തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മക്ക് വധശിക്ഷ വിധിച്ച ജസ്ജി എ എം ബഷീറിന് സ്ഥലംമാറ്റം. ആലപ്പുഴ എം എ സി ടി (മോട്ടോർ ആക്‌സിഡൻ്റ് ക്ലെയിംസ് ട്രൈബ്യൂണൽ) കോടതിയിലേക്കാണ് സ്ഥലംമാറ്റം. നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് ജഡ്ജിയായിരിക്കെ രണ്ട് കൊലകേസുകളിലായി നാല് പേരെ എ എം ബഷീര്‍ വധശിക്ഷക്ക് വിധിച്ചിരുന്നു. സാധാരണ രീതിയുള്ള സ്ഥലംമാറ്റമാണിത്.
ഗ്രീഷ്മക്ക് തൂക്കുകയർ വിധിച്ച് മാധ്യമ ശ്രദ്ധ നേടിയ നെയ്യാറ്റിൻകര ജില്ല അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എ എം ബഷീർ, എട്ട് മാസത്തിനിടെ നാല് കുറ്റവാളിക്കാണ് വധശിക്ഷ വിധിച്ചത്. 2024 മേയിൽ വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരി വധക്കേസിലാണ് എ എം ബഷീർ ഇതിനുമുമ്പ് വധശിക്ഷ വിധിച്ചത്. ഒരു സ്ത്രീയും മകനുമടക്കം മൂന്ന് പേർക്കാണ് അന്ന് തൂക്കുകയർ വിധിച്ചത്. ഗ്രീഷ്മക്ക് കൂടി തൂക്കുകയർ വിധിച്ചതോടെ വധശിക്ഷ കാത്ത് കേരളത്തിലെ ജയിലിൽ കഴിയുന്ന രണ്ട് സ്ത്രീകൾക്കും ശിക്ഷ വിധിച്ചത് ഒരേ ന്യായാധിപനെന്ന പ്രത്യേകതയുമുണ്ട് എ എം ബഷീറിന്.
ന്യായാധിപൻ എന്നതിനപ്പുറം സാഹിത്യകാരനെന്ന നിലയിലും പ്രശസ്തനാണ് എ എം ബഷീർ. കോഴിക്കോട് സര്‍ക്കാര്‍ ലോ കോളജില്‍ വിദ്യാർത്ഥിയായിരിക്കെ, രചിച്ച ഒരു പോരാളി ജനിക്കുന്നു ആണ് അദ്ദേഹത്തിന്‍റെ ആദ്യകഥാസമാഹാരം. ഉറുപ്പ (നോവല്‍), റയട്ട് വിഡോസ് (ഇംഗ്ലീഷ് നോവല്‍), പച്ച മനുഷ്യന്‍ (നോവല്‍), ജംറ (സഞ്ചാര സാഹിത്യം), ജെ കേസ് (ഇംഗ്ലീഷ് കേസ് സ്റ്റഡി) എന്നീ കൃതികളുടെയും രചയിതാവാണ് എ എം ബഷീർ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam