
പാലക്കാട്: അർധരാത്രി കോൺഗ്രസ് വനിതാ നേതാക്കൾ താമസിച്ച ഹോട്ടലിൽ നടന്ന പൊലീസ് പരിശോധന സിപിഎം - ബിജെപി ഒത്തുകളിയെന്ന് ഷാഫി പറമ്പിൽ എംഎൽഎ. തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർ പോലും അറിയാതെ ആയിരുന്നു പരിശോധന. ഇത് കൃത്യമായ നാടകമാണ്. അതിക്രമത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. പാലക്കാട്ട് ഇന്ന് യുഡിഎഫ് പ്രതിഷേധ ദിനം ആചരിക്കും. കോൺഗ്രസ് പ്രവർത്തകർ പാലക്കാട് എസ് പി ഓഫീസിലേക്ക് മാർച്ച് നടത്തും.
ഉപ തെരഞ്ഞെടുപ്പിനിടെ അനധികൃതമായി പണമെത്തിച്ചെന്ന് ആരോപിച്ചുള്ള പൊലീസ് പരിശോധനക്കിടെ പാലക്കാട്ട് സംഘർഷമുണ്ടായി. പാതിരാത്രിയിൽ മൂന്നര മണിക്കൂറോളം നേരമാണ് ഹോട്ടലിൽ നേതാക്കളും പ്രവര്‍ത്തകരും ഏറ്റുമുട്ടിയത്. വനിതാ നേതാക്കളുടെ മുറികളിൽ പൊലീസ് അതിക്രമിച്ച് കയറിയെന്ന് ആരോപിച്ച് കോണ്‍ഗ്രസും, എല്ലാ മുറികളിലും പരിശോധന വേണമെന്ന് സിപിഎമ്മും ബിജെപിയും ആവശ്യപ്പെട്ടതോടെ രംഗം വഷളായി. ഹോട്ടലിലും പുറത്തും പലതവണ ഏറ്റുമുട്ടിയ പ്രവർത്തകരെ പൊലീസ് പണിപ്പെട്ടാണ് പിന്തിരിപ്പിച്ചത്. ഷാഫി പറമ്പിൽ, വി.കെ ശ്രീകണ്ഠൻ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പരിശോധനയിൽ എന്ത് കിട്ടിയെന്ന് പൊലീസ് എഴുതി നൽകണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ഒന്നും ലഭിച്ചില്ലെന്ന് പൊലീസ് എഴുതി നൽകി. എന്നാൽ റെയ്ഡ് തടസപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്ന് സിപിഎമ്മും ബിജെപിയും ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam