കരാറുകാര്‍ക്ക് സമയം നീട്ടിനല്‍കില്ല, പുതിയതായി ഒരു റോഡും കുഴിക്കരുതെന്ന് നിര്‍ദ്ദേശം: സ്മാര്‍ട്ട് സിറ്റി സിഇഒ

By Web TeamFirst Published Apr 26, 2022, 9:03 AM IST
Highlights

നിലവിലെ കുഴികള്‍ മൂടിയ ശേഷമേ ഇനി റോഡ് കുഴിക്കു. കരാര്‍ കമ്പനിക്ക് വിദഗ്ദ തൊഴിലാളികളില്ലെന്നും സ്മാര്‍ട്ട് സിറ്റി സിഇഒ വിനയ് ഗോയല്‍ പറഞ്ഞു. 
 

തിരുവനന്തപുരം: മെയ് 31 നകം പണി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കരാറുകാരെ മാറ്റുമെന്ന് സ്മാര്‍ട്ട് സിറ്റി (smart city ceo) സിഇഒ ഏഷ്യാനെറ്റ് ന്യൂസിനോട്. കരാറുകാര്‍ക്ക് ഇനി സമയം നീട്ടി നല്‍കില്ല. പുതുതായി ഒരു റോഡും കുഴിക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവിലെ കുഴികള്‍ മൂടിയ ശേഷമേ ഇനി റോഡ് കുഴിക്കു. കരാര്‍ കമ്പനിക്ക് വിദഗ്ദ തൊഴിലാളികളില്ലെന്നും സ്മാര്‍ട്ട് സിറ്റി സിഇഒ വിനയ് ഗോയല്‍ പറഞ്ഞു. 

സ്മാർട്ടാക്കാൻ ശ്രമിച്ച് കുളമായി മാറിയ നഗര ഹൃദയത്തിലെ പല ഇടറോഡുകളുടെയും അവസ്ഥ ഏഷ്യാനെറ്റ് ന്യൂസിന്‍റെ സ്മാര്‍ട്ടല്ല സിറ്റി എന്ന വാര്‍ത്താ പരമ്പരയാണ് പുറത്ത് കൊണ്ട് വന്നത്. ഇതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ചു. നിർമ്മാണ കമ്പനിയായ എൻഎ കൺസ്ട്രക്ഷന്‍റെ പരിചയക്കുറവും ഉദാസീനതയുമാണ് പണി ഇഴയാൻ കാരണമെന്നായിരുന്നു ഉന്നതതല യോഗത്തിന്‍റെ വിലയിരുത്തൽ.

എന്നാല്‍ നിര്‍മ്മാണം വൈകുന്നതില്‍ ഉത്തരവാദികൾ കരാർ കമ്പനി മാത്രമല്ലെന്നും സർക്കാരിനും അതിൽ പങ്കുണ്ടെന്നും എൻഎ കൺസ്ട്രക്ഷൻ പ്രസിഡന്‍റ് എ കൗശിക് വിശദീകരിച്ചു. സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനക്കുറവാണ് നിര്‍മ്മാണം ഇഴഞ്ഞ് നീങ്ങാൻ കാരണം. കുടിവെള്ളപൈപ്പ് ഇടുന്നതില്‍ കാലതാമസം ഉണ്ടായി. പണം യഥാസമയം ലഭിക്കുന്നില്ല. ഇരുഭാഗത്തും പ്രശ്നങ്ങൾ ഉണ്ടെന്നിരിക്കെ സർക്കാർ കരാർ കമ്പനിയെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും കൗശിക് പറഞ്ഞു. 

click me!