ജീവൻ നൽകി സ്നേഹിച്ച സഹോദരൻ ഒപ്പം തന്നെയുണ്ട്; നിധിന്റെ കൈപിടിച്ച് വിദ്യ

By Web TeamFirst Published Dec 29, 2021, 11:01 AM IST
Highlights

വിവാഹം നടത്താനായി പ്രതീക്ഷിച്ച വായ്പ ലഭിക്കില്ലെന്ന് അറിഞ്ഞതോടെയാണ് തൃശ്ശൂര്‍ സ്വദേശിയായ വിപിന്‍ (25) ആത്മഹത്യ ചെയ്തത്.

തൃശൂർ: നഷ്ടപ്പെടലിന്റെ വേദനകൾക്കിടയിൽ വിദ്യയെ (Vidya) ചേർത്ത് പിടിച്ച് നിധിൻ. വായ്പ (Bank loan) കിട്ടാത്തതിന്റെ പേരില്‍ സഹോദരിയുടെ വിവാഹം (marriage)  മുടങ്ങുമോ എന്ന ആശങ്കയില്‍ ജീവനൊടുക്കിയ വിപിനെ കേരളം മറന്നിട്ടില്ല. വിപിന്റെ ഏറ്റവും വലിയ സ്വപ്നമായ സഹോദരിയുടെ വിവാഹം ഇന്ന് രാവിലെ പാറമേക്കാവ് ക്ഷേത്രത്തില്‍ വെച്ച് നടന്നു.

വിദേശത്ത് ജോലി ചെയ്യുന്ന നിധിൻ ജനുവരി പകുതിയോടെ മടങ്ങും. വൈകാതെ തന്നെ വിദ്യയെയും കൊണ്ട് പോകും. വിവാഹം നടത്താനായി പ്രതീക്ഷിച്ച വായ്പ ലഭിക്കില്ലെന്ന് അറിഞ്ഞതോടെയാണ് തൃശ്ശൂര്‍ ഗാന്ധിനഗര്‍ കുണ്ടുവാറയില്‍ പച്ചാലപ്പൂട്ട് വീട്ടില്‍ വിപിന്‍ (25) ആത്മഹത്യ ചെയ്തത്. വിവാഹത്തിന് ആഭരണങ്ങളെടുക്കാന്‍ അമ്മയെയും സഹോദരിയെയും സ്വര്‍ണ്ണക്കടയില്‍ ഇരുത്തിയ ശേഷമാണ് വിപിന്‍ വീട്ടിലെത്തി തൂങ്ങിമരിച്ചത്. സഹോദരിയുടെ വിവാഹാവശ്യങ്ങള്‍ക്കായി ബാങ്കില്‍നിന്ന് വായ്പ തേടിയിരുന്നു. മൂന്നുസെന്റ് ഭൂമി മാത്രമേയുള്ളൂവെന്നതിനാല്‍ എവിടെനിന്നും വായ്പ കിട്ടിയില്ല.

തുടര്‍ന്ന്, പുതുതലമുറ ബാങ്കില്‍നിന്ന് വായ്പയ്ക്ക് അപേക്ഷിക്കുകയായിരുന്നു. എന്നാൽ, അതും മുടങ്ങിയതിൽ മനംനൊന്താണ് വിപിൻ ജീവിതം അവസാനിപ്പിച്ചത്. എന്നാൽ, വിപിന്റെ മരണ വാർത്തയിൽ കേരളം ഞെട്ടി നിൽക്കുമ്പോൾ ആ കുടുംബത്തെയും വിദ്യയെയും പ്രതിശ്രുത വരനായ നിധിൻ ചേർത്ത് പിടിച്ചു.

''പണം മോഹിച്ചല്ല വിദ്യയെ പ്രണയിച്ചത്.വിദേശത്തെ ജോലി പോയാലും വേണ്ടില്ല, വിവാഹം കഴിഞ്ഞിട്ടേ ഇനി മടങ്ങൂ''-എന്ന് നിധിൻ അന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ രണ്ടര വര്‍ഷമായി നിധിനും വിദ്യയും പ്രണയത്തിലായിരുന്നു. ഇരു വീട്ടുകാര്‍ക്കും എതിര്‍പ്പില്ലാത്തതിനാല്‍ വിവാഹം ഉറപ്പിച്ചു. ഷാര്‍ജയില്‍ എസി മെക്കാനിക്കായ നിധിന്‍ കൊവിഡ് കാരണം നാട്ടിലെത്താന്‍ വൈകിയതിനാല്‍ വിവാഹം വൈകുകയായിരുന്നു. സ്ത്രീധനമായി ഒന്നും വേണ്ടെന്ന് നിധിന്‍ പറഞ്ഞിരുന്നെങ്കിലും ഒന്നും ഇല്ലാതെ സഹോദരിയെ വിവാഹം കഴിപ്പിക്കില്ലെന്നുമായിരുന്നു വിപിൻ പറഞ്ഞിരുന്നത്.

click me!