
കൊച്ചി: നെടുങ്കണ്ടം കസ്റ്റഡിമരണക്കേസിലെ ഒന്നാം പ്രതിയായ എസ്ഐ കെ എസ് സാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 40 ദിവസത്തിന് ശേഷമാണ് ഹൈക്കോടതി സാബുവിന് ജാമ്യം അനുവദിക്കുന്നത്. രണ്ട് ആൾ ജാമ്യത്തിന് പുറമേ 40,000 രൂപ ജാമ്യത്തുകയായി അടയ്ക്കുകയും വേണം. .
പ്രോസിക്യൂഷന് കേസിൽ പിഴവുകൾ സംഭവിച്ചുവെന്ന് ജാമ്യ ഉത്തരവിൽ ഹൈക്കോടതി പറഞ്ഞു. മൂന്ന് മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ സാബു ഹാജരാകണമെന്നും കോടതി അറിയിച്ചു. എസ്‍പി അടക്കമുളളവർ അറിഞ്ഞാണ്, രാജ്‍കുമാറിനെ കസ്റ്റഡിയിലെടുത്തതെന്നും ജയിലിലെത്തിക്കുന്നത് വരെ പരുക്ക് ഉണ്ടായിരുന്നില്ല എന്നുമായിരുന്നു എസ്ഐയുടെ ജാമ്യാപേക്ഷയിലെ പ്രധാന വാദം.
കസ്റ്റഡിയിൽവച്ച് ക്രൂരമായ മർദ്ദനത്തിന് ഇരയായാണ് രാജ്‍കുമാർ മരിച്ചതെന്ന് രണ്ടാം പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. പോസ്റ്റുമോർട്ടത്തിൽ 22 പുതിയ പരുക്കുകൾ രാജ്‍കുമാറിന്റെ ശരീരത്തിൽനിന്ന് തിരിച്ചറിയുകയും ചെയ്തിരുന്നു. കാലിലും തുടയിലുമായാണ് പുതിയ മുറിവുകൾ കണ്ടെത്തിയത്. തുടയില്‍ നാല് സെന്റീമീറ്റർ ആഴത്തിൽ ചതവും മുതുകിൽ 20 സെന്റീമീറ്റര്‍ ആഴമുള്ള പരുക്കും കണ്ടെത്തിയിരുന്നു. കാലുകൾ വലിച്ചകത്തി തുടയിടുക്കിലെ പേശികളിൽ രക്തം പൊടിഞ്ഞിട്ടുണ്ട്. വൃക്ക അടക്കമുള്ള ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റിട്ടുണ്ട്. ഇതോടെ ന്യുമോണിയ ബാധിച്ചാണ് രാജ്‍കുമാർ മരിച്ചതെന്ന ആദ്യ പോസ്റ്റുമോർട്ടം റിപ്പോർട്ട് അന്വേഷണസംഘം തള്ളിയിരുന്നു. എസ്ഐ സാബുവടക്കം ഏഴ് പേരാണ് കേസില്‍ അറസ്റ്റിലായിരുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam