
പാലക്കാട്: ബിജെപിയില്‍ പരസ്യമായ വിമത നീക്കത്തിന് തുടക്കമിട്ട് ശോഭാ സുരേന്ദ്രൻ (Sobha Surendran) അനുകൂലികൾ പാലക്കാട് പ്രത്യേക യോഗം സംഘടിപ്പിച്ചു. ചിറ്റൂരിൽ, പത്മദുര്‍ഗം സേവാസമിതി പ്രവർത്തക കൺവെൻഷൻ എന്ന പേരിലാണ് യോഗം നടത്തിയത്. കൺവെൻഷൻ പൊളിക്കുന്നതിനായി ബിജെപി സംഘടിപ്പിച്ച സമാന്തര പരിപാടി അവഗണിച്ച് നൂറ് കണക്കിന് പ്രവർത്തകർ യോഗത്തിനെത്തി.
ബിജെപി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്നവരും നിലവിൽ പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നവരും ചേർന്നാണ് ചിറ്റൂരിൽ വിമത കൺവെൻഷൻ നടത്തിയത്. പത്മദുർഗം സേവാ സമിതിയുടെ പേരിൽ സംഘടിപ്പിച്ച വിമതയോഗം ബിജെപി ദേശീയ നിര്‍വ്വാഹക സമതിയംഗം ശോഭാ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബിജെപി ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ, എസ് ആർ ബാലസുബ്രഹ്മണ്യം, വി നടേശൻ തുടങ്ങിയ ബിജെപി നേതാക്കളും പരിപാടിക്കെത്തി. നൂറ് കണക്കിന് പേരാണ് കണ്‍വെൻഷനിൽ പങ്കെടുത്തത്. നേതൃത്വത്തിന്‍റെ പ്രവര്‍ത്തനത്തിൽ വിയോജിപ്പുള്ളവരെ സംഘപരിവാർ ആശയത്തിൽ നിലനിര്‍ത്താനാണ് പരിപാടി സംഘടിപ്പിച്ചതെന്ന് പദ്മദുര്‍ഗം സേവാസമിതി ഭാരവാഹികള്‍ പറയുന്നു.
പാലക്കാട്ട് നടന്നത് വിമത കൺവെൻഷൻ അല്ലെന്നായിരുന്നു ശോഭ സുരേന്ദ്രന്‍റെ നിലപാട്. വിമത യോഗം നടക്കുന്നതറിഞ്ഞ് ബിജെപി ജില്ലാ നേതൃത്വം ചിറ്റൂരിൽ സംസ്ഥാന സര്‍ക്കാരിനെതിരെ മറ്റൊരു പ്രതിഷേധ പരിപാടി സംഘടിപ്പിച്ചെങ്കിലും കാര്യമായ പ്രവര്‍ത്തക പങ്കാളിത്തമുണ്ടായില്ല. വരും ദിവസങ്ങളിൽ ബിജെപി സംസ്ഥാന നേതൃത്വത്തോട് എതിര്‍പ്പുള്ളവരെ പങ്കെടുപ്പിച്ച് കൂടുതൽ ഇടങ്ങളിൽ കണ്‍വെൻഷൻ നടത്താനാണ് വിമത വിഭാഗത്തിന്‍റെ നീക്കം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam