
തിരുവനന്തപുരം: തൊണ്ടയിൽ മുള്ള കുടുങ്ങി സർക്കാർ ആശുപത്രിയിൽ എത്തിയപ്പോള്‍ ആശുപത്രിയിലെ തന്നെ എക്സ്-റേ മെഷീൻ തട്ടി നട്ടെല്ലൊടിഞ്ഞ ചിറയിൻകീഴ് സ്വദേശിനി ആദിത്യയുടെ വീട് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ സന്ദര്‍ശിച്ചു. ആദിത്യയുടെ അനുഭവം ആ കുടുംബത്തെ ഏറെ ഉലച്ചുവെന്ന് ശോഭ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ കൈകഴുകി. തുടർചികിത്സയ്ക്കുള്ള പണമില്ലാതെ ആ കുടുംബവും കുഞ്ഞും കഷ്ടപ്പെടുന്നത് കണ്ടാൽ മനുഷ്യനായി പിറന്ന ആർക്കും അവരെ ആ അവസ്ഥയിൽ ഉപേക്ഷിക്കാനാവില്ല. സർക്കാർ അതും ചെയ്തു. നട്ടെല്ല് ഒടിഞ്ഞ കുട്ടിയെ പ്രാഥമികകൃത്യങ്ങൾക്ക് പോലും കൊണ്ടുപോകണമെങ്കിൽ വീടിന് പുറത്തുള്ള ടോയ്‌ലെറ്റിൽ എടുത്തുകൊണ്ടു പോകണം എന്ന അവസ്ഥയാണെന്നും ശോഭ പറഞ്ഞു.
ശോഭ സുരേന്ദ്രന്‍റെ കുറിപ്പ് വായിക്കാം
നെഞ്ചുലച്ച ഒരു കാഴ്ചയ്ക്ക് ശേഷമാണ് ഈ കുറിപ്പ് എഴുതുന്നത്. തൊണ്ടയിൽ മുള്ള് കുടുങ്ങി സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കെത്തുകയും ആശുപത്രിയിലെ തന്നെ എക്സ്-റേ മെഷീൻ തട്ടി നട്ടെല്ലൊടിയുകയും ചെയ്ത ചിറയിൻകീഴ് സ്വദേശിനി ആദിത്യയുടെ വീട് സന്ദർശിച്ചു. സ്വന്തമായി വീടില്ലാത്തതിനാൽ അമ്മാവന്റെ രണ്ടു മുറി വീട്ടിലാണ് ആദിത്യയും കുടുംബവും താമസിക്കുന്നത്. പരിമിതമായ സാഹചര്യങ്ങളിൽ ഏറെ പ്രതീക്ഷയോടെയാണ് ആ കുടുംബം ആദിത്യയെ BSC നഴ്സിങ്ങിന് പഠിക്കാൻ അയച്ചത്. അവൾക്കൊരു ജോലി ലഭിക്കുമ്പോൾ ആ കുടുംബം തങ്ങൾ ഇന്നേവരെ നേരിട്ട ബുദ്ധിമുട്ടുകളിൽ നിന്ന് മോചനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിട്ടുണ്ടാകും.
മിടുക്കിയാണ് നർത്തകി കൂടിയായ ആദിത്യ. പക്ഷെ അവൾക്കിപ്പോഴുണ്ടായ അനുഭവം ആ കുടുംബത്തെ ഏറെ ഉലച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ കൈകഴുകി. തുടർചികിത്സയ്ക്കുള്ള പണമില്ലാതെ ആ കുടുംബവും കുഞ്ഞും കഷ്ടപ്പെടുന്നത് കണ്ടാൽ മനുഷ്യനായി പിറന്ന ആർക്കും അവരെ ആ അവസ്ഥയിൽ ഉപേക്ഷിക്കാനാവില്ല. നമ്മുടെ സർക്കാർ അതും ചെയ്തു. നട്ടെല്ല് ഒടിഞ്ഞ കുട്ടിയെ പ്രാഥമികകൃത്യങ്ങൾക്ക് പോലും കൊണ്ടുപോകണമെങ്കിൽ വീടിന് പുറത്തുള്ള ടോയ്‌ലെറ്റിൽ എടുത്തുകൊണ്ടു പോകണം എന്ന അവസ്ഥയാണ്.
എന്താണ് അവൾ ചെയ്ത കുറ്റം? സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്ക് പോയതോ? ആലപ്പുഴ മെഡിക്കൽ കോളേജിൽ ഗർഭിണിയായ യുവതി മരിച്ച സംഭവം നാം കേട്ടതാണ്. അതിനും പ്രഖ്യാപിച്ചിട്ടുണ്ട് ഒരു അന്വേഷണം. എങ്ങനെയാണ് ഈ നാട്ടിലെ സാധാരണ മനുഷ്യർ ഒരു സർക്കാർ സംവിധാനത്തെ, അതും ആശുപത്രികൾ പോലെയുള്ള ജീവൻ രക്ഷ സേവനങ്ങളിൽ വിശ്വസിക്കുക? ആരോഗ്യവകുപ്പ് അത്രയും നിരുത്തരവാദിത്തപരമായി പെരുമാറിക്കൂടാ. അതിനാൽ ആദിത്യയുടെ മുഴുവൻ ചികിത്സ ചിലവുകളും സർക്കാർ ഏറ്റെടുക്കണം. സ്ഥലം എം എൽ എ ആ വീടൊന്ന് സന്ദർശിക്കാൻ മനസ്സ് കാണിക്കണം. വ്യക്തിപരമായി കുട്ടിയുടെ ചികിത്സയ്ക്ക് വേണ്ട ഒരു തുക ഒരു എളിയ പൊതുപ്രവർത്തക എന്ന നിലയിൽ നൽകി. പക്ഷേ ആ കുട്ടിക്ക് കൂടുതൽ കരുതലും സഹായവും ആവശ്യമുണ്ട്. 'പെൺകുട്ടികൾ പറക്കട്ടെ' എന്ന് പരസ്യം ചെയ്താൽ പോരാ അന്തസ്സോടെ, സുരക്ഷിതമായി അവർക്ക് ജീവിക്കാൻ കഴിയുന്ന സാഹചര്യവും കൂടി ഈ നാട്ടിൽ ഉണ്ടാവണം. ആ കുടുംബത്തിന്റെ ദൈന്യത ആഘോഷിക്കപ്പെടേണ്ട ഒന്നല്ല എന്ന് കരുതി ചിത്രം ഒഴിവാക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam