
കോഴിക്കോട്: ജില്ലയിൽ വീണ്ടും ഷിഗല്ലെ വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. കോഴിക്കോട് നഗരത്തിലെ പുതിയാപ്പയിൽ ആണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ രോഗവ്യാപനമുണ്ടായിട്ടില്ലെന്നും ഒരാളിൽ മാത്രമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളതെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്നലെയാണ് പുതിയാപ്പ സ്വദേശിയിൽ രോഗം സ്ഥിരീകരിച്ചത്.
പുതിയാപ്പ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് കീഴില എരഞ്ഞിക്കലിലാണ് രോഗം സ്ഥിരീകരിച്ചത്. ഏഴു വയസുള്ള പെൺകുട്ടിക്കാണ് രോഗം കണ്ടെത്തിയത്. ഈ കുട്ടിക്ക് നിലവിൽ കാര്യമായ ആരോഗ്യ പ്രശ്നം ഇല്ലെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. ഈ മാസം 16-ന് ചികിത്സ കഴിഞ്ഞ കുട്ടി വീട്ടിൽ വിശ്രമത്തിലാണ്. മറ്റൊരു കുട്ടിക്ക് കൂടി രോഗ ലക്ഷണം ഉണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. പ്രദേശത്ത് 500-ഓളം പേർ പങ്കെടുത്ത വിരുന്നിൽ പങ്കെടുത്തവരാണ് രോഗം സ്ഥിരീകരിച്ച കുട്ടിയും രോഗം സംശിയക്കുന്ന കുട്ടിയും. രോഗബാധ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ എരഞ്ഞിക്കൽ മേഖലയിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
2020 ഡിസംബറിൽ കോഴിക്കോട് കോട്ടാംപറമ്പില്‍ 11 വയസുകാരന്‍ ഷിഗല്ലെ രോഗം ബാധിച്ച് മരിച്ചിരുന്നു. മരണാനന്തരം രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിൽ ഈ കുട്ടിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുത്ത ആറ് പേര്‍ക്ക് കൂടി പിന്നീട് രോഗം സ്ഥിരീകരിച്ചു. ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് നാരങ്ങാ വെള്ളം വിതരണം ചെയ്തിരുന്നു. ഇതിലൂടെയാണ് രോഗ വ്യാപനമുണ്ടായത് എന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിലുള്ളത്. അതേ സമയം ഷിഗെല്ല ബാക്ടീരിയ എങ്ങനെ ഇവിടെ എത്തി എന്നത് ഇതുവരെ കണ്ടെത്താനായിട്ടില്ല.
മലിന ജലത്തിലൂടെ ബാക്ടാരിയ ശരീരത്തിനുള്ളിലേക്ക് കടക്കുന്നതുമാണ് ഷിഗെല്ലയ്ക്ക് കാരണം. കഠിനമായ പനി കൂടി വരുന്നത്കൊണ്ട് രോഗം മൂര്‍ച്ഛിക്കുകയും ചെയ്യുന്നു. വയറിളക്കത്തിന് പുറമെ വയറുവേദനയും ചര്‍ദിയുമുണ്ടാവുകയും ചെയ്യുന്നതാണ് ഇതിന്‍റെ പ്രധാന ലക്ഷണം. ചൂടാക്കിയ വെള്ളം മാത്രം കുടിക്കുക എന്നതാണ് രോഗത്തെ തടയാനുള്ള പ്രധാന മുൻകരുതൽ. വീടും പരിസരവും വ്യത്തിയായി സൂക്ഷിക്കുക. കൈകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ഭക്ഷണം എപ്പോഴും അടച്ച് വയ്ക്കാനും ശ്രദ്ധിക്കുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam