
തിരുവനന്തപുരം: വ്യാജ വിദ്യാഭ്യാസ യോഗ്യത ആരോപണം ഉന്നയിച്ച യുവതിക്ക് മറുപടിയുമായി വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ. ഷാഹിദ ബി.കോം പാസ്സായിട്ടില്ലെന്നും ഡോക്ടറേറ്റ് ഇല്ലെന്നുമായിരുന്നു തിരുവനന്തപുരം സ്വദേശിയായ പരാതിക്കാരി ന്യൂസ് അവറിൽ പറഞ്ഞത്. വിദൂര വിദ്യാഭ്യാസത്തിലൂടെ ഡിഗ്രി എടുത്തെന്നും ഇന്‍റർനാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയിൽനിന്ന് ലഭിച്ച ഡി ലിറ്റ് ഉണ്ടെന്നുമാണ് ഷാഹിദാ കമാലിന്‍റെ വാദം.
വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ ഡോക്ടറേറ്റ് ലഭിക്കാതെ പേരിനൊപ്പം ഡോക്ടറേറ്റ് ചേർത്തതാണെന്നാണ് പരാതി ഉയര്‍ന്നത്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവർ ചർച്ചയിൽ ഷാഹിദാ കമാലിനെതിരെ പരാതിയുമായി വന്ന യുവതിയാണ് ഈ ആരോപണം ഉന്നയിച്ചത്. സർവ്വകലാശാലയിൽ തനിക്ക് രേഖാമൂലം ലഭിച്ച വിവരങ്ങൾ അനുസരിച്ച് ഇവർക്ക് ബികോം വരെ മാത്രമാണ് പഠിച്ചത്.
ബികോം മൂന്നാം വർഷ ഇവർ പാസായിട്ടില്ല. അതിനാൽ തന്നെ ഡിഗ്രി യോഗ്യത പോലും ഷാഹിദയ്ക്ക് ഇല്ല. അധികയോയോഗ്യത പിജിഡിസിഎ ആണെന്നാണ് സർവകാലാശ രേഖയിൽ ഉള്ളത്. ഇതും തെറ്റാണ്. ഇക്കാര്യങ്ങൾ തെളിയിക്കുന്ന രേഖകൾ സർവകലാശാലയിൽ നിന്നും വിവരാവകാശ നിയമപ്രകാരം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും എവിടെ വേണമെങ്കിലും ഈ രേഖകൾ ഹാജരാക്കാൻ തയ്യാറാണെന്നും പരാതിക്കാരി പറഞ്ഞു.
പരാതിക്കാരി പറയുന്നത്
ഇലക്ഷൻ കമ്മീഷനിൽ നിന്നും രണ്ട് തെരഞ്ഞെടുപ്പിലും ഷാഹിദ നൽകിയ സത്യവാങ്മൂലം ഞാൻ ശേഖരിച്ചു. തുടർന്ന് ഞാൻ കേരള സർവകലാശാലയിൽ നിന്നും വിവരാവകാശ നിയമപ്രകാരം ഇവരുടെ വിദ്യാഭ്യാസ വിവരങ്ങൾ ശേഖരിച്ചു. ആ രേഖകൾ പ്രകാരം 1987-90 കാലഘട്ടത്തിലാണ് സർവ്വകലാശാലയ്കക് കീഴിലെ അഞ്ചൽ സെന്‍റ് ജോണ്‍സ് കോളേജിൽ ഇവർ പഠിച്ചത്. എന്നാൽ ബികോം പൂർത്തിയാക്കാനായിട്ടില്ല. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ രേഖകൾ പ്രകാരം ഇവർ വിദ്യാഭ്യാസയോഗ്യതയായി ബികോം, പിജിഡിസിഎ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
ബിരുദം നേടാത്ത ഒരാൾക്ക് പിജി പാസാവാൻ സാധിക്കില്ല. അതിനാൽ ആ വാദവും തെറ്റാണ്. തോറ്റ ബികോം ഇവർ എന്നു പാസായി. പിന്നെ എപ്പോൾ പിജിയും പിഎച്ച്ഡിയും എടുത്തു എന്നൊന്നും വ്യക്തമല്ല.
ഡോ. ഷാഹിദ കമാൽ എന്നാണ് വനിതാ കമ്മീഷൻ വെബ്സൈറ്റിൽ അംഗത്തിന്‍റെ ഫോട്ടോയ്ക്ക് താഴെ ചേര്‍ത്തിട്ടുള്ളത്. ഗുരുതരമായ ആരോപണം പരിശോധിക്കണമെന്ന് സിപിഐ നേതാവ് ആനി രാജയും മുന്‍ എംഎല്‍എ ഷാനിമോള്‍ ഉസ്മാനും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി അരുണ്‍ ബാബുവും ന്യൂസ് അവറിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
2009-ൽ കാസർഗോഡ് ലോക്സഭാ സീറ്റിലും 2011-ൽ ചടയമംഗലം നിയമസഭാ സീറ്റിലും ഷാഹിദാ കമാൽ മത്സരിച്ചെങ്കിലും രണ്ടിടത്ത് നൽകിയ സത്യവാങ്മൂലത്തിലും ബികോം ആണ് തന്‍റെ വിദ്യാഭ്യാസയോഗ്യത എന്നാണ് പറഞ്ഞിരുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam