
കോഴിക്കോട് : ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ഓഫീസിൽ പൊലീസ് സംഘം നടത്തുന്ന പരിശോധനക്കെതിരെ ഷിബു ബേബി ജോൺ. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് ചാനൽ ഓഫീൽ പൊലീസ് പരിശോധനയടക്കം നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മുമ്പ് ബിബിസി ഓഫീസിൽ പരിശോധന നടത്തിയപ്പോൾ വലിയ രീതിയിൽ വിമർശിച്ചവരാണ് സിപിഎമ്മുകാർ. ഇപ്പോൾ അതേ പ്രവർത്തിയാണ് കേരളം ഭരിക്കുന്ന സിപിഎം ചെയ്യുന്നത്. നരേന്ദ്രമോദിയാണ് ഞങ്ങളുടെ വഴികാട്ടിയെന്ന് പറയുന്നതാണ് ഇനി സിപിഎമ്മിന് നല്ലതെന്നും ഷിബു ബേബി ജോൺ തുറന്നടിച്ചു. ലഹരി മാഫിയ കേരളത്തിൽ പിടിമുറുക്കുന്നതിനെതിരായ ഒരു വാർത്തയാണ് നൽകിയത്. ഈ വാർത്തയിൽ എന്താണ് സിപിഎമ്മിനെ അലട്ടുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഷിബു ബേബി ജോണിന്റെ വാക്കുകൾ
വ്യക്തമായ തിരക്കഥയുടെ അടിസ്ഥാനത്തിലുള്ള പൊലീസ് നീക്കമാണ് നടക്കുന്നത്. ബിബിസി റെയ്ഡ് നടന്നപ്പോൾ ശക്തമായി എതിർത്തത് സിപിഎമ്മാണ്. ഇതേ സിപിഎം ഭരിക്കുന്ന കേരളത്തിലാണ് ഇപ്പോൾ സമാനമായ രീതിയിൽ ഏഷ്യാനെറ്റ് ന്യൂസിന്റെ ഓഫീസിൽ പരിശോധന നടക്കുന്നത്. നരേന്ദ്രമോദി ഞങ്ങളുടെ വഴികാട്ടിയെന്ന് പറയുന്നതാണ് സിപിഎമ്മിന് ഇനി നല്ലത്. ലഹരിക്കെതിരായ ഈ വാർത്തയിൽ എന്താണ് സിപിഎമ്മിനെ അലട്ടുന്നതെന്നാണ് എനിക്ക് മനസിലാകാത്തത്.
ലഹരിയുപയോഗം കേരളത്തിൽ വർധിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് കേരളത്തോട് പറഞ്ഞത്. ലഹരിയുപയോഗത്തെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഒരു വാർത്ത നൽകി. ആ പരമ്പരയെ മുഖ്യമന്ത്രിയടക്കം അഭിനന്ദിച്ചതുമാണ്.എന്തുമാകാമെന്ന ഫാസിസമാണ് കേരളത്തിൽ നടക്കുന്നത്. ലഹരിയുമായി ബന്ധപ്പെട്ട പോക്സോ കേസാണ്. ആ കുഞ്ഞിനെ കാണിക്കാൻ സാധിക്കില്ല. ആ കുട്ടിയുടെ അച്ഛൻ വരെ കാര്യം വിശദീകരിച്ചു. എന്തിനാണ് ഇങ്ങനെ സിപിഎം അസ്വസ്ഥപ്പെടുന്നത്. സിപിഎം പ്രവർത്തകരാണ് പലയിടത്തും ലഹരികേസിൽ അറസ്റ്റിലായതെന്നതാണ് യാഥാർത്ഥ്യമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam