സിൽവർ ലൈൻ പദ്ധതി ചെലവ്: പാർട്ടി തള്ളിയ കണക്ക് ആവർത്തിച്ച് മുഖ്യമന്ത്രി, ലക്ഷം കോടിയെന്ന് കേന്ദ്രം

By Asianet MalayalamFirst Published Mar 25, 2022, 3:19 PM IST
Highlights

രണ്ട് വർഷം വൈകിയ പദ്ധതിക്ക് കെ റെയിൽ കണക്ക് പ്രകാരം തന്നെ  ഇതിനകം ഏഴായിരം കോടി വർദ്ധിച്ചിട്ടുണ്ട്

തിരുവനന്തപുരം: സിൽവർ ലൈൻ ചെലവിൽ സിപിഎം പോലും തള്ളിയ കണക്കാണ് മുഖ്യമന്ത്രി ആവർത്തിക്കുന്നത്. പ്രതീക്ഷിക്കുന്ന പദ്ധതി ചെലവ് ഉയരുമെന്ന് കോടിയേരി ബാലകൃഷ്ണൻ മൂന്ന് മാസം മുമ്പ് വിശദീകരിച്ചെങ്കിലും  ചെലവ് 63,941കോടിയെന്നാണ് ഇന്നലെയും മുഖ്യമന്ത്രി  ആവർത്തിച്ചത്. രണ്ട് വർഷം വൈകിയ പദ്ധതിക്ക് കെ റെയിൽ കണക്ക് പ്രകാരം തന്നെ  ഇതിനകം ഏഴായിരം കോടി വർദ്ധിച്ചിട്ടുണ്ട്

2019-ൽ കേന്ദ്ര സർക്കാർ തത്വത്തിൽ അനുമതി നൽകുമ്പോൾ ഡിപിആറിൽ വ്യക്തമാക്കിയ തുകയാണ് മുഖ്യമന്ത്രി ഇപ്പോഴും ആവർത്തിക്കുന്നത്. എന്നാൽ വൈകുന്തോറും ചെലവേറുമെന്ന കെ റെയിൽ കണക്ക് മാത്രം കണക്കിലെടുത്താൽ ചെലവ് 71,000കോടി പിന്നിട്ടു കഴിഞ്ഞു. കേരളത്തെ ഭീമമായ കടത്തിലേക്ക് പദ്ധതി തള്ളിവിടുമെന്ന ആരോപണങ്ങൾ നിലനിൽക്കുമ്പോഴാണ് ഇപ്പോഴും 63000 കോടിയിൽ ഊന്നിയുള്ള മുഖ്യമന്ത്രിയുടെ പ്രതിരോധം.

അർദ്ധ അതിവേഗ റെയിൽ പദ്ധതി പൂർത്തിയാകുമ്പോൾ ചെലവ് ഒരു ലക്ഷം കോടി പിന്നിടുമെന്ന് നീതി ആയോഗ്  വിലയിരുത്തലുണ്ട്.  ഭൂമിയേറ്റെടുക്കലിന്‍റെ ചെലവ് പോലും ആദ്യം കണക്കാകിയതിനെക്കാൾ ഇരുപത് ശതമാനം ഉയർന്നു. മുഖ്യമന്ത്രിയുടെ കണക്കും കണക്കുകൂട്ടലും കെ റെയിലിലെ നിലവിലെ യാഥാർത്ഥ്യങ്ങളുമായി പൊരുത്തപെടുന്നില്ല. ഇനി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ കണക്ക് നോക്കാം. ഒരു ലക്ഷം കോടിയൊന്നും തൊട്ടില്ലെങ്കിലും പദ്ധതി ചെലവ് ഉയരുമെന്ന് തന്നെയാണ് പാർട്ടി സെക്രട്ടറിയും ഡിസംബറിൽ  വ്യക്തമാക്കിയത്.

കടമെടുക്കലിലെ രാജ്യാന്തര പ്രതിസന്ധികളും ശ്രീലങ്കൻ തകർച്ചയും ചർച്ചയാകുമ്പോഴാണ് ഉയരുന്ന കെറെയിൽ ചെലവിൽ സർക്കാർ ഊന്നൽ കൊടുക്കാതിരിക്കുന്നതെന്നതും ശ്രദ്ധേയം. 33,700 കോടിയാണ് വിദേശ വായ്പയെടുക്കാൻ കേരളം കേന്ദ്രത്തിന്‍റെ അനുമതി കാക്കുന്നത്.ചെലവ് ഉയരുമ്പോൾ ഈ വായ്പ കണക്കിലും വലിയ മാറ്റങ്ങൾ ഉണ്ടാകും.പണമായി വെറും രണ്ടായിരം കോടി രൂപ മാത്രമാണ് പദ്ധതിക്കായി സംസ്ഥാന സർക്കാരിന്‍റെ നീക്കിയിരുപ്പ്. സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് കേരളം നൽകിയ റിപ്പോർട്ടിലെ കണക്കുകൾ ശരിയല്ലെന്നും പദ്ധതിക്ക് ലക്ഷം കോടിക്ക് മേൽ ചെലവ് വരുമെന്നുമാണ് ഇന്നലെ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അഭിപ്രായപ്പെട്ടത്. 

click me!