
കൊല്ലം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന്‍റെ കുടുംബത്തിന് സ്നേഹഭവനം ഒരുങ്ങി. സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് നിർമ്മിച്ചു നൽകിയ വീടിന്‍റെ താക്കോൽദാനം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവ്വഹിച്ചു. പണം പിരിച്ച ശേഷം വീട് വെച്ചുനൽകാത്തവർ ഉള്ള കാലത്താണ് നിശ്ചയിച്ച സമയത്തിന് മുൻപ് സ്നേഹഭവനം യാഥാർത്ഥ്യമാക്കിയതെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം ജൂലൈ 17നാണ് തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മിഥുൻ കെഎസ്ഇബി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ചത്.
അധികൃതരുടെ അനാസ്ഥയിൽ പൊലിഞ്ഞ മിഥുൻ ഒരു കുടുംബത്തിന്‍റെ പ്രതീക്ഷയായിരുന്നു. അച്ഛനും അമ്മയുംസഹോദരനും അടങ്ങിയ നിർധന കുടുംബത്തെ വീണു പോകാതെ നല്ല മനസുകൾ ചേർത്തു നിർത്തി. അടച്ചുറപ്പില്ലാത്ത പഴയ കൂരയുടെ ചുവരിൽ മിഥുൻ വരച്ചിട്ട സ്വപ്ന വീട് കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈയ്ഡ്സ് യാഥാർത്ഥ്യമാക്കി.
മിഥുന്‍റെ മാതാപിതാക്കളിൽ ഒരാൾക്ക് തേവലക്കര സ്കൂളിൽ ജോലി നൽകണമെന്ന് മാനേജ്മെന്‍റ് അംഗങ്ങളോട് മന്ത്രി അഭ്യർത്ഥിച്ചു. ഈ ആശ്വാസങ്ങൾക്ക് നടുവിലും മിഥുന്‍റെ വേർപാടിന്‍റെ നോവ് ഉണങ്ങാത്ത മുറിവായി പുതിയ വീട്ടിൽ തളം കെട്ടി നിൽപ്പുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam