
കോട്ടയം: കെവിൻ കൊലപാതകക്കേസിൽ നീനുവിന്‍റെ സഹോദരൻ ഷാനു ചാക്കോയുടെ സുഹൃത്തിന്‍റെ നിർണായക മൊഴി. കെവിൻ കൊല്ലപ്പെട്ടതായി ഷാനു തന്നെ വിളിച്ച് പറഞ്ഞത് കൊലപാതകം നടന്ന് മണിക്കൂറുകൾക്കകമെന്ന് ചാക്കോയുടെ സുഹൃത്തും അയൽവാസിയുമായ ലിജോ മൊഴി നൽകി. " കെവിൻ മരിച്ചു. കൂടെ അനീഷ് എന്ന സുഹൃത്തിനെ പിടിച്ചിരുന്നു, അവനെ വെറുതെ വിടുകയാണ്" എന്ന് ഷാനു പറഞ്ഞതായാണ് ലിജോ മൊഴി നൽകിയിരിക്കുന്നത്. കോട്ടയം പ്രിൻസിപ്പൾ സെഷൻസ് കോടതിയിലാണ് ലിജോ മൊഴി നൽകിയത്.
ഒന്നാം പ്രതി ഷാനു ഉൾപ്പെടെയുള്ള പ്രതികൾ കെവിനെ കൊന്നത് തങ്ങളല്ലെന്ന വാദം ഉയർത്തിയിരുന്നു. തട്ടിക്കൊണ്ട് പോയി നീനുവിനെ ഭീഷണിപ്പെടുത്തി തിരികെ കൊണ്ട് വരിക എന്ന ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും പ്രതികൾ മൊഴി നൽകി. എന്നാൽ, ഇതിനെ തള്ളിക്കളയുന്നതാണ് 26-ാം പ്രതി ലിജോയുടെ മൊഴി. ചാക്കോയുൾപ്പെടെയുള്ളവരെ കോട്ടയത്ത് കൊണ്ട് വന്നതും പൊലീസ് കേസുമായി ബന്ധപ്പെട്ട എല്ലാത്തിനും സാക്ഷിയാവുകയും ചെയ്ത ആളാണ് ലിജോ. അത് കൊണ്ട് തന്നെ ലിജോയുടെ മൊഴി കേസിൽ അതീവ നിർണായകമാണ്.
മുഖ്യ സാക്ഷി അനീഷിന്‍റെ വിസ്താരമാണ് ഇന്നലെ നടന്നത്. മുഖ്യ പ്രതി ഷാനു ചാക്കോ ഉൾപ്പടെ ഏഴ് പ്രതികളെ സാക്ഷി തിരിച്ചറിഞ്ഞിരുന്നു. കെവിൻ വധക്കേസ് ദുരഭിമാനക്കൊലയായി പരിഗണിച്ച് വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി നേരത്തേ അംഗീകരിച്ചിരുന്നു. ഏഴ് പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും അഞ്ചാം പ്രതി ചാക്കോ ഉൾപ്പടെ മൂന്ന് പേരെ സാക്ഷി അനീഷ് തിരിച്ചറിഞ്ഞില്ല.
പ്രതികളെല്ലാം ഒരു പോലെ വെള്ള വസ്ത്രം ധരിച്ചാണ് വിചാരണയ്ക്ക് എത്തിയത്. പ്രതികൾ രൂപമാറ്റം വരുത്തിയതിനാൽ തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് അനീഷ് കോടതിയിൽ മൊഴി നൽകി. നീനുവിന്‍റെ അച്ഛൻ ചാക്കോ, സഹോദരൻ സാനു ചാക്കോ എന്നിവർ ഉൾപ്പെടെ 14 പേരാണ് കേസിലെ പ്രതികൾ. ദലിത് ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട കെവിൻ നീനുവിനെ വിവാഹം ചെയ്തതിലുള്ള നീനുവിന്‍റെ ബന്ധുക്കളുടെ ദുരഭിമാനമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രം. കൊലക്കുറ്റം ഉൾപ്പെടെ പത്ത് വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ജൂൺ ആറ് വരെ തുടർച്ചയായി വിചാരണ നടത്താനാണ് കോടതിയുടെ തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam