നിഖിൽ പൈലിയെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാക്കിയാലും അത്ഭുതപ്പെടാനില്ല, ഗൺമാൻമാർക്കെതിരായ അന്വേഷണത്തിൽ പൊലീസിനെ കുറ്റവാളിയാക്കുന്നു: വസീഫ്

Published : May 25, 2026, 12:12 AM IST
v vaseef

Synopsis

മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്കെതിരായ അന്വേഷണത്തിൽ പൊലീസിനെ കുറ്റവാളികളാക്കാൻ ശ്രമം നടക്കുന്നുവെന്ന് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് ആരോപിച്ചു. യഥാർത്ഥ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് യു ഡി എഫ് സർക്കാർ സ്വീകരിക്കുന്നതെന്ന് വസീഫ് പറഞ്ഞു

പാലക്കാട്: മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ ഗൺമാൻമാർക്കെതിരായ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ ഐ ടി) അന്വേഷണത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് രംഗത്ത്. നവകേരള സദസ്സ് കാലത്ത് മുഖ്യമന്ത്രിക്ക് സംരക്ഷണമൊരുക്കിയ പൊലീസുകാരെ കുറ്റവാളികളാക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. നിലവിലെ സർക്കാരിന്റെ താത്പര്യം എന്താണെന്ന് ഇതിലൂടെ വ്യക്തമാണെന്നും ആർ എസ് എസ് പശ്ചാത്തലമുള്ളവരെയാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ ഗൺമാന്മാരായി സർക്കാർ നിയമിക്കുന്നതെന്നും വസീഫ് കുറ്റപ്പെടുത്തി. യഥാർത്ഥ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് യു ഡി എഫ് സർക്കാർ സ്വീകരിക്കുന്നതെന്ന് വസീഫ് പറഞ്ഞു. കുറ്റാരോപിതർക്ക് കോൺഗ്രസ് വലിയ രീതിയിൽ പ്രമോഷൻ നൽകുകയാണ്. ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയും എസ് എഫ് ഐ നേതാവുമായിരുന്ന ധീരജിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി നിഖിൽ പൈലിയെ ഡി സി സി അംഗമാക്കിയ നടപടി ഇതിന് തെളിവാണെന്നും വസീഫ് ചൂണ്ടിക്കാട്ടി. ഈ രീതിയിലാണ് കാര്യങ്ങളുടെ പോക്കെങ്കിൽ ഭാവിയിൽ നിഖിൽ പൈലിയെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാക്കിയാൽ പോലും അത്ഭുതപ്പെടാനില്ലെന്നും വസീഫ് പരിഹസിച്ചു.

കേസ് ഡയറി തിരുത്തിയതാര്?

അതേസമയം നവകേരള സദസ്സിനിടെ പ്രതിഷേധിച്ച കെ എസ് യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിണറായി വിജയന്‍റെ ഗൺമാനടക്കമുള്ളർ തല്ലിയ സംഭവത്തിൽ നിർണ്ണായകമായ ആദ്യ കേസ് ഡയറി ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടു. ലോക്കൽ പൊലീസ് മാറ്റിനിർത്തിയ പ്രതിഷേധക്കാരെ ഗൺമാനടക്കം മർദ്ദിച്ചെന്ന് എഴുതിയ ഈ ഡയറി തിരുത്തിയാണ് കേസ് എഴുതിത്തള്ളിയത്. കേസ് ഡയറി പെൻഡ്രൈവിലാക്കി എ ഡി ജി പി എം ആർ അജിത് കുമാറിൻറെ ഓഫീസിലെത്തിച്ചെന്നാണ് ആദ്യ അന്വേഷണ സംഘം എസ് ഐ ടിക്ക് നൽകിയ മൊഴി. പിണറായി പറഞ്ഞ രക്ഷാപ്രവർത്തനമല്ല, ആലപ്പുഴയിൽ നടന്നതെന്ന് അടിവരയിടുന്നതാണ് തിരുത്തും മുമ്പുള്ള ആദ്യ കേസ് ഡയറി. എങ്ങിനെയാണ് ഗൺമാൻ അനിൽ കല്ലിയൂർ അടക്കം പ്രതിഷേധക്കാരെ മർദ്ദിച്ചതെന്ന് കൃത്യമായി ഡയറിയിൽ പറയുന്നു. ലോക്കൽ പൊലീസ് പ്രതിഷേധക്കാരെ വലയം തീർത്ത് മാറ്റി നിർത്തിയിരുന്നു. ഇവരെ പിണറായിക്കൊപ്പമുള്ള വാഹനവ്യൂഹത്തിലെ കറുത്ത കാറിൽ നിന്ന് വെള്ള ഷർട്ട് ധരിച്ച ഒരാളും കറുത്ത സ്യൂട്ട് ധരിച്ച മൂന്ന് പേരും ചാടി ഇറങ്ങി. ലാത്തി പോലുള്ള ആയുധം ഉപയോഗിച്ച് രണ്ട് പേരെ അടിച്ചു. അതിന് ശേഷം കാറിൽ കയറിപ്പോയെന്നാണ് ഡയറിയിലുള്ളത്. ലോക്കൽ പൊലീസിനടക്കം പരിക്കേറ്റു. സിസിടിവി ദൃശ്യങ്ങളും ആയുധവും കണ്ടെത്തണമെന്നും കൂടുതൽ സാക്ഷികളുടെ മൊഴിയെടുക്കണമെന്നും കേസ് ഡയറിയിലുണ്ട്. ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ ഇൻസെപ്കടർ എസ് അരുൺ ആണ് കേസ് ഡയറി തയ്യാറാക്കിയത്. ആ ഡയറി തിരുത്തി ഗൺമാൻ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കി റിപ്പോർട്ട് നൽകിയെന്നാണ് എസ്ഐടി കണ്ടെത്തൽ. തിരുത്തും മുമ്പുള്ള ഡയറി പെൻഡ്രൈവിലാക്കി എ ഡി ജി പി എം ആർ അജിത് കുമാറിൻറ ഓഫീസിൽ എത്തിച്ചെന്നാണ് ആദ്യ അന്വേഷണ സംഘം എസ്ഐടിക്ക് നൽകിയ മൊഴി. അതായത് കേസ് ഡയറി തിരുത്തിയെന്ന ഗുരുതര കുറ്റം നീളുന്നത് അജിത് കുമാറിലേക്കെന്ന് സാരം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തണ്ണീർമുക്കത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ശാന്തിക്കാരൻ മരിച്ചു
തിരുവനന്തപുരം നഗരത്തിൽ മാലിന്യ സംസ്‌കരണ പ്ലാന്റുകൾ സ്ഥാപിക്കും, പ്രഖ്യാപനവുമായി മന്ത്രി കെ മുരളിധരൻ