
കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ തദ്ദേശസ്വയംഭരണ വകുപ്പ് ചീഫ് എഞ്ചീനീയറുടെ നേതൃത്വത്തിലുള്ള വിദഗ്ധരുടെ സഹായം തേടുമെന്ന് ഫോർട്ട് കൊച്ചി സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗ് . ചെന്നൈ ഐഐടി, കോഴിക്കോട് എൻഐടി , കുസാറ്റ് എന്നിവരുടെ സഹായവും തേടി. എന്നാൽ ഫ്ലാറ്റ് പൊളിക്കൽ എന്ന് തുടങ്ങുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനായി മരട് മുൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതല നൽകി സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥനാണ് സ്നേഹിൽ കുമാർ സിംഗ്.
വെള്ളം, വൈദ്യുതി കണക്ഷനുകൾ വിഛേദിക്കാൻ കെഎസ്ഇബിയുടെയും വാട്ടർ അതോറിറ്റിയുടെയും സഹായം തേടാനാണ് പൊലീസിന്റെയും തീരുമാനം. ഇതിനായി ഇന്ന് കത്ത് നൽകും. വെളളിയാഴ്ചക്കകം കണക്ഷൻ വിഛേദിക്കാനാണ് നഗരസഭ നോട്ടീസ് നൽകിയിരിക്കുന്നത്. ഉടമകളുടെ കനത്ത പ്രതിഷേധത്തിനിടെയാണ് ഫ്ലാറ്റുകളിലെ വെള്ളം ,പാചകവാതകം, വൈദ്യുതി തുടങ്ങിയവ റദ്ദ് ചെയ്യുന്നതിനുള്ള നോട്ടീസ് നഗരസഭ നല്‍കിയത്. തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച മരടിലെ നാല് ഫ്ലാറ്റുകൾ പൊളിക്കാൻ വൈകുന്നതിനെതിരെ സുപ്രീംകോടതി രൂക്ഷവിമർശനം ഉന്നയിച്ചതോടെയാണ് മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള നടപടികൾ സർക്കാർ ഊർജിതമാക്കിയത്.
ഘട്ടംഘട്ടമായുളള നടപടികളിലൂടെ ഫ്ലാറ്റിലെ താമസക്കാരുടെ ചെറുത്തുനിൽപ്പിനെ തടയാമെന്നാണ് സർക്കാരിന്‍റെ കണക്കുകൂട്ടൽ.
എന്നാൽ പാചകവാതകവും വൈദ്യുതിയും റദ്ദ് ചെയ്താലും ഫ്ലാറ്റുകളില്‍ നിന്ന് ഒഴിഞ്ഞുപോവില്ലെന്നും മറ്റ് നടപടികള്‍ നോക്കുമെന്നുമുള്ള നിലപാടിൽ ആണ് ഫ്ലാറ്റ് ഉടമകള്‍. കുടിയൊഴിപ്പിക്കലിനെതിരായ ഹർജി ഹൈക്കോടതിയും തളളിയതോടെ സമരപരിപടികളുമായി മുന്നോട്ട് പോകാൻ ആണ് ഫ്ലാറ്റുടമകളുടെ തീരുമാനം. മരടിലെ ഫ്ലാറ്റ് പൊളിയ്ക്കുന്നതുമായി ബന്ധപ്പെട്ട ഒരു ഹർജിയും രാജ്യത്തെ മറ്റൊരു കോടതിയും പരിഗണിക്കരുതെന്ന സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹർജി തള്ളിയത്. മരട് കേസിലെ അന്തിമ ഉത്തരവ് വെള്ളിയാഴ്ച സുപ്രീം കോടതി പുറപ്പെടുവിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam