
ദില്ലി: പാർലമന്റിൽ ചുവട് തെറ്റി വീണ് കാലിന് പരിക്കേറ്റ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെച്ച് ശശി തരൂർ എംപി. പാർലമെന്റിൽ വെച്ച് ചുവടു തെറ്റി വീഴുകയായിരുന്നു എന്നും ആദ്യം അവഗണിച്ചെങ്കിലും വേദന വർധിച്ചപ്പോൾ ആശുപത്രിയിൽ പോയി ചികിത്സ തേടിയെന്നും തരൂർ കുറിപ്പിൽ പറയുന്നു. കുറിപ്പിനൊപ്പം പരിക്ക് പറ്റിയ കാലിന്റെ ചിത്രം സഹിതമാണ് പോസ്റ്റ്. ഇന്ന് പാര്‍ലമെന്റില്‍ പോകുന്നില്ലെന്നും മണ്ഡലത്തിലെ വാരാന്ത്യ പരിപാടികളും റദ്ദാക്കിയെന്നും അദ്ദേഹം അറിയിച്ചു.
അതേ സമയം, ശശി തരൂരുമായി പ്രശ്നങ്ങളൊന്നുമില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വ്യക്തമാക്കി. ദില്ലിയില്‍ വെച്ച് എല്ലാം പറഞ്ഞ് അവസാനിപ്പിച്ചു. തരൂര്‍ പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാണ്. പാര്‍ട്ടി ചട്ടക്കൂട് അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും ഇത് തരൂരിനും ബാധകമാണെന്നും സുധാകരന്‍ പറഞ്ഞു. കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തെപ്പറ്റി വിശദീകരിക്കാൻ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് വിശദീകരണം.
ശശി തരൂരിനെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യൻ രംഗത്ത് എത്തിയിരുന്നു. ശശി തരൂർ പരിപാടികള്‍ ഡിസിസിയെ അറിയിക്കാത്തത് അച്ചടക്ക ലംഘനമല്ല. അത് നേതാക്കളുടെ സ്വാതന്ത്യമാണ്. കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണ്. തരൂർ അടക്കമുള്ള നേതാക്കൾ നേതൃനിരയിലേക്ക് വരണം. കേരളത്തിൽ ഒതുങ്ങേണ്ട നേതാവല്ല തരൂരെന്നും പിജെ കുര്യന്‍ പറഞ്ഞു.
കോൺഗ്രസിൽ നല്ല സ്വീകാര്യത ഉള്ള വ്യക്തിയാണ് തരൂര്‍. അദ്ദേഹത്തോട് ബഹുമാനവും ആദരവും ഉണ്ട്. ശശി തരൂരിന്‍റെ പരിപാടിയിൽ നിന്ന് വിട്ട് നിൽക്കുന്നുവെന്ന് പറയുന്നത് മാധ്യമ സൃഷ്ടിയാണ്. വ്യക്തിപരമായ അസൗകര്യം മൂലമാണ് തരൂരിന്‍റെ പരിപാടിയില്‍ പങ്കെടുക്കാതിരുന്നത്. ഒരു നേതാവിന്‍റെ പരിപാടിക്ക് എല്ലാവര്‍ക്കും പങ്കെടുക്കാന്‍ കഴിഞ്ഞെന്ന് വരില്ല. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്. ആർക്കും പങ്കെടുക്കാം, അതുപോലെ പങ്കെടുക്കാതിരിക്കാമെന്നും പിജെ കുര്യന്‍ പറഞ്ഞു