
തിരുവനന്തപുരം: തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിന്റെ രണ്ടാമത്തെ ക്യാംപസിന് എംഎസ് ഗോള്‍വാള്‍ക്കറിന്‍റെ പേര് നല്‍കുന്നതിനെതിരെ ശശി തരൂര്‍ എംപി രംഗത്ത്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് തിരുവനന്തപുരം എംപിയായ ശശി തരൂര്‍ കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ രംഗത്ത് എത്തിയത്. വർഗീയത എന്ന രോഗം പ്രോത്സാഹിപ്പിച്ചു എന്നതല്ലാതെ എം എസ് ഗോൾവാൾകർക്ക് ശാസ്ത്രവുമായി എന്താണ് ബന്ധമെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല എന്ന് ശശി തരൂര്‍ പോസ്റ്റില്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് ശ്രീ ഗുരുജി മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കോപ്ലക്‌സ് ഡിസീസ് ഇന്‍ കാന്‍സര്‍ ആന്‍ഡ് വൈറല്‍ ഇന്‍ഫെക്ഷന്‍സ് എന്നാണ് രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിന്റെ പുതിയ ക്യാമ്പസ് ഇനി അറിയപ്പെടുക എന്ന് കേന്ദ്രമന്ത്രി അറിയിച്ചത്.
ആര്‍ജിസിബിയുടെ ആറാമത് അന്താരാഷ്ട്ര ശാസ്ത്രമേളയുടെ ആമുഖ പരിപാടിക്കിടെയാണ് കേന്ദ്രമന്ത്രി ഹര്‍ഷ വര്‍ദ്ധനാണ് ഈ കാര്യം അറിയിച്ചത്. തിരുവനന്തപുരത്തെ ആക്കുളത്താണ് രണ്ടാം ക്യാമ്പസ് തയ്യാറായിരിക്കുന്നത്. പുതിയ ക്യാമ്പസ് വലിയ രീതിയിലുള്ള വൈഞ്ജാനിക മുന്നേറ്റങ്ങള്‍ക്കും കണ്ടെത്തലുകള്‍ക്കും അടിത്തറയാകും. തന്മാത്രാ സൂക്ഷ്മകോശ ചികിത്സാരീതിയ്ക്ക് അത്യാധുനിക സംവിധാനങ്ങളുണ്ടാകും. മൂലകോശം മാറ്റിവെയ്ക്കല്‍, ജീന്‍ തെറാപ്പി തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കുമെന്നും കേന്ദ്രമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ കൂട്ടിച്ചേര്‍ത്തു.
ശശിതരൂരിന്‍റെ പോസ്റ്റ് പൂര്‍ണ്ണരൂപം
തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിന്റെ രണ്ടാമത്തെ കാമ്പസിന് "ശ്രീ ഗുരുജി മാധവ് സദാശിവ ഗോൾവാൾക്കർ നാഷണൽ സെന്റർ ഫോർ കോംപ്ലക്സ് ഡിസീസ് ഇൻ കാൻസർ ആൻഡ് വൈറൽ ഇൻഫെക്ഷൻ" എന്ന് പേരിടാൻ തീരുമാനിച്ചിരിക്കുന്നുവെന്ന് വാർത്ത!! വർഗീയത എന്ന രോഗം പ്രോത്സാഹിപ്പിച്ചു എന്നതല്ലാതെ എം എസ് ഗോൾവാൾകർക്ക് ശാസ്ത്രവുമായി എന്താണ് ബന്ധമെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല!
രാജീവ് ഗാന്ധിക്ക് ശാസ്ത്രവുമായി എന്താണ് ബന്ധമെന്നത് രാജീവ് ഗാന്ധിയുടെ ചരിത്രമറിയുന്നവർക്ക് അറിയാം അദ്ദേഹം ശാസ്ത്ര സംബന്ധിയായ എല്ലാ നവീകരണ പദ്ധതികൾക്കും പ്രവർത്തനങ്ങൾക്കും പ്രചോദനമായിരുന്നു എന്ന്; അതിനായി ഫണ്ടും അദ്ദേഹം നീക്കിവെച്ചിരുന്നു. ഇത്തരം കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ച ബി ജെ പി യുടെ മറ്റു നേതാക്കൾ ആരുമില്ലായിരുന്നോ? ഗോൾവാൾക്കർ എന്ന ഹിറ്റ്ലർ ആരാധകൻ ഓർമ്മിക്കപ്പെടേണ്ടത് 1966ൽ വി എച്ച് പി യുടെ ഒരു പരിപാടിയിൽ അദ്ദേഹം നടത്തിയ "മതത്തിന് ശാസ്ത്രത്തിന് മേൽ മേധാവിത്വം വേണമെന്ന" പരാമർശത്തിന്റെ പേരിലല്ലേ?
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam