
തിരുവനന്തപുരം: വിദ്യാദി രാജ സഭയിൽ നിന്ന് കിഴക്കേക്കോട്ടയിലെ 65 സെന്റ് സ്ഥലം തിരിച്ചെടുക്കാൻ റവന്യൂ പ്രിൻസിപ്പൾ സെക്രട്ടറിയുടെ ഉത്തരവ്. സ്ഥലത്തുള്ള ക്ഷേത്രം മാത്രം വിദ്യാധിരാജ സഭക്ക് വിട്ട് നൽകും. തീര്‍ത്ഥപാദ മണ്ഡപത്തിൽ പുതിയ സാംസ്ക്കാരിക സമുച്ചയത്തിന്റെ ശിലാസ്ഥാപനം മാര്‍ച്ച് 10 ന് മുഖ്യമന്ത്രി നിർവഹിക്കാനിരിക്കെയാണ് റവന്യൂ വകുപ്പിന്റെ നടപടി. ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
തീർത്ഥപാദ മണ്ഡപത്തിലെ 65 സെന്റ് സ്ഥലത്തിന് പട്ടയം ലഭിക്കുന്നതിന് മുൻപാണ് ഇവിടെ സാംസ്കാരിക സമുച്ചയം പണിയാൻ തീരുമാനിച്ചത്. നിർമ്മാണത്തിന് അനുമതി നൽകിയിട്ടില്ലെന്ന് റവന്യൂ സെക്രട്ടറി വ്യക്തമാക്കുമ്പോൾ ഹൈക്കോടതി വിധി അനുകൂലമെന്നാണ് വിദ്യാധിധാജ സഭയുടെ വിശദീകരണം.
തർക്കസ്ഥലമാണെന്ന് സർക്കാർ വ്യക്തമാക്കുന്ന ഭൂമിയിലാണ് ചട്ടമ്പിസ്വാമിയുടെ സ്മാരകം നിർമ്മിക്കുമെന്നുള്ള പ്രഖ്യാപനം വന്നത്. റവന്യവകുപ്പ് വിദ്യാധിരാജ സഭയുടെ വിശദീകരണം കേൾക്കുന്നതിനിടെയാണ് ഇവിടെ മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ശിലാസ്ഥാപനചടങ്ങിന്റെ പ്രഖ്യാപനം.
തീർത്ഥപാദ മണ്ഡപം ഏറ്റെടുത്ത് കൊണ്ടുള്ള സർക്കാർ ഉത്തരവ് 2019ൽ ഹൈക്കോടതി റദ്ദാക്കിയിരുന്നു. അനന്തര നടപടി സ്വീകരിക്കാൻ സർക്കാരിനോട് നിർദ്ദേശിക്കുകയായിരുന്നു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സ്മാരകം പണിയുന്നതെന്നാണ് വിദ്യാധിരാജ സഭ വ്യക്താക്കുന്നത്. എന്നാൽ വിദ്യാധിരാജ സഭക്ക് കെട്ടിടം പണിയാൻ സർക്കാർ അനുമതി നൽകിയിട്ടില്ലെന്ന് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോ വി വേണു വ്യക്തമാക്കി.
ഒരു തവണ ഹിയറിംഗ് നടന്നു. ഒരിക്കൽക്കൂടി അവരെ കേൾക്കുമെന്നും ഡോ വേണു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. ചട്ടമ്പിസ്വാമിക്ക് സ്മാരകം നിർമ്മിക്കാൻ 1976ലാണ് വിദ്യാധിരാജ സഭക്ക് സ്ഥലം നൽകുന്നത്. തുടർന്ന് രണ്ട് പ്രാവശ്യം സർക്കാർ ഏറ്റെടുത്തെങ്കിലും കോടതിയിൽ നിന്ന് സഭക്ക് അനുകൂലമായി വിധി വന്നു. എന്നാൽ സ്ഥലം വിദ്യാധിരാജ സഭക്ക് സർക്കാർ വിട്ടുകൊടുത്തിട്ടില്ല. പട്ടയം കിട്ടാത്ത സ്ഥലത്ത് ഏങ്ങനെ കെട്ടിടം നിർമ്മിക്കുമെന്നാണ് ചോദ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam