സ്വകാര്യ ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് 40 ലക്ഷം കവർന്ന ഷിബിൻ ലാൽ പിടിയിൽ, പണം കണ്ടെത്താനായിട്ടില്ല

Published : Jun 13, 2025, 09:12 AM IST
robbery

Synopsis

ഷിബിൻ ലാൽ കോഴിക്കോട് യൂണിവേഴ്സിറ്റിയുടെ അടുത്തു നിന്നാണ് പിടിയിലായത്.

കോഴിക്കോട്: പന്തീരാങ്കാവില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് നാല്‍പ്പത് ലക്ഷം രൂപയുമായി കടന്നുകളഞ്ഞ കേസില്‍ പ്രതി പിടിയിൽ. പ്രതി ഷിബിൻ ലാൽ കോഴിക്കോട് യൂണിവേഴ്സിറ്റിയുടെ അടുത്തു നിന്നാണ് പിടിയിലായത്. പണം കണ്ടെത്താനായില്ല. പണം നഷ്ടമായ ഇസാഫ് ബാങ്ക് ശാഖയിലെ എട്ട് ജീവനക്കാരെ പൊലീസ് ഇന്നലെ ചോദ്യംചെയ്തിരുന്നു. പണവുമായി പ്രതി ഷിബിന്‍ലാല്‍ പണവുമായി കടന്നു കളയാന്‍ ഉപയോഗിച്ച സ്കൂട്ടറും കണ്ടെത്തിയിരുന്നു. 

പന്തീരാങ്കാവിലെ അക്ഷയ എന്ന ധനകാര്യ സ്ഥാപനത്തില്‍ പണയം വെച്ച സ്വര്‍ണ്ണം ടേക്ക് ഓവര്‍ ചെയ്യാന്‍ നാല്‍പത് ലക്ഷം രൂപയുമായി എത്തിയ രാമാനാട്ടുകര ഇസാഫ് ബാങ്ക് ശാഖയിലെ ജീവനക്കാരനില്‍ നിന്നും പണം തട്ടിപ്പറിച്ച്  ഷിബിൻ സ്കൂട്ടറില്‍ കടന്നുകളയുകയായിരുന്നു. 

പ്രതിയായ ഷിബിൻ ലാൽ നാല് ദിവസം മുമ്പാണ് സ്വർണ്ണപ്പണയം മാറ്റിവയ്ക്കുന്നതിനായി ബാങ്കിലെത്തിയത്. ഷിബിൻ ലാലിന്റെ വീട്ടിലെത്തി ഇസാഫ് പ്രതിനിധി വെരിഫിക്കേഷൻ നടത്തിയ ശേഷം ഭാര്യയുടെയും ഷിബിൻലാലിന്റെയും പേരിൽ ബാങ്കിൽ അക്കൗണ്ട് തുടങ്ങി. ഒളവണ്ണ സർവീസ് സഹകരണ ബാങ്കിൽ 40 ലക്ഷത്തിന് സ്വർണ്ണ വായ്പ ഉണ്ടെന്നും ഇസാഫിൽ പലിശ കുറവായതിനാൽ ഇങ്ങോട്ട് മാറ്റണമെന്നുമായിരുന്നു പറഞ്ഞിരുന്നത്. 

തുടർന്നാണ് പണവുമായി ഇസാഫ് ജീവനക്കാർ സഹകരണ ബാങ്കിലേക്ക് പോയത്. ജീവനക്കാർ കാറിലും ഷിബിൻലാൽ ബൈക്കിലുമാണ് ബാങ്കിലെത്തിയത്. പണവുമായി ഒരു ജീവനക്കാരൻ പുറത്തിറങ്ങിയ സമയത്ത് ഷിബിൻ ലാൽ എത്തി തട്ടിപ്പറിച്ച് ബൈക്കിൽ കടന്നുകളയുകയായിരുന്നു. കാറിൽ പിന്നാലെ പോയെങ്കിലും ഇട റോഡിൽ കടന്നതിനാൽ പിന്തുടരാനായില്ല. 

അക്ഷയ ഫൈനാന്‍സിയേഴ്സ്എന്ന ധനകാര്യ സ്ഥാപനത്തില്‍ സ്വര്‍ണ്ണം പണയം വെച്ചിട്ടുണ്ടെന്ന വ്യാജരേഖയുണ്ടാക്കിയ പ്രതി ഷിബിന്‍ലാല്‍ ഈ സ്വര്‍ണ്ണം മാറ്റി പണയം വെക്കാന്‍ ഇസാഫ് ബാങ്കിനെ സമീപിച്ചു എന്നായിരുന്നു ആദ്യ ദിവസം പുറത്ത് വന്ന വിവരം. അക്ഷയ ധനകാര്യ സ്ഥാപനത്തിന്റെ പുറത്തുവെച്ചാണ് ഷിബിന്‍ലാല്‍ ഇസാഫ് ബാങ്ക് ജീവനക്കാരനായ അരവിന്ദന്റെ പക്കല്‍ നിന്നും പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് കടന്നു കളഞ്ഞത്. എന്നാല്‍ പിന്നീട് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത് അക്ഷയ എന്ന സ്ഥാപനത്തിന് സമീപത്തു തന്നെയുള്ള ഒളവണ്ണ സഹകരണ ബാങ്കില്‍ ഇടപാടുണെന്നാണ് ഷിബിന്‍ലാല്‍ വിശ്വസിപ്പിച്ചെതെന്നും ഇവിടേക്ക് കൊണ്ടുപോയ പണം അക്ഷയ ഫൈനാന്‍സിയേഴ്സിന് സമീപത്തുവെച്ച് തട്ടിയെടുത്തുവെന്നുമായിരുന്നു. ജീവനക്കാരനില്‍ നിന്നും പണം തട്ടിയെടുത്തപ്പോള്‍ സമീപത്തു തന്നെ മറ്റ് ഏഴു ജീവനക്കാരും ഉണ്ടായിരുന്നു. തട്ടിപ്പറിച്ച ബാഗുമായി പ്രതിക്ക് ഇത്രയും തിരക്കേറിയ സ്ഥലത്തു എങ്ങനെ സ്കൂട്ടറില്‍ കടന്നുകളയാന്‍ കഴിഞ്ഞു എന്നതും ആശ്ചര്യമുണ്ടാക്കുന്നതാണ്.  പിടിയിലായ പ്രതിയിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. 

 

PREV
Read more Articles on
click me!

Recommended Stories

ശബരിമലയിൽ ഭക്തജനത്തിരക്ക്, ഇന്നലെ ദർശനം നടത്തിയത് ഒരു ലക്ഷത്തോളം പേർ, സന്നിധാനത്ത് അതീവ സുരക്ഷ
തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ബിജെപി നേതാവ് ആനന്ദിൻ്റെ അമ്മ അന്തരിച്ചു; അന്ത്യം കടുത്ത പനിയെ തുടർന്ന്