അത്ര പെട്ടെന്നൊന്നും പുറത്താക്കാൻ കഴിയില്ല: സഭാ നടപടിക്കെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര

By Web TeamFirst Published Aug 7, 2019, 11:31 AM IST
Highlights

അത്രപെട്ടെന്നൊന്നും സഭയിൽ നിന്ന് പുറത്താക്കാനാകില്ലെന്നാണ് സിസ്റ്റര്‍ ലൂസി കളപ്പുരയുടെ പ്രതികരണം. നിയമപരമായി മുന്നോട്ട് പോകാനാണ് തീരുമാനം. 

വയനാട്: ബിഷപ്പ് ഫ്രാങ്കോ മുളയ്കക്കലിനെതിരായ ലൈംഗിക പീഡന കേസിൽ നിലപാടെടുത്തതിന്‍റെ പേരിൽ സഭയിൽ നിന്ന് പുറത്താക്കാനുള്ള തീരുമാനം അത്ര പെട്ടെന്നൊന്നും നടപ്പാകാൻ പോകുന്നില്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. എത്രത്തോളം തുടരാൻ കഴിയുമോ അത്രത്തോളം സഭയിൽ തുടരാൻ തന്നെയാണ് തീരുമാനം. നിയമപരമായ നടപടി വേണമെങ്കിൽ അതിന് തയ്യാറാണെന്നും സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു. 

സഭയിൽ നിന്ന് പുറത്താക്കിക്കൊണ്ടുള്ള കത്ത് കിട്ടുന്നത് തീര്‍ത്തും അപ്രതീക്ഷിതമായാണ്. എറണാകുളത്തെ മദര്‍ ജനറാളിന്‍റെ ഓഫീസിൽ നിന്ന് കത്തുമായി കന്യാസ്ത്രീകളെത്തിയപ്പോഴാണ് വിവരം അറിയുന്നത്. സഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വത്തിക്കാന് അയച്ച സന്ദേശം അടക്കം നാല് പേജുള്ള കത്തിൽ നിര്‍ബന്ധിച്ച് ഒപ്പിടുവിക്കുകയായിരുന്നു എന്നും സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു. 

സിസ്റ്റര്‍ എന്ന് പോലും സംബോധന ചെയ്യാതെ ആണ് കത്ത് അയച്ചിട്ടുള്ളത്. വായിച്ചേ ഒപ്പിടു എന്ന് നിര്‍ബന്ധം പിടിച്ചതുകൊണ്ടാണ് അതിലെഴുതിയ കാര്യം മനസ്സിലാക്കാനായതെന്നും പത്ത് ദിവസത്തിനകം മഠത്തിൽ നിന്ന് ഒഴിഞ്ഞു പോകാനാണ്  കത്തിൽ പറയുന്നതെന്നും സിസ്റ്റര്‍ ലൂസി കളപ്പുര വ്യക്തമാക്കി.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡന കേസിൽ സമരം ചെയ്ത കന്യാസ്ത്രീകൾക്ക് ഒപ്പം നിന്ന നിലപാട് വലിയ ശരിതന്നെയായിരുന്നു എന്നും സിസ്റ്റര്‍ ലൂസി കളപ്പുര വിശദീകരിച്ചു. ആ സമരത്തിൽ പങ്കെടുത്തതും മാധ്യമങ്ങളിൽ സംസാരിക്കുകയും ചെയ്തത് ഒരിക്കലും തെറ്റാകുന്നില്ല. തെറ്റ് ചൂണ്ടിക്കാണിക്കുമ്പോൾ അത് എന്താണെന്ന് ചിന്തിക്കേണ്ടത് സഭയാണെന്നും സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു. 

നിലവിൽ തന്നെ മഠത്തിനകത്ത് വലിയ വിവേചനമാണ് അനുഭവിക്കുന്നത്. ഒപ്പമുള്ള സിസ്റ്റര്‍മാര്‍ സംസാരിക്കാൻ പോലും തയ്യാറാകാറില്ല, ആഹാരത്തിനും ബുദ്ധിമുട്ടുണ്ട്. എല്ലാം സമാധാനത്തോടെ കൈകാര്യം ചെയ്യാം എന്ന പ്രതീക്ഷയാണ് മഠത്തിൽ നിന്ന് പുറത്താക്കിയ കത്ത് കൂടി കിട്ടിയതോടെ ഇല്ലാതായതെന്നും സത്യത്തെ സ്നേഹിക്കുന്ന മനുഷ്യരുടെ പിന്തുണയാണ് ഇനി ആവശ്യമെന്നും ലൂസി കളപ്പുര പറയുന്നു.  നിയമപോരാട്ടം അടക്കമുള്ള കാര്യങ്ങളാണ് ഉദ്ദേശിക്കുന്നതെന്നും ലൂസി കളപ്പുര പറഞ്ഞു.

."

click me!