ഉറക്കം നോട്ടുകെട്ട് കിടക്കയില്‍, ചുമക്കുന്ന പാ‍‍ര്‍ടിയും അധഃപതിച്ചു; അഭിനവ ഹിറ്റ്‌ലറാണ് പിണറായി എന്ന് സുധാകരൻ

Published : Mar 10, 2024, 05:37 PM ISTUpdated : Mar 10, 2024, 05:38 PM IST
ഉറക്കം നോട്ടുകെട്ട് കിടക്കയില്‍, ചുമക്കുന്ന പാ‍‍ര്‍ടിയും അധഃപതിച്ചു; അഭിനവ ഹിറ്റ്‌ലറാണ് പിണറായി എന്ന് സുധാകരൻ

Synopsis

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം കഴിഞ്ഞതോടെ വിറളിപിടിച്ചതുകൊണ്ടാണ് കോണ്‍ഗ്രസിനെ അപമാനിച്ചു പിണറായി പ്രസംഗിച്ചത്.

തിരുവനന്തപുരം: മാസപ്പടിയായും വാര്‍ഷികപ്പടിയായും കിട്ടുന്ന നോട്ടുകെട്ടുകള്‍ നിറച്ച കിടക്കയിലുറങ്ങുന്ന പിണറായി വിജയനെ ചുമക്കുന്ന സിപിഎം എന്ന പാര്‍ട്ടി അധഃപതനത്തിന്റെ നെല്ലിപ്പലകയിലെത്തിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. പാവപ്പെട്ടവന്റെ ക്ഷേമ പെന്‍ഷനില്‍നിന്ന് കയ്യിട്ടുവാരി പോസ്റ്ററടിക്കുന്ന നിങ്ങളെയോര്‍ത്ത് തല കുനിക്കാത്ത ഒരു മലയാളിപോലും ഇന്നില്ല. ടിപി ചന്ദ്രശേഖരനെയും ഷുഹൈബിനെയും കൃപേഷിനെയും ശരത്‌ലാലിനെയും ഏറ്റവുമൊടുവില്‍ സിദ്ധാര്‍ത്ഥനെയും കൊലയ്ക്കുകൊടുത്ത അഭിനവ ഹിറ്റ്‌ലറാണ് ഇദ്ദേഹം. എകെജിയും പി കൃഷ്ണപിള്ളയും ഇഎംഎസും പകര്‍ന്നു തന്ന കമ്യൂണിസ്റ്റ് മൂല്യങ്ങളെല്ലാം പിണറായി ആറടി മണ്ണില്‍ കുഴിച്ചുമൂടിയെന്നും സുധാകരന്‍ പറഞ്ഞു. 

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം കഴിഞ്ഞതോടെ വിറളിപിടിച്ചതുകൊണ്ടാണ് കോണ്‍ഗ്രസിനെ അപമാനിച്ചു പിണറായി പ്രസംഗിച്ചത്. എന്നാല്‍ ഇത്രയും ഗംഭീരമായ ഒരു സ്ഥാനാര്‍ത്ഥി നിര്‍ണയം സമീപകാലത്തൊന്നും യുഡിഎഫില്‍ ഉണ്ടായിട്ടില്ല. തൃശൂരില്‍ ഇടതുപക്ഷ- ബിജെപി സഖ്യത്തെ കെ മുരളീധരന്‍ ഒറ്റ ദിവസംകൊണ്ടാണ് പൊളിച്ചടുക്കിയത്. തന്റെ യോഗത്തിന് ആളില്ലെന്നു പറഞ്ഞ് സുരേഷ് ഗോപി തിരുവനന്തപുരത്തേക്കുള്ള വണ്ടികയറാന്‍ നില്ക്കുകയാണ്. ആലപ്പുഴയില്‍ സിപിഎമ്മിന്റെ  ഏക കനലിനെ കെസി വേണുഗോപാല്‍ ഊതിക്കെടുത്തിക്കഴിഞ്ഞു. വടകരയില്‍ കോണ്‍ഗ്രസിന്റെ യുവതുര്‍ക്കി ഷാഫി പറമ്പില്‍ സിപിഎമ്മിനെ ഞെട്ടിച്ചിരിക്കുകയാണ്. 20 മണ്ഡലങ്ങളിലും ഇതാണ് സ്ഥിതി. 

തലകുത്തിനിന്നാല്‍ പോലും ബിജെപി കേരളത്തില്‍ ഒരു സീറ്റിലും വിജയിക്കില്ലെന്ന്  കോണ്‍ഗ്രസ് ഉറപ്പാക്കിയിട്ടുണ്ട്. അങ്ങനെയൊരു നിലപാടെടുക്കാന്‍ സിപിഎമ്മിനു സാധിക്കുമോ? 2021ലെ നിയമസഭാ തെരഞ്ഞെടുപ്പു മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന സിപിഎം-ബിജെപി കൂട്ടുകെട്ട് 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ കൂടുതല്‍ സുദൃഢമായിട്ടുണ്ട്. സംഘപരിവാര്‍ ശക്തികള്‍ക്കെതിരേ രാജ്യവ്യാപകമായി കോണ്‍ഗ്രസ് നടത്തുന്ന പോരാട്ടങ്ങള്‍ക്കു നേരേ കണ്ണടയ്ക്കുന്ന പിണറായി, ആര്‍എസ്എസിനെ ചെറുക്കുന്നത് അവര്‍ മാത്രമാണെന്ന് അവകാശപ്പെടുന്നതും കോണ്‍ഗ്രസിന്റെ പോരാട്ടവും തമ്മില്‍ ആനയും  ആടും  പോലെയുള്ള വ്യത്യാസമുണ്ട്.  

ബിജെപിയിലേക്ക് ആരെങ്കിലും പോയാല്‍ സുരേന്ദ്രനേക്കാള്‍ ആര്‍ത്തുല്ലസ്സിക്കുന്ന സംഘപരിവാര്‍ മനസ്സാണ് പിണറായി വിജയന്റേത്. ബിജെപിയെ കേരളത്തില്‍ മുഖ്യപ്രതിപക്ഷമായി ഉയര്‍ത്തിക്കൊണ്ടുവരാനുള്ള അച്ചാരം വാങ്ങിയ സിപിഎം നേതാവും പിണറായി വിജയനാണ്. കോണ്‍ഗ്രസിനെ നശിപ്പിക്കണമെന്നും തകര്‍ക്കണമെന്നുമാണ് സിപിഎമ്മും ബിജെപിയും  ആഗ്രഹിക്കുന്നത്. ഇതിന് മോദിയുടെയും അമിത്ഷായുടെയും അനുചരന്‍മാരായ ഉന്നത സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ ഇടനിലക്കാരായി നിയോഗിച്ചിരിക്കുകയാണ്. കോണ്‍ഗ്രസില്‍നിന്ന് അടര്‍ത്തിയെടുത്ത ചില നേതാക്കളെയും ഇതിനായി വിനിയോഗിക്കുന്നു.   

ശ്രീ എമ്മിന്റെ സാന്നിധ്യത്തില്‍ നടന്ന ബിജെപി- സിപിഎം ചര്‍ച്ചയും, ശ്രീ എമ്മിനു തിരുവനന്തപുരം ആക്കുളത്ത് സൗജന്യമായി നല്കിയ നാലരയേക്കര്‍ ഭൂമിയില്‍ നിര്‍മിക്കുന്ന യോഗസെന്ററിനു തറക്കല്ലിടാന്‍  പിണറായി എത്തിയതും മകള്‍ വീണാ വിജയനെതിരായ എസ്എഫ്‌ഐഒ  അന്വേഷണം  ഒത്തുതീര്‍പ്പ് ആക്കുന്നതിന്റെ ഭാഗമാണോയെന്ന്  സംശയിക്കേണ്ട എല്ലാ സാഹചര്യവുമുണ്ട്. പിണറായി വിജയനെ എപ്പോള്‍ വേണമെങ്കിലും കയ്യാമം വയ്ക്കാവുന്ന സ്വര്‍ണക്കടത്ത് കേസ്, ഡോളര്‍ കടത്തുകേസ്, ലൈഫ് മിഷന്‍ അഴിമതി എന്നിവ വര്‍ഷങ്ങളായി മെല്ലപ്പോക്കിലാണ്. മാസപ്പടി കേസും അതേ രീതിയില്‍ ഒത്തുതീര്‍പ്പാകും എന്നാണ് സൂചനകള്‍. ലാവ്‌ലിന്‍ കേസ് 39 തവണ മാറ്റിവച്ച് സര്‍വകാല റിക്കാര്‍ഡിട്ടു.  ബിജെപി അധ്യക്ഷന്റെ കുഴല്‍പ്പണ കേസ് പിണറായി വിജയനും പ്രത്യുപകരമായി ചവട്ടിപ്പിടിച്ചിരിക്കുകയാണെന്ന് സുധാകരന്‍ പറഞ്ഞു. 

ഓൺലൈനിൽ മോദിയും മുഖ്യനും ഗവർണറും ചേരും! 46 വർഷത്തെ കാത്തിരിപ്പിനൊടുവിൽ മാഹി-തലശേരി സൂപ്പർറോഡ് നാളെ തുറക്കും!

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എംപിമാർ മത്സരിക്കില്ല, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടില്ലെന്നും തീരുമാനം; കോൺ​ഗ്രസ് യോ​ഗത്തിൽ നിന്ന് വിട്ടുനിന്ന് ശശിതരൂർ
പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരം മേയറെ സ്വീകരണ പരിപാടിയിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് മന്ത്രി വി ശിവൻകുട്ടി