'കണ്ണീരടങ്ങിയില്ലെങ്കിലും കരകയറ്റാന്‍ കൂടെയുണ്ട്'; കേരളത്തിന് സഹായവുമായി കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി

By Web TeamFirst Published Aug 14, 2019, 5:47 PM IST
Highlights

'ഈ ദുരന്തകാലത്ത് നമുക്കൊപ്പം നിൽക്കാൻ തോന്നുന്ന ഇലിസയുടെ മനസ് വലുതാണ്. ഇലിസയുടെ സന്ദേശം മലയാളികൾക്കാകെ ആത്മവിശ്വാസം നൽകും'.

തിരുവനന്തപുരം: ദുരിതത്തില്‍ നിന്നും കരകയറാന്‍ കേരളത്തിന് കൈത്താങ്ങായി കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി. മഴക്കെടുതിയില്‍ കേരളത്തെ സഹായിക്കുന്നതിന് തന്‍റെ വരുമാനത്തിന്‍റെ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയാണ് ഇലിസ് കേരളത്തിന് പിന്തുണ പ്രഖ്യാപിച്ചത്. കേരളത്തിന് ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ടുള്ള ഇവരുടെ വീഡിയോ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ഇലിസിന്‍റെ നല്ല മനസ്സിനെ അഭിനന്ദിക്കുന്ന കുറിപ്പിനൊപ്പമാണ് മുഖ്യമന്ത്രി വീഡിയോ സന്ദേശം പങ്കുവെച്ചത്. 

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം...

ഇലിസ് സർക്കോണ എന്ന പേര് മലയാളികൾക്ക് അധികം പരിചയം കാണില്ല.  കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട, നമ്മുടെ എല്ലാം നൊമ്പരമായി മാറിയ ലാത്വിയൻ  യുവതിയുടെ സഹോദരിയാണ് ഇലിസ്. നമ്മൾ ഒരുവിഷമഘട്ടത്തിലൂടെ നീങ്ങുമ്പോൾ കേരളത്തിന് പിന്തുണ അറിയിച്ചുള്ള ഇലിസയുടെ സന്ദേശം എത്തിയിരിക്കുന്നു. അയർലണ്ടിൽ നിന്നും തന്റെ വരുമാനത്തിന്റെ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയ ശേഷമാണ് ഇലിസ് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സന്ദേശം അയച്ചത്. ഈ വിഷമമേറിയ അവസ്ഥയിൽ കേരളീയർക്കൊപ്പമെന്നാണ് ഇലിസയുടെ സന്ദേശം. ഇപ്പോഴത്തെ ദുരന്തത്തെ മറികടക്കാനുള്ള കരുത്ത് ഉണ്ടാകട്ടെ എന്ന ആശംസയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു തുകയും ഇലിസ പങ്കുവെക്കുന്നു.

സമാനതകൾ ഇല്ലാത്തതാണ് ഈ അനുഭവം. ഈ ദുരന്തകാലത്ത് നമുക്കൊപ്പം നിൽക്കാൻ തോന്നുന്ന ഇലിസയുടെ മനസ് വലുതാണ്. ഇലിസയുടെ സന്ദേശം മലയാളികൾക്കാകെ ആത്മവിശ്വാസം നൽകും. ആ നല്ല മനസിന് സംസ്ഥാനത്തിന്റെ ആദരവ്.

click me!