മരട്: സമയപരിധി നീട്ടിനല്‍കാനാവില്ല, നിലപാട് കടുപ്പിച്ച് അധികൃതര്‍

By Web TeamFirst Published Oct 2, 2019, 4:41 PM IST
Highlights

ഫ്ലാറ്റുകളിൽ നിന്ന് സുഗമമായി ഒഴിയാൻ വേണ്ടി മാത്രമാണ് വൈദ്യുതിയും ജലവിതരണവും പുനഃസ്ഥാപിച്ചത്.ഒഴിയാനുള്ള കാലാവധി കഴിഞ്ഞാൽ ഇവ രണ്ടും വിഛേദിക്കും.
 

കൊച്ചി: മരടിലെ ഫ്ലാറ്റുടമകള്‍ക്ക് ഒഴിഞ്ഞുപോകാന്‍ സമയം നീട്ടിനല്‍കില്ലെന്ന് സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ പറഞ്ഞു. ഒഴിപ്പിക്കന്‍ നടപടിയുമായി മുന്നോട്ടുപോകും. ഒഴിഞ്ഞുപോകാത്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

ഫ്ലാറ്റുടമകളില്‍ 94 പേര്‍ മാത്രമാണ് താല്‍ക്കാലിക പുനരധിവാസത്തിന് അപേക്ഷ നല്‍കിയിട്ടുള്ളതെന്ന് സ്നേഹില്‍ കുമാര്‍ പറഞ്ഞു. പുനരധിവാസം ആവശ്യം ഉള്ളവർക്ക് അപേക്ഷിക്കാൻ രണ്ട് തവണ അവസരം നൽകിയതാണ്. ഇനിയും സമയം നീട്ടിനല്‍കാനാവില്ല. ഫ്ലാറ്റുകളിൽ നിന്ന് സുഗമമായി ഒഴിയാൻ വേണ്ടി മാത്രമാണ് വൈദ്യുതിയും ജലവിതരണവും പുനഃസ്ഥാപിച്ചത്.ഒഴിയാനുള്ള കാലാവധി കഴിഞ്ഞാൽ ഇവ രണ്ടും വിഛേദിക്കും.

ഫ്ലാറ്റുകള്‍ പൊളിക്കുന്ന കാര്യത്തില്‍ പരിസരവാദികള്‍ ഭയപ്പെടേണ്ടതില്ല. ഫ്ളാറ്റുകൾ പൊളിക്കുന്ന സമയത്ത് നഷ്ടങ്ങൾ ഉണ്ടായാൽ, കരാറെടുത്ത ഏജൻസികളിൽ നിന്ന് ഈടാക്കി പരിസരവാസികള്‍ക്ക് നല്‍കുമെന്നും സബ് കളക്ടര്‍ അറിയിച്ചു. ഫ്ലാറ്റുകള്‍ നിയന്ത്രിതസ്ഫോടനത്തിലൂടെ പൊളിക്കുന്നതില്‍ ആശങ്ക അറിയിച്ച് പരിസരവാസികള്‍ രംഗത്തുവന്ന സാഹചര്യത്തിലായിരുന്നു സ്നേഹില്‍കുമാറിന്‍റെ പ്രതികരണം.

Read Also:'ഫ്ലാറ്റ് പൊളിക്കുമ്പോൾ വീട് തകരില്ലേ? എന്ത് സുരക്ഷയുണ്ട് ഉറപ്പു തരാൻ?', മരടിലെ നാട്ടുകാർ

മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് ഒഴിയാനുള്ള കാലാവധി നാളെയാണ് അവസാനിക്കുന്നത്. ഇതിനു മുന്നോടിയായി ഫ്ലാറ്റുകളില്‍ വിവരങ്ങള്‍ ശേഖരിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടമകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഫ്ലാറ്റുകള്‍ ഒഴിയാനുള്ള സമയപരിധി നീട്ടണമെന്നും പുനരധിവാസത്തിന്‍റെ കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

Read Also: മരട്: വിവരങ്ങൾ ശേഖരിക്കാനെത്തിയ ഉദ്യോ​ഗസ്ഥർക്കെതിരെ ഫ്ലാറ്റ് ഉടമകളുടെ പ്രതിഷേധം

സമയപരിധി നീട്ടണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് നഗരസഭ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പുനഃസ്ഥാപിച്ച വൈദ്യുതി, വെള്ളം കണക്ഷനുകള്‍ നാളെ വൈകിട്ട് വിഛേദിക്കുമെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചിരുന്നു.

താമസിക്കാനായി നഗരസഭ വാടകയ്ക്ക്  എടുത്ത് നൽകിയ ഫ്ലാറ്റുകളിൽ പലതിലും ഒഴിവില്ലാത്തതിനാല്‍ കൂടുതല്‍  സമയം വേണമെന്നാണ് മരടിലെ  ഫ്ലാറ്റ് ഉടമകളുടെ  ആവശ്യം. 521 ഫ്ലാറ്റുകൾ മരടിലെ ഫ്ലാറ്റ് ഉടമകള്‍ക്കായി ജില്ലാഭരണകൂടം കണ്ടെത്തിയിരുന്നെങ്കിലും ഇവിടെ ഒഴിവില്ലെന്നും വിളിച്ച് അന്വേഷിക്കുമ്പോള്‍ ചീത്തവിളിയാണ് കിട്ടുന്നതെന്നുമാണ് ഒരു വിഭാഗം ഫ്ലാറ്റ് ഉടമകളുടെ ആരോപണം. 180 കുടുംബങ്ങൾക്ക് താമസ സൗകര്യം ഇതുവരെ ലഭ്യമായിട്ടില്ല. വാടകയ്ക്ക് താമസിക്കുന്നവര്‍ മാത്രമാണ് മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് ഒഴിഞ്ഞുപോയതെന്നും ഇവര്‍ പറഞ്ഞിരുന്നു. 

Read Also: ഫ്ലാറ്റുകൾ നാളെ തന്നെ ഒഴിയണമെന്ന് നഗരസഭ; ഒഴിയില്ലെന്ന് ഉടമകൾ

click me!