സിയാദിന്റേത് രാഷ്ട്രീയ കൊലപാതകം, ഉന്നതതല അന്വേഷണം വേണമെന്നും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി

By Web TeamFirst Published Aug 22, 2020, 12:50 PM IST
Highlights

മന്ത്രി ജി സുധാകരൻ തന്റെ പ്രസ്താവനയിൽ പരസ്യ വിശദീകരണം നൽകിയിട്ടുണ്ട്. കോൺഗ്രസ് കൗൺസിലറുടെ ബന്ധം രാഷ്ട്രീയ കൊലപാതകം വ്യക്തമാക്കുന്നുവെന്നും നാസർ പറഞ്ഞു

ആലപ്പുഴ: കായംകുളം സിയാദ് വധത്തിൽ മന്ത്രി ജി. സുധാകരന്‍റെ വിവാദ പരാമർശത്തോടെ വെട്ടിലായ സിപിഎം, കേസിൽ ഉന്നതല അന്വേഷണം ആവശ്യമെന്ന നിലപാടിലേക്ക് ചുവടുമാറ്റുന്നു. സിയാദിന്‍റേത് കോൺഗ്രസ് നേതൃത്വം അറിഞ്ഞുള്ള രാഷ്ട്രീയ കൊലപാതകമാണെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ പറഞ്ഞു.

സിയാദ് വധത്തിൽ സിപിഎം സംസ്ഥഥാന സെക്രട്ടറിയുടെ നിലപാടിന് വിരുദ്ധമായി,  മന്ത്രി ജി. സുധാകരൻ നടത്തിയ പരാമർശം പാർട്ടിക്കുള്ളിൽ വലിയ വിവാദമായി.  ഇതോടെയാണ്, പൊലീസ് അന്വേഷണത്തിൽ വീഴ്ചയുണ്ടെന്ന പുതിയ നിലപാടിലേക്ക് പാർട്ടി മാറിയത്. നിലവിലെ ഉദ്യോഗസ്ഥരിൽ നിന്ന് കേസ് മാറ്റണം. കോൺഗ്രസ് കൗൺസിലർക്കും നേതാക്കൾക്കുമുള്ള പങ്ക് സമഗ്രമായി അന്വേഷിക്കണം എന്നും നാസർ പറഞ്ഞു.

സിയാദ് വധത്തിൽ കോൺഗ്രസ്‌ ബന്ധം ആരോപിക്കുന്നത് സിപിഎം നിലനിൽപ്പിന്റെ ഭാഗമാണെന്ന് ആലപ്പുഴ ഡിസിസി പ്രസിഡന്റ് എം ലിജു പറഞ്ഞു. കായംകുളത്ത് ഗുണ്ടകളെ വളർത്തുന്നത് സിപിഎം ആണ്. ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രിയായ ജി സുധാകരൻ തന്നെ കായംകുളത്ത് ഗുണ്ടാ മാഫിയയുണ്ടെന്നു സമ്മതിക്കുന്നു. ക്വട്ടേഷൻ, ബ്ലേഡ് മാഫിയ ടീമിനു സിപിഎം നേതാക്കളുമായി നേരിട്ട് ബന്ധമുണ്ട്. ഇവരുടെ ഫോൺ കോൾ പരിശോധിക്കണമെന്നും ലിജു പറഞ്ഞു. 

സിയാദിന്റെ കൊലപാതകം സംബന്ധിച്ചുള്ള മന്ത്രി ജി സുധാകരന്റെ പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു എം ലിജു. ക്വട്ടേഷൻ സംഘത്തിന്‍റെ പ്രവർത്തനങ്ങൾ ചോദ്യം ചെയ്തതിനാണ് സിയാദിനെ വകവരുത്തിയത് എന്ന് ജി സുധാകരൻ പറഞ്ഞിരുന്നു. കായംകുളത്ത് ക്വട്ടേഷൻ സംഘത്തെ വളർത്തുന്നത് വലതുപക്ഷ രാഷ്ട്രീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. 

കായംകുളത്തെ ഗുണ്ടാമാഫിയാ സംഘങ്ങളെ ഒതുക്കാൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്കും മുഖ്യമന്ത്രിക്കും കോൺഗ്രസ് പരാതി നൽകി. സിയാദ് വധക്കേസിൽ മുഖ്യപ്രതി മുജീബ് ഉൾപ്പെടെ എല്ലാവരും അറസ്റ്റിലായെന്ന നിലപാടിലാണ് പൊലീസ്. വ്യക്തിവിരോധം തീർക്കാനുള്ള കൊലപാതകമെന്നാണ് റിമാൻഡ് റിപ്പോ‍ർട്ടിലടക്കം അന്വേഷണസംഘം രേഖപ്പെടുത്തിയിരിക്കുന്നത്.

click me!