
തിരുവനന്തപുരം: കെ വി തോമസിനെ പഴയ സംഭവങ്ങൾ ഓർമിപ്പിച്ച് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. ഫ്രഞ്ച് ചാരക്കേസ് വിവാദ സമയത്ത് സിപിഎം കെ വി തോമസിനെ വേട്ടയാടിയിരുന്നെന്നും മകന്റെ വിവാഹ സമയത്ത് അറസ്റ്റ് ചെയ്യാൻ നീക്കം നടന്നതായും ഷിബു ബേബി ജോൺ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. അന്ന് ഇടതുമുന്നണി സർക്കാറിൽ ഷിബു ബേബി ജോണിന്റെ പിതാവ് ബേബി ജോൺ മന്ത്രിയായിരുന്നു. മാഷിന്റെ മകന്റെ വിവാഹത്തിന് രണ്ട് ദിവസവും പൂര്‍ണ സമയം പിതാവ് ബേബി ജോൺ ചടങ്ങുകളില്‍ പങ്കെടുത്തു. സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സിപിഎമ്മിന്റെ നിര്‍ദ്ദേശപ്രകാരം വിവാഹം നടക്കുന്ന ദിവസങ്ങളില്‍ തന്നെ മാഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കമുണ്ടെന്ന് അഭ്യൂഹമുണ്ടായി.
അത് തിരിച്ചറിഞ്ഞ് പതിവില്ലാതെ ഒരു വിവാഹത്തിന് രണ്ട് ദിവസവും പങ്കാളിയായ ബേബി ജോണിന്റെ സാന്നിധ്യം തനിക്ക് വലിയ ആശ്വാസമാണ് നല്‍കിയതെന്ന് തോമസ് മാഷ് തന്നോട് പറഞ്ഞെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. ഈ സംഭവങ്ങളൊക്കെ മാഷ് ചിലപ്പോള്‍ മറന്നുപോയിട്ടുണ്ടാകാം. ഇപ്പോള്‍ ഇത് ഓര്‍മിപ്പിക്കേണ്ടത് എന്റെ കടമയാണെന്ന് തോന്നിയെന്നും ഷിബു കുറിപ്പിൽ വ്യക്തമാക്കി. കോൺഗ്രസ് പാർട്ടിയുടെ വിലക്ക് മറി കടന്ന് കോൺഗ്രസ് നേതാവ് കെ വി തോമസ് സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുക്കുന്നത് വൻ വിവാദമായ പശ്ചാത്തലത്തിലാണ് ഷിബു ബേബി ജോണിന്റെ പോസ്റ്റ്.
ഷിബു ബേബി ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഇന്ന് കെ.വി തോമസ് മാഷ് കണ്ണൂരിലെ സി.പി.എം സെമിനാറില്‍ പങ്കെടുക്കുകയാണല്ലോ. ഞാനുമായി അന്നും ഇന്നും നല്ല ബന്ധം സൂക്ഷിക്കുന്നയാളാണ് അദ്ദേഹം. ഞാന്‍ ആദ്യമായി 2001 ല്‍ MLAയായി ജയിച്ചു വന്നപ്പോള്‍ മുതല്‍ എന്നോട് അങ്ങേയറ്റം വാല്‍സല്യവും സ്‌നേഹവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. എന്റെ പിതാവിനോടുള്ള സ്‌നേഹമാണ് എന്നോടുള്ളതെന്ന് അദ്ദേഹം പലവട്ടം എന്നെ ഓര്‍മിപ്പിച്ചിട്ടുണ്ട്. അതിന്റെ കഥ അദ്ദേഹം പറഞ്ഞതിങ്ങനെ; ഫ്രഞ്ച് ചാരക്കേസ് എന്ന കെട്ടിച്ചമച്ച കേസിന്റെ പേരില്‍ സി.പി.എം മാഷിനെ വേട്ടയാടിയ കാലം. അന്ന് ഇടതുമുന്നണിയാണ് ഭരിക്കുന്നത്. എന്റെ പിതാവ് ആ സര്‍ക്കാരില്‍ മന്ത്രിയാണ്. അക്കാലത്ത് നടന്ന മാഷിന്റെ മകന്റെ വിവാഹത്തിന് രണ്ട് ദിവസവും പൂര്‍ണ സമയം എന്റെ പിതാവ് ചടങ്ങുകളില്‍ പങ്കാളിയായിരുന്നു. സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സി.പി.എമ്മിന്റെ നിര്‍ദ്ദേശപ്രകാരം വിവാഹം നടക്കുന്ന ദിവസങ്ങളില്‍ തന്നെ മാഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കമുണ്ടെന്നു ശ്രുതി ഉണ്ടായിരുന്നു. അത് തിരിച്ചറിഞ്ഞ് പതിവില്ലാതെ ഒരു വിവാഹത്തിന് രണ്ട് ദിവസവും പങ്കാളിയായ സ. ബേബി ജോണിന്റെ സാന്നിദ്ധ്യം തനിക്ക് വലിയ ആശ്വാസമാണ് നല്‍കിയതെന്ന് എന്നോട് പറഞ്ഞത് തോമസ് മാഷ് തന്നെയാണ്.
ഈ സംഭവങ്ങളൊക്കെ മാഷ് ചിലപ്പോള്‍ മറന്നുപോയിട്ടുണ്ടാകാം, കാലം കുറേയായില്ലേ. എന്നാല്‍ ഇപ്പോള്‍ ഇത് ഓര്‍മിപ്പിക്കേണ്ടത് എന്റെ കടമയാണെന്ന് തോന്നി. അതിന് വേണ്ടിയാണ് ഇത്രയും കുറിച്ചത്. അനുബന്ധം: ഈ പോസ്റ്റിന് ക്യാപ്‌സ്യൂളായി സരസന്‍ സംഭവം പൊക്കിക്കൊണ്ട് ചിലര്‍ വരുമെന്ന് എനിക്കറിയാം. എന്നാല്‍ വാട്‌സാപ്പ് - ഫെയ്‌സ് ബുക്ക് ഗ്രൂപ്പുകളില്‍ കിട്ടുന്ന ക്യാപ്‌സ്യൂളുകള്‍ക്കപ്പുറം ചരിത്രം അറിയാത്തവര്‍ക്കായി ഒരു വാക്ക്: സരസന്‍ സംഭവത്തിന്റെ പേരില്‍ സ.ബേബി ജോണിനെയും ആര്‍.എസ്.പി പ്രവര്‍ത്തകരെയും വേട്ടയാടിയത് അന്നത്തെ പ്രതിപക്ഷം മാത്രമായിരുന്നില്ല.
കോണ്‍ഗ്രസിനൊപ്പം സി.പി.എമ്മും സി.പി.ഐയും കൂടി ചേര്‍ന്നാണ് ബേബി ജോണിനെതിരെ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചതും ബേബി ജോണിനെ 'കൊലയാളി' എന്ന് വിളിച്ചതും. കോണ്‍ഗ്രസ് എന്റെ ' പിതാവിനെ നേരെ എതിരെ നിന്ന് എതിര്‍ത്തപ്പോള്‍ കൂടെ നിന്ന് പിന്നില്‍ നിന്നും കുത്തിയത് സി.പി.എമ്മും സി.പി.ഐയുമായിരുന്നു. അന്നത്തെ ഇടതുമുന്നണി സര്‍ക്കാരില്‍ ടി.കെ രാമകൃഷ്ണന്‍ മന്ത്രിയായിരുന്ന അഭ്യന്തര വകുപ്പിന് കീഴിലെ പോലീസായിരുന്നു ഇടതുമുന്നണിയിലെ ഘടകകക്ഷിയായിരുന്ന ആര്‍.എസ്.പിയുടെ പ്രവര്‍ത്തകരെയെല്ലാം കൊലയാളികളായി മുദ്രകുത്തി മൂന്നാം മുറകള്‍ക്ക് ഇരയാക്കിയതെന്നുമുള്ള ചരിത്രം നിങ്ങളെ ഓര്‍മിപ്പിക്കട്ടെ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam