കൈ കൂപ്പുന്നവരോട് മറുപടിയെന്ത്? കെ-റയിൽ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ സീതാറാം യെച്ചൂരി

By Web TeamFirst Published Jan 9, 2022, 6:20 PM IST
Highlights

മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരെ ലേഖനമെഴുതിയതും ട്വീറ്റ് ചെയ്തതും സീതാറാം യെച്ചൂരി. മഹാരാഷ്ട്ര സംസ്ഥാനക്കമ്മിറ്റി നിലപാട് പറഞ്ഞതിനൊപ്പം തന്നെ പാർട്ടിയുടെ ദേശീയ നിലപാട് പറയാൻ യെച്ചൂരിക്ക് തടസ്സങ്ങളുണ്ടായില്ല.

ഹൈദരാബാദ്/ തിരുവനന്തപുരം: കെ റെയിലുമായി ബന്ധപ്പെട്ട് ഉയർന്ന ചോദ്യങ്ങളോട് മറുപടി പറയാതെ തടിയൂരി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എല്ലാ ചോദ്യങ്ങൾക്കും കേരള ഘടകം കൃത്യമായി നിലപാട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു കേന്ദ്രക്കമ്മിറ്റി യോഗത്തിന് ശേഷം യെച്ചൂരിയുടെ പ്രതികരണം. എന്നാൽ മേധാപട്കർ അടക്കം പരിസ്ഥിതി പ്രവർത്തകരെ രംഗത്തിറക്കി സിപിഎമ്മിന്‍റെ ഇരട്ടത്താപ്പ് തുറന്നുകാട്ടുകയാണ് സമരസമിതി.

മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരെ ലേഖനമെഴുതിയതും ട്വീറ്റ് ചെയ്തതും സീതാറാം യെച്ചൂരി. മഹാരാഷ്ട്ര സംസ്ഥാനക്കമ്മിറ്റി നിലപാട് പറഞ്ഞതിനൊപ്പം തന്നെ പാർട്ടിയുടെ ദേശീയ നിലപാട് പറയാൻ യെച്ചൂരിക്ക് തടസ്സങ്ങളുണ്ടായില്ല.

എന്നാൽ കേരളത്തിലെ സിൽവർ ലൈൻ പദ്ധതിയിൽ നിലപാട് പറയാൻ കഴിയാതെ വിഷമിക്കുകയാണ് സിപിഎം ജനറൽ സെക്രട്ടറി.അതിവേഗ അർദ്ധ അതിവേഗ റെയിൽ സംബന്ധിച്ച് സിപിഎമ്മിന്‍റെ ഇരട്ടത്താപ്പിൽ വിമർശനമുയരുമ്പോൾ യെച്ചൂരിയുടെ പ്രതികരണം ഇത്ര മാത്രം. ''എല്ലാ ചോദ്യങ്ങൾക്കും കേരള ഘടകവും കേരള സർക്കാരും കൃത്യമായ മറുപടി നൽകിയിട്ടുണ്ട്. അതേക്കുറിച്ച് ഇനി ഞാൻ പ്രതികരിക്കേണ്ടതില്ല'.

മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ സിപിഎം എതിർക്കുന്നത് നഷ്ടപരിഹാരം സംബന്ധിച്ച തർക്കങ്ങളിൽ മാത്രമാണെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. ഇത് തള്ളിയാണ് സിപിഎം മഹാരാഷ്ട്ര ഘടകം രംഗത്തെത്തിയത്. രണ്ട് സംസ്ഥാനങ്ങളിൽ രണ്ട് നിലപാടെന്നിരിക്കെ പാർട്ടി നിലപാടിൽ വ്യക്തത വരുത്തേണ്ട ദേശീയ നേതൃത്വമാണ് ചോദ്യങ്ങളോട് ഒഴിഞ്ഞുമാറി തടിയൂരുന്നത്.

അതേസമയം മേധാപട്കർ അടക്കം പരിസ്ഥിതിപ്രവർത്തകരെ അണിനിരത്തി സമരത്തെ ദേശീയ ശ്രദ്ധയിൽ എത്തിക്കുകയാണ് സമരസമിതി. പദ്ധതിയിൽ നിന്നും പിന്മാറാൻ മുഖ്യമന്ത്രിയോട് കൈകൂപ്പി അഭ്യർത്ഥിക്കുന്നുവെന്നായിരുന്നു മേധാ പട്കറുടെ പ്രതികരണം.

മഹാരാഷ്ട്രയില്‍ അതിവേഗ റെയിലിനെ എതിർത്ത സിപിഎം കേരളത്തില്‍  സമാന പദ്ധതി മുന്നോട്ടുവെക്കുന്നത് ശരിയല്ലെന്ന് ദില്ലി കർഷക പ്രക്ഷോഭത്തിലെ നേതാവ് ഡോ. സന്ദീപ് പാണ്ഡെയും പറയുന്നു. ദേശീയ തലത്തിൽ കൂടുതൽ പരിസ്ഥിതി സംഘടനകളെ അണിനിരത്തി സമരം വിപുലമാക്കുന്നത് ചർച്ച ചെയ്യാൻ നാളെ സമരസമിതി യോഗം ചേരും.

click me!