ദുരൂഹം: 9 വർഷത്തിനിടെ ഒരു വീട്ടിലെ 6 കുട്ടികൾ മരിച്ചു; ഇന്ന് മരിച്ചത് 3 മാസം പ്രായമായ കുഞ്ഞ്

By Web TeamFirst Published Feb 18, 2020, 1:39 PM IST
Highlights

തറമ്മൽ റഫീഖ് - സബ്‍ന ദമ്പതികളുടെ കുട്ടികളാണ് മരിച്ചത്. ആറിൽ അഞ്ച് കുട്ടികളും മരിച്ചത് ഒരു വയസ്സിൽ താഴെ പ്രായമുള്ളപ്പോഴാണ്. 

മലപ്പുറം: തിരൂരിൽ ഒരു ദമ്പതികളുടെ ആറ് കുട്ടികൾ ഒമ്പത് വർഷത്തിനിടെ തുടർച്ചയായി മരിച്ചതിൽ ദുരൂഹത. തിരൂർ - ചെമ്പ്ര റോഡിൽ തറമ്മൽ റഫീഖ് - സബ്‍ന ദമ്പതിമാരുടെ മക്കളാണ് മരിച്ചത്. ഏറ്റവുമൊടുവിൽ ഇന്ന് പുലർച്ചെ ദിവസങ്ങൾ മാത്രം പ്രായമായ കുട്ടി മരിച്ചതോടെയാണ് ദുരൂഹത നാട്ടുകാർ തുറന്ന് പറയാൻ തയ്യാറായതും പൊലീസ് ഇടപെട്ടതും. ദമ്പതികളുടെ ആറാമത്തെ ആൺകുഞ്ഞാണ് ഇന്ന് മരിച്ചത്. 

മരിച്ചതിൽ ആറിൽ അ‍ഞ്ച് കുട്ടികളും ഒരു വയസ്സിന് താഴെ പ്രായമുള്ളപ്പോഴാണ് മരിച്ചത് എന്നത് ദുരൂഹത കൂട്ടുന്നു. ഒരു കുട്ടി മരിച്ചത് നാലര വയസ്സുള്ളപ്പോഴാണ്. 

നാല് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണ് വർഷങ്ങളുടെ ഇടവേളകളിൽ മരിച്ചത്. എന്താണ് മരണകാരണമെന്ന് ആർക്കും അറിയില്ല. അപസ്മാരമാണ് മരണകാരണം എന്ന് മാത്രമാണ് മാതാപിതാക്കൾ നാട്ടുകാരോട് പറഞ്ഞിരുന്നത്. 

ഇന്ന് പുലർച്ചെ മരിച്ചത് 93 ദിവസം മാത്രം പ്രായമായ കുഞ്ഞാണ്. കുഞ്ഞിന്‍റെ പോസ്റ്റ്‍മോർട്ടം പോലും നടത്താതെ 10 മണിയോടെ സംസ്കാരച്ചടങ്ങുകൾ നടത്തി. ഇതിന് മുമ്പ് മരിച്ച കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളും പോസ്റ്റ്‍മോർട്ടം നടത്താതെ തന്നെയാണ് സംസ്കരിച്ചതെന്നത് ദുരൂഹത കൂട്ടുന്നു. 

കുട്ടികൾ തുടർച്ചയായി മരിച്ചിട്ടും ഡോക്ടർമാരെ കാണാനോ വൈദ്യസഹായം തേടാനോ മാതാപിതാക്കൾ ശ്രമിച്ചിരുന്നില്ല. 

അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

click me!