
കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിന് ശേഷവും നടൻ സിദ്ദിഖ് ഒളിവിൽ തന്നെ. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് സിദ്ദിഖ് ഒളിവിൽ പോയത്. സിദ്ദിഖ് എവിടെ എന്ന് അറിയില്ല എന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. സിദ്ദിഖിന്റെ ഫോൺ ഇപ്പോഴും സ്വിച്ച് ഓഫ് ആയി തന്നെ തുടരുകയാണ്. പ്രത്യേക അന്വേഷണ സംഘം നോട്ടീസ് അയച്ചാൽ മാത്രം ചോദ്യം ചെയ്യലിനായി ഹാജരാകുമെന്നാണ് സിദ്ദിഖിന്റെ അഭിഭാഷകർ അറിയിച്ചിരിക്കുന്നത്. ഇന്നോ നാളെയോ നോട്ടീസ് അയക്കുമെന്നാണ് പൊലീസിന്റെ പ്രതികരണം. രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞുകൊണ്ടാണ് ഇന്നലെ സുപ്രീം കോടതി സിദ്ദിഖിന് ഇടക്കാല ജാമ്യം അനുവദിച്ചത്.
അതേ സമയം, ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് സുപ്രീം കോടതി നല്‍കിയത് ഇടക്കാല ജാമ്യമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. സിദ്ദിഖിന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇന്നലെ വൈകിട്ടോടെയാണ് വിധി പകര്‍പ്പ് പുറത്ത് വന്നത്.
മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനം എടുക്കും വരെ അറസ്റ്റുണ്ടായാൽ ജാമ്യം നല്കണമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവിലുള്ളത്. അന്വേഷണവുമായി സഹകരിക്കാനും സിദ്ദിഖിന് കോടതി നിർദ്ദേശം നല്കിയിട്ടുണ്ട്. പരാതി നല്‍കാന്‍ കാലതാമസമുണ്ടായെന്ന വാദം കണക്കിലെടുത്ത കോടതി സംസ്ഥാനവും പരാതിക്കാരിയും എട്ട് വര്‍ഷമായി എന്ത് ചെയ്യുകയായിരുന്നുവെന്ന ചോദ്യവും ഉന്നയിച്ചിരുന്നു.
>