ഷമീർ വൃക്കദാനത്തിന് നേരത്തെ ശ്രമിച്ചിരുന്നതായി തിരുനെല്ലായി കൗൺസിലര്‍; 6 മാസമായി നാട്ടിലില്ലെന്ന് വിവരം

Published : May 20, 2024, 08:48 PM IST
ഷമീർ വൃക്കദാനത്തിന് നേരത്തെ ശ്രമിച്ചിരുന്നതായി തിരുനെല്ലായി കൗൺസിലര്‍; 6 മാസമായി നാട്ടിലില്ലെന്ന് വിവരം

Synopsis

കൊച്ചി അവയവകടത്ത് കേസിൽ പിടിയിലായ പ്രതി സാബിത്ത് നാസര്‍ പാലക്കാട് തിരുനെല്ലായി സ്വദേശിയായ ഷമീറിനെ ഇറാനിലേക്ക് കടത്തിയെന്ന് മൊഴി നൽകിയിട്ടുണ്ട്

പാലക്കാട്: ഷമീർ വൃക്ക ദാനം ചെയ്യാൻ നേരത്തെ ശ്രമിച്ചിരുന്നതായി പാലക്കാട് തിരുനെല്ലായി കൗൺസിലർ മൻസൂർ. കൂട്ടുകാരൻ്റെ അമ്മയ്ക്ക് എന്ന് പറഞ്ഞാണ് വൃക്കദാനത്തിന് ശ്രമിച്ചതെന്നും ഷമീര്‍ സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്നയാളാണെന്നും മൻസൂര്‍ പറഞ്ഞു. കഴിഞ്ഞ 6 മാസമായി ഷമീര്‍ നാട്ടിലില്ലെന്നും എവിടെയെന്ന് അറിയില്ലെന്നും പറഞ്ഞ മൻസൂര്‍ വീട്ടുകാരുമായി ഷമീറിന് ബന്ധമില്ലെന്നും പറഞ്ഞു.

കൊച്ചി അവയവകടത്ത് കേസിൽ പിടിയിലായ പ്രതി സാബിത്ത് നാസര്‍ പാലക്കാട് തിരുനെല്ലായി സ്വദേശിയായ ഷമീറിനെ ഇറാനിലേക്ക് കടത്തിയെന്ന് മൊഴി നൽകിയിട്ടുണ്ട്. അവയവ കടത്ത് നടത്തിയവരിൽ ഭൂരിഭാഗവും ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലെ യുവാക്കളാണെന്നും ഇയാൾ പൊലീസിനോട് സമ്മതിച്ചു. രാജ്യാന്തര അവയവ മാഫിയ സംഘങ്ങളുമായി പ്രതിക്കുള്ള ബന്ധത്തിൽ കേന്ദ്ര ഏജൻസികളും അന്വേഷണം തുടങ്ങി. പ്രതിയെ അങ്കമാലി മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

പാലക്കാട് തിരുനെല്ലി സ്വദേശി ഷമീറിനെ വൃക്ക നൽകുന്നതിന് ഇറാനിലേക്ക് റിക്രൂട്ട് ചെയ്തെന്നാണ് സാബിത്ത് നാസറിന്‍റെ മൊഴി.  അന്വേഷണ സംഘം ഇയാളുടെ മേൽവിലാസത്തിൽ ബന്ധപ്പെട്ടെങ്കിലും ഷമീറും കുടുംബവും ഇവിടെ നിന്ന് താമസം മാറി പോയെന്നാണ് കിട്ടിയ വിവരം. അവയവ മാഫിയയുടെ കെണിയിൽ പെട്ടിരിക്കാമെന്ന സാധ്യതയാണ് പ്രദേശവാസികളും പങ്കുവെക്കുന്നത്.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതി 2019 മുതൽ അവയവക്കടത്തിന് ഇറാനിലേക്ക് ആളെ എത്തിച്ചു. ഇതിൽ 19പേരും ഉത്തരേന്ത്യക്കാരാണ്. വൃക്ക നൽകാൻ തയ്യാറായി 2019ൽ ഹൈദാരാബദിലെത്തിയ സാബിത്ത് നാസർ ആ നീക്കം പാളിയെങ്കിലും അവയവ മാഫിയ സംഘങ്ങളുമായി ബന്ധമുറപ്പിച്ചു. പിന്നീട് ശ്രീലങ്കയിലും, കുവൈറ്റിലും അവിടെ നിന്ന് ഇറാനിലും വ്യാപിച്ച് കിടക്കുന്ന രാജ്യാന്തര അവയവ മാഫിയ സംഘത്തിലെ മുഖ്യകണ്ണിയുമായി. വ്യാജ പാസ്പോർട്ടും ആധാർ കാർഡും ഉൾപ്പടെ സംഘടിപ്പിക്കും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സ്വാധീനിച്ചായിരുന്നു പ്രതിയുടെ ഇടപാടുകളെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. 

ഇറാനിലെ സ്വകാര്യ ആശുപത്രികളിലാണ് ശസ്ത്രക്രിയ നടത്തിയിരുന്നത്. സംഘത്തിലെ മറ്റ് ഏജന്‍റുമാർ വഴി അവയവം ആവശ്യമുള്ളവരെ ബന്ധപ്പെടും. ഇവരോട് ഫുൾ പാക്കേജായി 60ലക്ഷം രൂപയ്ക്ക് മുകളിലാണ് ആവശ്യപ്പെടുക. വൃക്ക നൽകുന്നവരുടെ ടിക്കറ്റ്, താമസം മുതൽ ചികിത്സാ ചിലവും പ്രതിഫലമായി പരമാവധി 6 ലക്ഷം രൂപ വരെയും നൽകും. വൻതുക ആശുപത്രിയിൽ ചിലവായെന്ന് തെറ്റിദ്ധരിപ്പിച്ച് ബാക്കി തുക മുഴുവൻ ഏജന്‍റിന്‍റെ പോക്കറ്റിലാവും. റിമാൻഡിലായ പ്രതിയെ അന്വേഷണ സംഘം ഉടൻ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. 

എത്ര പേരെ ഇയാൾ അവയവ കൈമാറ്റത്തിനായി സമീപിച്ചു, ഇവരുമായി നടത്തിയ സാമ്പത്തിക ഇടപാടുകൾ, ഇവരുടെ ആരോഗ്യസ്ഥിതി, ഇതിൽ എത്ര പേർ മടങ്ങി വരാനുണ്ട് എന്നീ കാര്യങ്ങളിലാണ് അന്വേഷണം. ഇരകളായവരെ കണ്ടെത്തി പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യുകയാണ് ആദ്യ നടപടി. പ്രതിയുടെ ചാവക്കാട് സ്വദേശിയായ പങ്കാളിക്കായുള്ള തെരച്ചിലാണ് അന്വേഷണ സംഘം. കൊച്ചിയിലുള്ള മറ്റൊരു സുഹൃത്തിൽ നിന്നും മൊഴിയെടുത്തു. രാജ്യാന്തര മാഫിയ സംഘങ്ങളുടെ സാന്നിദ്ധ്യമുള്ള കേസിൽ എൻഐഎ ഉൾപ്പടെ കേന്ദ്ര അന്വേഷണ ഏജൻസികളും വിവരശേഖരണം തുടരുകയാണ്. കൂടുതൽ ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യമെന്ന തെളിവ് കിട്ടിയാൽ കേന്ദ്ര ഏജൻസികൾ കേസ് ഏറ്റെടുക്കാനും സാധ്യതയുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

മഞ്ജു വാര്യരെയും പൊലീസിനെയും ലക്ഷ്യമിട്ട് ദിലീപ്, ആരോപണത്തോട് പ്രതികരിക്കാതെ മഞ്ജു, അന്തിമ വിധിയല്ലെന്ന് ബി സന്ധ്യ
വോട്ട് ചെയ്യാൻ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ, ഇത്തവണ നോട്ടയില്ല; ബീപ് ശബ്‍ദം ഉറപ്പാക്കണം; പ്രധാനപ്പെട്ട നിർദേശങ്ങൾ