കണ്ണൂരിൽ വൻ തീപിടുത്തം; ആറ് വ്യാപാര സ്ഥാപനങ്ങൾ കത്തി നശിച്ചു

By Web TeamFirst Published Apr 25, 2020, 10:24 PM IST
Highlights

വൈകിട്ട് ആറ് മണിക്കാണ് മാർക്കറ്റിലെ ചെരുപ്പ് കടയുടെ ഉള്ളിൽ നിന്നും തീയാളുന്നത് പ്രദേശത്തുണ്ടായിരുന്നവർ കണ്ടത്. അഞ്ച് മിനിറ്റിനകം മൂന്ന് ഫയർ എഞ്ചിനുകളെത്തിയെങ്കിലും അപ്പോഴേക്കും ആറ് കടകളിലേക്ക് തീ പടർന്നിരുന്നു. 

കണ്ണൂർ: കണ്ണൂർ മാർക്കറ്റിൽ വൻ തീപിടുത്തം. മൊബൈൽ, ചെരുപ്പ് കടകളടക്കം ആറ് വ്യാപാര സ്ഥാപനങ്ങൾ കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ട്. എങ്ങനെയാണ് തീ പടർന്നതെന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

വൈകിട്ട് ആറ് മണിക്കാണ് മാർക്കറ്റിലെ ചെരുപ്പ് കടയുടെ ഉള്ളിൽ നിന്നും തീയാളുന്നത് പ്രദേശത്തുണ്ടായിരുന്നവർ കണ്ടത്. അഞ്ച് മിനിറ്റിനകം മൂന്ന് ഫയർ എഞ്ചിനുകളെത്തിയെങ്കിലും അപ്പോഴേക്കും ആറ് കടകളിലേക്ക് തീ പടർന്നിരുന്നു. നിരനിരയായുള്ള പഴയ ഒറ്റനിലക്കെട്ടിടങ്ങളാണ് മാർക്കറ്റിലുള്ളത്. മരങ്ങൾ കൊണ്ടുള്ള നിർമ്മിതിയിൽ ഓടിട്ട മേൽക്കൂര ആയതിനാൽ തീ ആളിപ്പടർന്നു. ഫയർഫോഴ്സ് എത്താൻ അൽപം വൈകിയിരുന്നെങ്കിൽ ഈ ഭാഗത്തുള്ള മുഴുവൻ കടകളും കത്തി നശിക്കുമായിരുന്നു.

ഇവിടെയുള്ള പഴം വിൽപന കട മാത്രമാണ് വൈകിട്ട് നാലുമണി വരെ ഇന്ന് തുറന്ന് പ്രവർത്തിച്ചിരുന്നോള്ളൂ. ലോക്ക് ഡൗൺ ആയതിനാൽ ബാക്കി കടകൾ ആഴ്ചകളായി അടഞ്ഞു കിടപ്പാണ്. കയർ ഉൽപന്നങ്ങൾ വിൽക്കുന്ന കടയും മൊബൈൽ കടയും ചെരുപ്പ് കടയുമെല്ലാം കത്തി നശിച്ചു. അപകടത്തിൽ ലക്ഷങ്ങളുടെ നഷ്ടമാണ് വ്യാപാരികൾക്ക് ഉണ്ടായത് എന്നാണ് നി​ഗമനം. ഷോർട്ട് സർക്യൂട്ടാണോ തീപിടിത്തത്തിന് കാരണം എന്ന് വ്യക്തമല്ല. പഴം പഴുപ്പിക്കാനായി കടയിൽ പുകയിട്ടിട്ടുണ്ടായിരുന്നോ എന്നും പൊലീസിന് സംശയമുണ്ട്. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി.

click me!