
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് കാനഡയിലും കമ്പനിയുണ്ടെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെ കമ്പനിയുടെ ഉടമസ്ഥരുടെ പേരുകളിലും മേൽവിലാസത്തിലും തിടുക്കപെട്ട് തിരുത്തൽ. കാനഡയിലെ ടൊറന്റോ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്കൈ ഇലവൻ ഇൻകോർപ്പറേറ്റ്സ് എന്ന കമ്പനിയുടെ ഡയറകടർഷിപ്പിലും വിലാസത്തിലുമാണ് കഴിഞ്ഞ ദിവസം മാറ്റം വരുത്തിയത്. എക്സ്ലോജിക്ക് മരവിപ്പിച്ച് മാസങ്ങൾക്കുള്ളിലാണ് കാനഡയിൽ സ്കൈ 11 കമ്പനി തുടങ്ങിയത്.
കാനഡയിലെ ടൊറന്റോ ആസ്ഥാനമായി 2023 മാർച്ചിലാണ് സ്കൈ ഇലവൻ ഇൻകോർപ്പറേറ്റ്സ് എന്ന കമ്പനി തുടങ്ങിയത്. പ്രൊഫഷണലുകൾക്കും, സ്ഥാപാനങ്ങൾക്കും കൺസൾട്ടൻസി, ട്രെയിനിംഗ് സേവനങ്ങൾ നൽകുന്ന കമ്പനി എന്നാണ് വെബ്സൈറ്റിൽ കാണിക്കുന്നത്. സ്കൈ 11 നെ കുറിച്ച് വിവരങ്ങൾ നൽകുന്ന പ്രൊഫഷണൽ വെബ്സൈറ്റുകൾ പ്രകാരം, കമ്പനി മാനേജിങ് ഡയറക്ടർ വീണ ടി. ആണ്. വീണയുടെയും, സ്കൈ 11ന്റെയും ലിങ്ക്ഡ് ഇൻ പ്രൊഫൈലിലും ഇത് കാണാം. ഈ വിവരം പുറത്ത് വന്നതിന് പിന്നാലെയാണ് കമ്പനി ഡയക്ടർഷിപ്പിലും അഡ്രസ്സിലും മാറ്റം വരുത്തിയത്. കമ്പനി ഡയറക്ടർ ബോർഡ് അംഗമായ കനേഡിയൻ പൗരത്വമുള്ള ദീപക് യശ്വന്ത് സായിബാബയാണ് അപേക്ഷ നൽകിയത്. എക്സാലോജിക്കിന്റെ തുടക്കം വീണയ്ക്ക് ഒപ്പം പ്രവര്‍ത്തിക്കുന്ന ആളാണ് ദീപക് സായിബാബ. കനേഡിയൻ സർക്കാരിന്റെ വെബ്സൈറ്റിൽ നിന്നും തന്നെയാണ് ഈ അപേക്ഷ കിട്ടിയത്. തിരുത്തലിന് അപേക്ഷ നൽകിയത് ഫെബ്രുവരി 15ന് എന്ന് സ്ഥിരീകരിക്കുന്നുണ്ട്.
അതായത് വീണയ്ക്ക് കാനഡിയിലും കമ്പനി ഉണ്ടെന്ന് വിവരം പുറത്ത് വന്നതിന് ശേഷമാണ് കമ്പനി വിവരങ്ങളിൽ തിരക്ക് പിടിച്ച് മാറ്റം വരുത്തിയത്. കൂടാതെ വീണയുടെയും സ്കൈ 11ന്റെയും ലിങ്ക്ഡ്ഇൻ പ്രൊഫൈലുകളിലും മാറ്റം വരുത്തി. വീണയുടെ ലിങ്കഡ് ഇൻ പ്രൊഫൈലിൽ നേരത്തെ സ്കൈ 11 കമ്പനി ചേർത്തിരുന്നു. ഇത് പെട്ടെന്ന് അപ്രത്യക്ഷമായി. സ്കൈ 11 കമ്പനിയുടെ ലിങ്ക്ഡ് ഇൻ പ്രൊഫൈലിൽ നിന്ന് വീണയുടെ പേരും മാറ്റി. കമ്പനിയുമായി ബന്ധപ്പെട്ട ആളുകളുടെ വിവരങ്ങളും ഒഴിച്ചാക്കിയിട്ടുണ്ട്. ഒരു ജീവനക്കാരന്റെ വിവരങ്ങൾ മാത്രമാണ് നിലവിൽ കാണിക്കുന്നത്. ഈ ജീവനക്കാരന്റെ ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ എക്സലോജിക്കിനെയാണ് മുൻ കമ്പനിയായി കാണിക്കുന്നത്.
വീണ വിജയന് തിരിച്ചടി, എസ്എഫ്ഐഒ അന്വേഷണം തുടരും; എക്സാലോജിക്കിന്‍റെ ഹർജി തള്ളി കർണാടക ഹൈക്കോടതി
എക്സാലോജിക്കിൽ സോഫ്റ്റ്വെയർ ഡവലപ്പർ ആയിരുന്നു ഈ ജീവനക്കാരൻ. മുഖ്യമന്ത്രിയുടെ മകൾ നിയമാനുസൃതമായി തുടങ്ങിയ കമ്പനിയെങ്കിൽ, പിന്നെ എന്തിനാണ് തിരക്ക് പിടിച്ച് വിവരങ്ങൾ തിരുത്തിയത് എന്ന ചോദ്യമാണ് ഉയരുന്നത്.
മാസപ്പടി കേസിലെ പരാതിക്കാരനായ ഷോൺ ജോർജ്ജാണ് സ്കൈ 11 സംബന്ധിച്ച ആരോപണം ഫേസ്ബുക്കിലൂടെ ആദ്യം ഉന്നയിച്ചത്. മാസപ്പടിയിൽ ആദായ നികുതി വകുപ്പ് നടപടികൾ തുടരുന്നതിനിടെയായിരുന്നു എക്സാലോജിക്ക് മരവിപ്പിച്ചത്. ഇതിന് പിന്നാലെ പുതിയ കമ്പനി തുടങ്ങിയതും, വിവരങ്ങൾ പുറത്ത് വന്നതിന് ശേഷം കമ്പനി വിവരങ്ങളിൽ മാറ്റം വരുത്തിയതും ഏറെ ചോദ്യങ്ങൾക്ക് വഴിവയ്ക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam