മാനന്തവാടി ബിഷപ് ഹൗസിന് മുന്നിൽ സിസ്റ്റർ ദീപയുടെ മാതാപിതാക്കളുടെ സമരം

By Web TeamFirst Published Dec 9, 2019, 2:19 PM IST
Highlights
  • സിസ്റ്റർ ദീപ, മക്കിയാട് കോളാസ്റ്റിക്കൽ കോൺവെന്റ് അംഗമായിരിക്കെ 2003ലാണ് ഇംഗ്ലണ്ടിലേക്ക് പോയത്
  • സഭ വിട്ട ദീപ ജോസഫ്, ലണ്ടനിൽ ഇംഗ്ലണ്ട് പൗരത്വം നേടി ജീവിക്കുകയാണെന്ന് മാനന്തവാടി രൂപത പറയുന്നു

മാനന്തവാടി: സിസ്റ്റർ ദീപ ജോസഫിനെ നാട്ടിലെത്തിക്കാൻ സഭ ഇടപെടണം എന്നാവശ്യപ്പെട്ട് മാതാപിതാക്കൾ മാനന്തവാടി ബിഷപ് ഹൗസിന് മുന്നിൽ സമരം തുടങ്ങി. സമരത്തെ അനുകൂലിച്ചും എതിർത്തും ഇവിടെ ആളുകളെത്തി. അതേസമയം സമരത്തെ എതിർത്ത് മാനന്തവാടി രൂപത രംഗത്തെത്തി. സമരത്തെ അനുകൂലിച്ച് സിസ്റ്റർ ലൂസി കളപ്പുരയും രംഗത്ത് വന്നു.

സിസ്റ്റർ ദീപ, മക്കിയാട് കോളാസ്റ്റിക്കൽ കോൺവെന്റ് അംഗമായിരിക്കെ 2003ലാണ് ഇംഗ്ലണ്ടിലേക്ക് പോയത്. ബെനഡിക്ടൻ കോൺഗ്രഗേഷന്റെ ഗ്ലോക്സ്റ്റർഷെയർ മഠത്തിലേക്കായിരുന്നു ഇവർ പോയത്. 

എന്നാൽ സഭ വിട്ട ദീപ ജോസഫ്, ലണ്ടനിൽ ഇംഗ്ലണ്ട് പൗരത്വം നേടി ജീവിക്കുകയാണെന്ന് മാനന്തവാടി രൂപത പറയുന്നു. സമരം സാമ്പത്തിക പ്രേരിതമെന്നാണ് മാനന്തവാടി രൂപത കുറ്റപ്പെടുത്തിയത്. സിസ്റ്റർ ദീപയുടെ വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് സെന്റ് ബെനഡിക്ട് കോൺഗ്രിഗേഷനാണെന്നും മാനന്തവാടി രൂപതയെ മനപൂർവം കരിവാരി തേയ്ക്കാനുള്ള ശ്രമമാണെന്നും അവർ കുറ്റപ്പെടുത്തുന്നു.

അതേസമയം സിസ്റ്റർ ദീപയ്ക്ക് ബാംഗ്ലൂരിൽ വെച്ച് മുതിർന്ന കന്യാസ്ത്രീകളിൽ നിന്ന് ലൈംഗിക പീഡനങ്ങൾ ഉണ്ടായതായി സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു. മഠത്തിലെ ചാപ്ലിൻ ആയിരുന്ന 70 വയസ്സുള്ള ഇംഗ്ലീഷുകാരൻ വൈദികനും പീഡിപ്പിച്ചിട്ടുണ്ടെന്നാണ് വെളിപ്പെടുത്തൽ. സമൂഹത്തെ ബോധവത്കരിക്കണമെന്നും ആത്മീയ നേതൃത്വം വഹിക്കുന്നവരുടെ കുത്തഴിഞ്ഞ ജീവിതത്തിനെതിരെ ശബ്ദമുയർത്തുമെന്നും അവർ പറഞ്ഞു. ജസ്റ്റിസ് ഫോർ ലൂസി എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മ ഡിസംബർ 17-ന് ടൗൺഹാളിൽ കന്യാസ്ത്രീകൾക്ക് പറയാനുള്ളത് എന്ന പരിപാടി സംഘടിപ്പിക്കുമെന്നും ലൂസി പറഞ്ഞു.

click me!