K Rail : വീണ്ടും കെ റെയിൽ സർവേ, കഴക്കൂട്ടം കരിച്ചാറയിൽ സമരക്കാരെ ബൂട്ടിട്ട് ചവിട്ടി പൊലീസ്

By Web TeamFirst Published Apr 21, 2022, 11:41 AM IST
Highlights

സ്ഥലത്ത് ജനങ്ങളും കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി എത്തി. പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പിന്നീടത് സംഘർഷത്തിലേക്ക് വഴിമാറുകയും ചെയ്തു.  പാർട്ടി കോൺഗ്രസ് ...

തിരുവനന്തപുരം: പാർട്ടി കോൺഗ്രസ് കാലത്ത് നിർത്തിവച്ച സിൽവർ ലൈൻ സർവേ വീണ്ടും തുടങ്ങി. തിരുവനന്തപുരം കഴക്കൂട്ടം കരിച്ചാറയിൽ ഉദ്യോഗസ്ഥർ സിൽവർ ലൈൻ സർവേയ്ക്ക് എത്തി. ഉദ്യോഗസ്ഥരെത്തുന്നു എന്ന വിവരം കിട്ടിയ ഉടൻ തന്നെ സ്ഥലത്ത് നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി എത്തി. പൊലീസ് സ്ഥലത്ത് പ്രതിഷേധമുണ്ടാകുമെന്ന് മുൻകൂട്ടിക്കണ്ട് തമ്പടിച്ചിരുന്നു. പ്രതിഷേധക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റെന്നും, ഒരാൾ ബോധരഹിതനായി വീണെന്നും തിരുവനന്തപുരം ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. 

അതേസമയം, കാരിച്ചാറയിൽ പ്രതിഷേധക്കാരെ പൊലീസ് ബൂട്ടിട്ട് ചവിട്ടിയ ദൃശ്യങ്ങളും പുറത്തുവന്നു. മംഗലപുരം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ആക്രമണത്തിന് പിന്നിലെന്ന് സമരക്കാർ പറയുന്നു. പ്രതിഷേധം കനത്തതോടെ സർവേയുമായി മുന്നോട്ട് പോകാനാകില്ലെന്ന് ഉറപ്പായതോടെ, ഉദ്യോഗസ്ഥർ സ്ഥലത്ത് നിന്ന് മടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. 

വലിയ പ്രതിഷേധമാണ് പൊലീസ് സമരക്കാരെ കയ്യേറ്റം ചെയ്തതിനെത്തുടർന്ന് ഉണ്ടായത്. എന്നാൽ തങ്ങളാരെയും മനപ്പൂർവ്വം ആക്രമിച്ചിട്ടില്ലെന്നും, ഉദ്യോഗസ്ഥർക്ക് പൊലീസ് സുരക്ഷ ഉറപ്പാക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്നും മംഗലപുരം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പറയുന്നു. 

എന്തായാലും പ്രതിഷേധം കനത്തതിനെത്തുടർന്ന്, സർവേ തൽക്കാലം അവസാനിപ്പിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥയ്ക്ക് ഇപ്പോഴയവുണ്ട്. നോട്ടീസ് നൽകാതെയാണ് ഉദ്യോഗസ്ഥരും പൊലീസും എത്തിയതെന്നും അപ്രതീക്ഷിതമായി എത്തിയതോടെയാണ് സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തതെന്ന് നാട്ടുകാരും ആരോപിക്കുന്നു. 

രാവിലെ പത്ത് മണിയോടെയാണ് കനത്ത പൊലീസ് കാവലിൽ ഉദ്യോഗസ്ഥർ കരിച്ചാറയിൽ കല്ലിടൽ നടപടികൾക്കായി എത്തിയത്. ഉദ്യോഗസ്ഥർക്ക് കല്ലിടൽ നടപടികളിലേക്ക് കടക്കാനായിട്ടില്ല. അതിന് മുമ്പ് തന്നെ പ്രതിഷേധക്കാർ എത്തിയിരുന്നു. എന്നാൽ സർവേ അവസാനിപ്പിച്ച് പോകാൻ ഉദ്യോഗസ്ഥർ ആദ്യം തയ്യാറായിരുന്നില്ല. സ്ഥലത്ത് സംഘർഷാവസ്ഥ തുടർന്നതിനെത്തുടർന്ന് കൂടുതൽ പൊലീസുദ്യോഗസ്ഥർ സ്ഥലത്തെത്തി. 

തിരുവനന്തപുരം നഗരത്തിൽ ഇതേവരെ സിൽവർ ലൈൻ നടപടികൾ ഇതുവരെ തുടങ്ങിയിട്ടില്ല. ചിറയിൻകീഴ്, വർക്കല, കണിയാപുരം എന്നീ പ്രദേശങ്ങളിലാണ് തിരുവനന്തപുരത്ത് സർവേ നടപടികളുണ്ടായിരുന്നത്. അവിടെയെല്ലാം പലയിടങ്ങളിലും ശക്തമായ പ്രതിഷേധങ്ങൾ നടക്കുകയും ചെയ്തു. അതേ ഇടങ്ങളിലാണ് ഇപ്പോഴും സർവേ നടക്കുന്നത്. ഇതിന് മുമ്പ് കരിച്ചാറയിൽ സർവേ നടക്കുകയും അന്ന് പ്രതിഷേധങ്ങളെത്തുടർന്ന് കല്ലിടൽ നിർത്തി വയ്ക്കേണ്ടി വരികയും ചെയ്തിരുന്നു. 

മാർച്ച് 25-നാണ് സിൽവർ ലൈൻ സർവേയുമായി ബന്ധപ്പെട്ട കല്ലിടൽ നടപടികൾ തൽക്കാലം നിർത്തിവയ്ക്കാൻ സർക്കാർ തീരുമാനിച്ചത്. വ്യാപക പ്രതിഷേധങ്ങളെത്തുടർന്നായിരുന്നു അന്നാ തീരുമാനം ഇടത് സർക്കാർ സ്വീകരിച്ചത്. സിപിഎം പാർട്ടി കോൺഗ്രസ് ഏപ്രിൽ ആദ്യവാരം നടക്കാനിരിക്കുന്നതിനാൽ, പാർട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട ദേശീയസമ്മേളനം നടക്കുന്നതിനിടെ, പ്രതിഷേധങ്ങളുണ്ടാകുന്നത് പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നും സിപിഎം വിലയിരുത്തി. ഏതാണ്ട് ഒരു മാസത്തിന് ശേഷം, പാർട്ടി കോൺഗ്രസ് അവസാനിച്ച ശേഷം, വീണ്ടും കല്ലിടൽ നടപടികൾ തുടരുമ്പോൾ, ഇനി എങ്ങനെയാകും സംസ്ഥാനമെമ്പാടും വീണ്ടും പ്രതിഷേധങ്ങളുയരുക എന്നത് കാത്തിരുന്നു കാണണം. 

click me!