെ ഡി വൈ എഫ്ഐ പരാമർശത്തിന് പിന്നാലെയാണ് ഷാഫിയുടെ പ്രതികരണം എത്തിയത് എന്നത് ശ്രദ്ധേയമാണ്.
ഷാഫിയുടെ കുറിപ്പ് പൂർണരൂപത്തിൽ
ഒരു സർക്കാർ സംവിധാനങ്ങളുടെയും സഹായമില്ലാതെ സ്വന്തം അധ്വാനത്തിന്റെ കുഞ്ഞു വിഹിതങ്ങൾ കൊണ്ടും സുമനസ്ക്കരുടെ സഹായം കൊണ്ടും പ്രതിസന്ധികളുടെ കാലത്ത് യുവതയുടെ കരുതലായി യൂത്ത് കെയറിന്റെ പ്രവർത്തനങ്ങൾക്ക് കർമ്മ ധീരമായി നേതൃത്വം നൽകുകയും അതേ സമയം തന്നെ ജനവിരുദ്ധ തീരുമാനങ്ങൾക്കെതിരെ സമര സജ്ജരായി നിരവധി കേസുകളിൽ പ്രതി ചേർക്കപ്പെടുകയും ക്രൂര മർദനങ്ങൾക്ക് ഇരയാകേണ്ടി വരികയുമൊക്കെ ചെയ്ത പ്രിയ സഹപ്രവർത്തകരെ പ്രസ്ഥാനം മറക്കുകയില്ല. അഭിമാനമാണ് നിങ്ങളും യൂത്ത് കെയറും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam