
കൊച്ചി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാൽ തുറന്നുപറച്ചിൽ നടത്തുമെന്ന കെ മുരളീധരന്റെ പ്രസ്താവനയെപ്പറ്റി അദ്ദേഹത്തോട് ചോദിക്കണമെന്നും കോൺഗ്രസിൽ പ്രശ്നങ്ങളില്ലെന്നും കെ സുധാകരൻ. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ റെക്കോർഡ് വിജയം നേടുമെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നെന്നും കെ സുധാകരൻ പറഞ്ഞു. അതേസമയം പുരാവസ്തു ഇടപാടിലെ കള്ളപ്പണ കേസിൽ കെ സുധാകരൻ ഇ ഡിക്ക് മുമ്പിൽ ഹാജരായി.
താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അഴിമതി നടത്തണമെങ്കിൽ തനിക്ക് പണ്ടേ നടത്താമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. വനം മന്ത്രിയായിരുന്നപ്പോൾ എത്രയോ ഓഫറുകൾ വന്നതാണ്. അതിനൊന്നും താൻ വഴങ്ങിട്ടില്ല. തന്നെ ചോദ്യം ചെയ്യുന്നത് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും കെ സുധാകരൻ പറഞ്ഞു. തന്റെ കുടുംബത്തിലെ ആർക്കും ഇ ഡി ഇതുവരെ നോട്ടീസ് നൽകിയിട്ടില്ലെന്നും ഇനി കിട്ടിയാലും കുഴപ്പമില്ലെന്നും കെ സുധാകരൻ പറഞ്ഞു.
നേരത്തെ ലോക്സഭ തെരഞ്ഞെടുപ്പിന് താൻ ഇല്ലെന്ന സുചന നൽകി കെ മുരളീധരൻ രംഗത്തെത്തിയിരുന്നു. കെ. കരുണാകരന്‍റെ സ്മാരകം നിർമിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അതുവരെ പൊതുപ്രവർത്തനത്തിൽ നിന്ന് മാറി നിൽക്കാൻ ആഗ്രഹിക്കുന്നെന്നും പുതുപ്പള്ളി തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ചിലത് പറയാനുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. കോൺഗ്രസിന്റെ പ്രവർത്തക സമിതി പുനസംഘടനയിൽ രമേശ് ചെന്നിത്തല അവഗണിക്കപ്പെട്ടോ എന്ന ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിപിഎം-ന് എതിരെയും കടുത്ത വിമർശനം കെ മുരളീധരൻ ഉയർത്തി. ഉമ്മൻ ചാണ്ടിയെ കുറിച്ച് നല്ലത് പറഞ്ഞാല്‍ ജോലി പോകുന്ന അവസ്ഥയാണെന്നും പാവങ്ങളെ ഇപ്പോള്‍ സിപിഎമ്മിന് വേണ്ടെന്നും ഇതിന് തെരഞ്ഞെടുപ്പിൽ ജനങ്ങൾ മറുപടി നൽകുമെന്നും കെ മുരളീധരൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam