
തിരുവനന്തപുരം: സിസ്റ്റർ അഭയയുടേത് കൊലപാതകമാണെന്നും മുങ്ങി മരണമല്ലെന്നും ഫോറൻസിക് വിദഗ്ധന്‍റെ സാക്ഷിമൊഴി. ഫൊറൻസിക് വിദഗ്ധനായ ഡോ. വി കന്തസ്വാമിയാണ് തിരുവനന്തപുരം സിബിഐ കോടതിയിൽ മൊഴി നൽകിയത്. ഫൊറൻസിക് വിദഗ്ധനായ ഡോ. വി കന്തസ്വാമിയുടെ ഉപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സിസ്റ്റർ അഭയയുടെത് മുങ്ങി മരണമല്ല കൊലപാതകമാണെന്ന നിഗമനത്തിലേക്ക് സിബിഐ എത്തിയത്. അഭയയുടെ തലയിലേറ്റ ആറ് മുറിവുകളിൽ തലയോട്ടിയുടെ മധ്യഭാഗത്ത് ഏറ്റ മുറിവാണ് മരണകാരണമെന്നാണ് പ്രൊസിക്യൂഷന്‍റെ മുപ്പതാം സാക്ഷിയായ ഡോ. കന്തസ്വാമിയുടെ മൊഴി. കൈക്കോടാലി പോലുള്ള ആയുധത്തിന്‍റെ പിൻഭാഗം കൊണ്ടുള്ള ശക്തമായ അടിയാകാം ഇതെന്നും മൊഴി നൽകി.
മുങ്ങി മരിക്കുന്ന മൃദേഹങ്ങളിൽ കാണുന്ന ലക്ഷണങ്ങൾ അഭയയുടെ ശരീരത്തിൽ ഉണ്ടായിരുന്നില്ലെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിൽ നിന്നും മനസിലാകുന്നത്. മുങ്ങി മരണമാണെങ്കിൽ ശ്വാസകോശത്തിൽ എന്തെങ്കിലും പദാർത്ഥമുണ്ടാകും. കൈവിരലുകൾ മുറുക്കി പിടിച്ചിരിക്കും. ഇതിനുള്ളിൽ ചെളിയോ പുല്ലുകളോ കാണും. ഇതൊന്നും അഭയയുടെ ശരീരത്തിൽ കണ്ടതായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ഉണ്ടായിരുന്നില്ലെന്നും കന്തസ്വാമി മൊഴി നൽകി.
മാത്രമല്ല അഭയയുടെ ശരീരത്തിൽ കണ്ടിരുന്നത് 300 മി.ലി വെള്ളം മാത്രമാണ് ഇത് ഒരാൾ കുടിക്കാറുള്ള അളവാണ്. വെള്ളത്തിൽ യാതൊരു തരത്തിലുള്ള ചെളികളും കണ്ടിരുന്നതായി റിപ്പോർട്ടിലില്ലെന്നും കന്തസ്വാമി മൊഴി നൽകി. എന്നാൽ അഭയ ലൈംഗിക പീഡനത്തിന് ഇരയായിട്ടില്ലെന്ന് ഫൊറൻസിക് വിദഗ്ദൻ പറഞ്ഞു.
അതേ സമയം 2000 ൽ ക്രൈം ബ്രാഞ്ച് ഡിഐജിയായിരുന്നു കുഞ്ഞുമൊയ്ദ്ദീന് ഫൊറൻസിക് വിദഗ്ധനെന്ന നിലയിൽ കന്തസ്വാമി നല്‍കിയ കത്തിൽ അഭയയുടെത് ആത്മഹത്യയാകാമെന്ന് നിഗമനമാണ് ഉള്ളതെന്ന് പ്രതിഭാഗം വാദിച്ചു. ഈ കത്ത് താൻ തയ്യാറാക്കിയതല്ലെന്നും തൻറെ ശിക്ഷ്യൻ വസ്തുകള്‍ വളച്ചൊടിച്ചതാണെന്നും ഈ കത്തിൽ ഒപ്പിടുക മാത്രമാണ് ചെയ്തെന്നുമായിരുന്നു കന്തസ്വാമിയുടെ മറുപടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam