ഷാരോണ്‍ രാജ് കൊലപാതകം: ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗ്രീഷ്മ; കുടിച്ചത് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലെ ലൈസോള്‍

Published : Oct 31, 2022, 09:57 AM ISTUpdated : Oct 31, 2022, 02:19 PM IST
ഷാരോണ്‍ രാജ് കൊലപാതകം: ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗ്രീഷ്മ; കുടിച്ചത് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലെ ലൈസോള്‍

Synopsis

ശുചിമുറിയിൽ പോയി വന്ന ശേഷമായിരുന്നു ദേഹാസ്വാസ്ഥ്യം. 

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ രാജ് കൊലപാതകത്തിലെ പ്രതി ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചതായി സ്ഥിരീകരണം. പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലുണ്ടായിരുന്ന അണുനാശിനിയായ ലൈസോള്‍ കുടിച്ചാണ് ഗ്രീഷ്മ ആത്മഹത്യ ശ്രമം നടത്തിയത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഛർദ്ദിക്കുകയും ചെയ്തതിനെ തുടര്‍ന്ന് മെഡിക്കൽ കൊളേജ് ആശുപതിയിലേക്  കൊണ്ടുപോയി. ശുചിമുറിയിൽ പോയി വന്ന ശേഷമായിരുന്നു ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചത്. ഇന്നലെ രാത്രി ഒന്നേകാലോടെയാണ് ​ഗ്രീഷ്മയെ നെടുമങ്ങാട് ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചത്. മെഡിക്കൽ ഐസിയുവിലേക്ക് മാറ്റി. ഗുരുതര സ്ഥിതി അല്ലെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.ജീവന് അപകടം സംഭവിക്കുന്ന അവസ്ഥയില്ലെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തുമെന്ന് റൂറല്‍ എസ്പി അറിയിച്ചു.

തിരുവനന്തപുരം പാറശ്ശാലയിലെ യുവാവിന്‍റെ മരണത്തിൽ ഇന്നലെയാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചുവെന്നും കഷായത്തിൽ വിഷം കലർത്തുകയായിരുന്നുവെന്നും പെൺകുട്ടി പൊലീസിനോട് സമ്മതിച്ചു. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്. 

ഒരുവർഷത്തെ ​ഗാഢപ്രണയം; താലികെട്ടി സിന്ദൂരം ചാർത്തി ഷാരോണിന്റെ 'ഭാര്യ'യായി ​ഗ്രീഷ്മയുടെ അഭിനയം

ആദ്യം വിവാഹം കഴിക്കുന്നയാൾ പെട്ടെന്ന് മരിക്കുമെന്ന ജാതകദോഷം അടക്കം പറയുന്ന പെൺകുട്ടിയുടെ കൂടുതൽ വാട്സ് ആപ്പ് ചാറ്റുകളും നേരത്തെ പുറത്ത് വന്നിരുന്നു. ഇത് അന്ധവിശ്വാസമാണെന്ന് തെളിയിക്കാനാണ് ഷാരോൺ വെട്ടുകാട് പള്ളിയിൽ വച്ച് കുങ്കുമം ചാര്‍ത്തി വീട്ടിലെത്തി താലികെട്ടിയതെന്നാണ് ഷാരോണിൻ്റെ ബന്ധുക്കൾ പറയുന്നത്. ഛര്‍ദ്ദിച്ച് അവശനായി ആശുപത്രിക്കിടക്കയിൽ നിന്ന് ഷാരോൺ നടത്തിയ വാട്സാപ്പ് ചാറ്റിലുമുണ്ടായിരുന്നു അടിമുടി ദുരൂഹത.

ഷാരോണിന്‍റെ മരണത്തിൽ വഴിത്തിരിവ്; കഷായത്തിൽ വിഷം കലർത്തി, പെൺകുട്ടി കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്

ഈ മാസം 14 ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ സുഹൃത്തിനൊപ്പം തമിഴ്‌നാട്ടിലെ രാമവർമ്മൻ ചിറയിലുള്ള യുവതിയുടെ വീട്ടിൽ പോയ ഷാരോൺ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചിറങ്ങിയത്. അവിടെ നിന്ന് യുവതി നൽകിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതയ്ക്ക് കാരണമെന്നായിരുന്നു ഷാരോണിന്‍റെ ബന്ധുക്കള്‍ ആരോപിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്ചയാണ് യുവാവ് മരിക്കുന്നത്. കരളും വൃക്കയും തകരാറിലായി മരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.  പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. കോപ്പര്‍ സള്‍ഫേറ്റ് (തുരിശ്ശ്) ആണ് ഷരോണിന്‍റെ മരണത്തിന് കാരണമായ വിഷം എന്നാണ് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയത്. 

ഷാരോണ്‍ കൊലപാതകം: ഗ്രീഷ്മ നടത്തിയത് ആസൂത്രിത നീക്കം; പ്രധാന തുമ്പായത് ശാസ്ത്രീയ തെളിവും മൊഴിയിലെ വൈരുദ്ധ്യവും

ഷാരോണും ​ഗ്രീഷ്മയും തമ്മിൽ പ്രണയത്തിലായിട്ട് ഒരുവർഷം മാത്രം. ഒരുമിച്ചുള്ള ബസ് യാത്രയിലാണ് ഇരുവരും പരസ്പരം അടുക്കുന്നത്.  അഴകിയമണ്ഡപം മുസ്ലിം ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർഥിയായ ​ഗ്രീഷ്മയും നെയ്യൂർ ക്രിസ്ത്യൻ കോളേജിലെ വിദ്യാർഥിയായ ഷാരോണും നിത്യവും ഒരേ ബസിലാണ് യാത്ര ചെയ്യുന്നത്. അങ്ങനെ കണ്ടുള്ള പരിചയം അടുപ്പവും പ്രണയവുമായി വളർന്നു. അഴകിയമണ്ഡപം കഴിഞ്ഞാണ് നെയ്യൂർ. അഴകിയമണ്ഡപത്ത് ​ഗ്രീഷ്മക്കൊപ്പം ബസിറങ്ങുന്ന ഷാരോൺ ഏറെ നേരം ​ഗ്രീഷ്മയുമായി ചെലവിട്ട് മറ്റൊരു ബസിലാണ് പിന്നീട് നെയ്യൂരിലേക്ക് പോകാറ്. ഇരുവരും ​ഗാഢമായ പ്രണയത്തിലായിരുന്നെന്ന് സുഹൃത്തുക്കൾ പറയുന്നു. പിന്നീട് ഷാരോണിന്റെ ഇരുചക്രവാഹനത്തിലായി ഇരുവരുടെയും യാത്ര. ചില ദിവസങ്ങളിൽ ഇവർ ബൈക്കിൽ മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാറുണ്ട്. വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചായിരുന്നു യാത്രകൾ.

ഗ്രീഷ്മ കഷായത്തിൽ കലർത്തി ഷരോണിനെ കുടിപ്പിച്ചത് തുരിശ് ; നിർണായകമായത് ആ മൊഴി

യാത്രയുടെ വീഡിയോയും ചിത്രങ്ങളുമെല്ലാം ഷാരോണിന്റെ ഫോണിൽ ഉണ്ടായിരുന്നു. അത്തരമൊരു യാത്രയിലെ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഇതിൽ ​ഗ്രീഷ്മ ഷാരോണിനെ ജ്യൂസ് കുടിക്കാൻ പ്രേരിപ്പിക്കുന്നത് വ്യക്തം. ​ഗ്രീഷ്മയുടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ഇരുവരുടെയും ബന്ധം അറിയുന്നത്. ബിഎ റാങ്ക് ഹോൾഡറായ ​ഗ്രീഷ്മ എംഎ പഠനത്തിൽ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടതോടെയാണ് വീട്ടുകാർ അന്വേഷിച്ചത്. എന്നാൽ, ബന്ധം അവസാനിപ്പിച്ചെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് പ്രണയം തുടർന്നിരുന്നു. 

 

 

PREV
Read more Articles on
click me!

Recommended Stories

'തിലകം തിരുവനന്തപുരം'; ശബരിമല വിശ്വാസികൾ ഈ തെരഞ്ഞെടുപ്പിലും പ്രതികാരം വീട്ടുമെന്ന് സുരേഷ് ഗോപി
നടിയെ ആക്രമിച്ച കേസ്; നിയമ നടപടിക്കൊരുങ്ങി ദിലീപ്, തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടും