
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി എകെ ആന്റണിയെ പിന്തുണച്ച് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ. അന്നത്തെ സർക്കാർ ശിവഗിരിയെ സഹായിക്കുകയാണ് ചെയ്തത്. കോടതി നിർദേശ പ്രകാരമാണ് പൊലീസ് നടപടിയുണ്ടായതെന്നും അത് അനിവാര്യമായിരുന്നെന്നും സ്വാമി സച്ചിദാനന്ദ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജയിച്ചു വന്നവർ ഭരണം ഏറ്റുവാങ്ങാൻ എത്തിയിട്ടും നടന്നില്ല. അനുരഞ്ജന ചർച്ചകൾ പലതും നടത്തിയിട്ടും വിജയിച്ചില്ല. പല ദുഷ്പ്രചരണങ്ങൾ അന്നുണ്ടായിരുന്നു. ചില രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകർ ഒത്തു ചേർന്നു. ശിവഗിരിക്ക് ദോഷം വരും എന്ന് കണ്ടപ്പോഴാണ് കോടതി ഇടപെടലും പൊലിസ് നടപടിയും ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. സഭയിലെ ചർച്ചയുമായി ബന്ധപ്പെട്ട് രാഷ്ട്രീയം പറയാൻ ഇല്ലെന്നും സ്വാമി സച്ചിദാനന്ദ വ്യക്തമാക്കി.
താൻ ഏറ്റവും കൂടുതൽ ആരാധിക്കുന്നത് ശ്രീനാരായണ ഗുരുദേവനെയാണ്. തന്റെ അഭ്യർഥന മാനിച്ചാണ് ചേർത്തല സ്കൂളിന്റെ പേര് ശ്രീനാരായണ ഹൈസ്കൂൾ എന്ന് മാറ്റിയത്. എന്നാൽ, തനിക്ക് ഏറ്റവും വേദനയുണ്ടാക്കിയ കാര്യം 1995 ൽ ശിവഗിരിയിൽ നടന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം പൊലീസിനെ അയക്കേണ്ടി വന്നുവെന്നും നടന്ന സംഭവങ്ങൾ നിർഭാഗ്യകരമാണെന്നും എകെ ആന്‍റണി വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. അധികാര കൈമാറ്റം നടത്തിയിരിക്കണം എന്ന് കോടതി ഉത്തരവിട്ടു.
എല്ലാ നടപടിയും പൊലീസ് എടുക്കണം എന്ന് കോടതി നിർദേശിച്ചു. കോടതി ഉത്തരവ് വന്നയുടനെ അല്ല പൊലീസ് പോയത്. പ്രകാശാനന്ദയ്ക്ക് ചുമതല കെമാറാൻ ശാശ്വതീകാനന്ദയും കൂട്ടരും തയ്യാറായില്ല. ശിവഗിരി കാവിവത്കരിക്കുമെന്ന് വാദിച്ചു. കീഴ്കോടതി വിധികൾ പ്രകാശാനന്ദയ്ക്ക് അനുകൂലമായിരുന്നു. ഹൈക്കോടതി വിധിയുമായി 2 തവണ പോയിട്ടും അധികാര കൈമാറ്റം നടന്നില്ല. മൂന്നാം വട്ടം കോടതിയലക്ഷ്യ നടപടിയുണ്ടാകുമെന്ന് കോടതി പറഞ്ഞു.
മുത്തങ്ങ സംഭവത്തിൽ അതിയായ ഖേദമുണ്ടെന്നും എ കെ ആന്‍റണി പറഞ്ഞു. ആദിവാസികൾക്ക് ഏറ്റവും കൂടുതൽ ഭൂമി നൽകിയത് താനാണ്. എന്നിട്ടും ആദിവാസികളെ ചുട്ടുകരിച്ചെന്ന് പഴികേട്ടു. മുത്തങ്ങ വന്യജീവി സങ്കേതമാണ്. അവിടെ കുടിൽ കെട്ടിയപ്പോൾ എല്ലാ പാർട്ടികളും മാധ്യമങ്ങളും അവരെ ഇറക്കി വിടണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് നിലപാട് മാറി. സിബിഐ അന്വേഷണ റിപ്പോർട്ട് ആരെയാണ് കുറ്റപ്പെടുത്തിയതെന്ന് ചോദിച്ച എ കെ ആന്‍റണി അത് പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ടു. 3 ദിവസം കേന്ദ്രം കത്ത് നൽകി. അവരുടെ താക്കീതിന് ശേഷമാണ് നടപടിയെടുത്തതെന്നും എകെ ആന്‍റണി പറഞ്ഞു. ഇറക്കി വിട്ടത് തെറ്റെങ്കിൽ ഏതെങ്കിലും സർക്കാർ അവിടെ ഭൂമി കൊടുക്കാൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എനിക്ക് മാത്രം പഴിയെന്നും അദ്ദേഹം വിമര്‍ശിച്ചു. താൻ ദില്ലിയിൽ പോയതോടെ മറുപടി പറയാൻ ആരും ഇല്ലാതെയായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam