
താമരശ്ശേരി: കൂടത്തായി കൂട്ടക്കൊലയില്‍ മുഖ്യപ്രതി ജോളിയെ പൂര്‍ണമായും തള്ളിപ്പറിഞ്ഞ് ഭര്‍ത്താവ് ഷാജു. തന്‍റെ ഭാര്യ സിലിയും മകളും ആല്‍ഫിനും മരണപ്പെട്ട ശേഷം ജോളിയാണ് വിവാഹക്കാര്യത്തില്‍ മുന്‍ക്കൈ എടുത്തതെന്ന് ഷാജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സിലിയുടെ മരണം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് ജോളി തന്നെ വിളിച്ചു വരുത്തി വിവാഹം കഴിക്കുന്നതിനെപ്പറ്റി പറഞ്ഞത്. സിലിയുടെ സഹോദരനും മറ്റു ചില ബന്ധുക്കളും ഇങ്ങനെയൊരു വിവാഹം നടന്നു കാണാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും വിവാഹം കഴിച്ചാല്‍ ഷാജുവിന്‍റെ മകനും തന്‍റെ മകന്‍ റോമോയ്ക്കും രക്ഷിതാക്കളുടെ കരുതല്‍ കിട്ടുമെന്നും ജോളി പറഞ്ഞു.
എന്നാല്‍ ഇപ്പോള്‍ ഒരു കല്ല്യാണത്തെക്കുറിച്ച് ചിന്തിക്കാന്‍ പറ്റിയ അവസ്ഥയില്‍ അല്ല എന്ന് ജോളിയോട് അപ്പോള്‍ തന്നെ പറഞ്ഞു. ആറ് മാസം കഴിഞ്ഞ് ഇതേക്കുറിച്ച് ആലോചിക്കാം എന്നായിരുന്നു അപ്പോള്‍ ജോളി പറഞ്ഞത് എന്നാല്‍ ഒരു വര്‍ഷമെങ്കിലും കഴിയാതെ ഇതൊന്നും പറ്റില്ലെന്ന് താന്‍ തീര്‍ത്തു പറഞ്ഞതായും ഷാജു പറയുന്നു.
കല്ല്യാണത്തിന് മുന്‍പേ തന്നെ ജോളി തന്നോട് അടുത്ത് ഇടപെടാന്‍ ശ്രമിച്ചിരുന്നു എന്ന് പറഞ്ഞ ഷാജു. പ്രതിസന്ധി ഘട്ടത്തില്‍ തന്നേയും മകനേയും തകര്‍ക്കുന്ന നിലപാടാണ് ജോളിയുടെ മകന്‍ റോമോ സ്വീകരിക്കുന്നതെന്നും ആരോപിച്ചു. തന്‍റെ സഹോദരന്‍റെ മരണത്തില്‍ ഇത്ര വര്‍ഷം കഴിഞ്ഞു കേസ് കൊടുത്ത റോജോ അത് നേരത്തെ ചെയ്തിരുന്നുവെങ്കില്‍ തന്‍റെ ഭാര്യയും മകളും ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നും ഷാജു പറഞ്ഞു.
സിലി മരിച്ച് രണ്ട് മാസം കഴിഞ്ഞപ്പോള്‍ ജോളി എന്നെ വിളിച്ചു. അത്യാവശ്യകാര്യം പറയാനാണ് സ്കൂളില്‍ പോകും വഴി ഒന്നു കാണാന്‍ ചെല്ലാന്‍ പറഞ്ഞു. ലീവെടുത്താലും കുഴപ്പമില്ല എന്ന് പറഞ്ഞു. അങ്ങനെ ജോളിയെ കാണാന്‍ ചെന്നപ്പോള്‍ ആണ് കല്ല്യാണക്കാര്യം പറഞ്ഞത്. സിജോയും (സിലിയുടെ സഹോദരന്‍) മറ്റു ബന്ധുക്കളും ചേര്‍ന്ന് നമ്മള്‍ തമ്മില്‍ കല്ല്യാണം കഴിക്കണം എന്ന് ആവശ്യപ്പെട്ടെന്നും അങ്ങനെ ചെയ്താല്‍ സിലിയുടെ മകന് ഒരമ്മയാവും എന്നും പറഞ്ഞു.
അപ്പോള്‍ ഭാര്യയുടെ മരണം നടന്നിട്ട് രണ്ട് മാസം ആയിട്ടേയുള്ളൂ. ഒരു ആറ് മാസം കൂടി കഴിഞ്ഞ് ഇതേക്കുറിച്ച് ആലോചിക്കാം എന്നവള്‍ പറഞ്ഞു എന്നാല്‍ അത് പറ്റില്ലെന്നും ഒരു വര്‍ഷമെങ്കിലും കഴിയാതെ ഇതേക്കുറിച്ച് ഒന്നും ആലോചിക്കാനാവില്ലെന്നും ഞാന്‍ പറഞ്ഞു. അവളെ വിവാഹം കഴിക്കണം എന്ന് സ്വപ്നത്തില്‍ പോലും ഞാന്‍ വിചാരിച്ചില്ല.
സംസ്കാരചടങ്ങുകള്‍ക്കിടെ സിലിയുടെ മൃതദേഹത്തില്‍ ഞാന്‍ അന്ത്യചുംബനം നല്‍കുമ്പോള്‍ എനിക്കൊപ്പം തള്ളിക്കയറി ജോളിയും സിലിയുടെ മൃതദേഹത്തെ ചുംബിക്കാന്‍ ശ്രമിച്ചിരുന്നു. മരണചടങ്ങുകളെല്ലാം ഫോട്ടോയില്‍ പകര്‍ത്തിയിരുന്നു. പിന്നീട് ഫോട്ടോകള്‍ ആല്‍ബത്തിലാക്കാന്‍ നോക്കിയപ്പോള്‍ ഈ ഫോട്ടോ ഒഴിവാക്കാനാണ് ഞാന്‍ സ്റ്റുഡിയോയില്‍ പറഞ്ഞത്. അത്രയേറെ അസ്വസ്ഥത ആ സംഭവത്തില്‍ അന്നുണ്ടായിരുന്നു.
ജോളിയുമായുള്ള വിവാഹക്കാര്യത്തെക്കുറിച്ച് സിലിയുടെ സഹോദരനോട് സംസാരിച്ചപ്പോള്‍ അദ്ദേഹം അതിനെ പിന്തുണച്ചാണ് സംസാരിച്ചത്. സിലി ജീവിച്ചിരിക്കുന്ന കാലത്ത് ജോളിയുമായി യാതൊരു ബന്ധവും എനിക്ക് ഇല്ലായിരുന്നു. സിലി മരിക്കുന്നതിന് രണ്ടാഴ്ച മുന്‍പ് വയനാട് പനമരത്തില്‍ ഒരു കല്ല്യാണത്തിന് പോയിട്ടുണ്ട്. ജോളിയുടെ കാറിലാണ് അന്ന് ഞങ്ങളെല്ലാം പോയത്. അന്നേ ജോളി ഞാനുമായി അടുപ്പം ഉണ്ടാകാന്‍ ശ്രമിച്ചിരുന്നു. ഇതൊക്കെ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ മാത്രമാണ് മനസ്സിലാവുന്നത്. അന്നിതൊക്കെ യാദൃശ്ചികമായി മാത്രമായാണ് തോന്നിയത്.
റെമോ ഇപ്പോള്‍ ജോളിയുടെ കൂടെ ഞാനുമുണ്ട് എന്ന രീതിയില്‍ ആരോപണം ഉന്നയിക്കുകയാണ്. എന്നോട് ഒരു വാക്ക് പോലും ചോദിക്കാതെയാണ് ഇതൊക്കെ പറയുന്നത്. ജോളിയെ ചോദ്യം ചെയ്തു കഴിഞ്ഞ ശേഷം ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ എന്നോട് പറഞ്ഞത് അവര്‍ ആത്മഹത്യ ചെയ്യാന്‍ വരെ സാധ്യതയുണ്ടെന്നാണ്. സിലി മരിച്ചു പോകട്ടെയെന്ന് ഞാന്‍ പറഞ്ഞു എന്ന് റെമോ പറഞ്ഞതായി ചാനലില്‍ സ്ക്രോള്‍ കണ്ടു.
റെമോ അങ്ങനെ പറഞ്ഞെങ്കില്‍ അവന് ഞാന്‍ നല്‍കിയ സ്നേഹത്തിനും കരുതലിനും എന്താണ് അര്‍ത്ഥം. അവന്‍റെ മാതാവ് ഇങ്ങനത്തെ അവസ്ഥയിലാണ്. എന്‍റെ മകനുണ്ടാവുന്ന മാനക്കേട് എന്താണ് എന്നോ അവന്‍റെ അവസ്ഥ എന്താണെന്നോ റെമോ ചിന്തിക്കുന്നുണ്ടോ. അവന്‍റെ അച്ഛന്‍റെ സ്ഥാനത്തുള്ള എന്നോടോ സഹോദരനോടെ അവന് ഈ സമയത്ത് കരിവാരി തേയ്ക്കേണ്ട കാര്യമെന്താണ്. ഇതൊന്നും ഞാനൊരിക്കലും പറയില്ലായിരുന്നു പക്ഷേ പറയേണ്ട ഗതികേടാണ് ഇപ്പോള്‍.
പൊലീസ് അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കും. ചോദ്യം ചെയ്യാന്‍ വിളിച്ചാല്‍ ഉദ്യോഗസ്ഥര്‍ വിളിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും ഹാജരാവും. താന്‍ പോയില്ലെങ്കില്‍ അവര്‍ വന്ന് പൊക്കി കൊണ്ടു പോകും എന്നറിയാം. തെറ്റൊന്നും ചെയ്തില്ല എന്നാണ് ഉറച്ച വിശ്വാസം. എന്നെ ചോദ്യം ചെയ്യാന്‍ വിളിക്കുമെന്നും അറസ്റ്റ് ചെയ്യുമെന്നുമുള്ള അഭ്യൂഹങ്ങള്‍ മാത്രമാണ് കേള്‍ക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam