
തിരുവനന്തപുരം: സോളാർ കേസുകളെ പ്രചരണായുധമാക്കിയാണ് ഇടതുസർക്കാർ അധികാരത്തിലേറിയതെങ്കിലും സരിതയും ബിജു രാധാകൃഷ്ണനും ഉൾപ്പെട്ട ഭൂരിപക്ഷം തട്ടിപ്പുകേസുകളും എങ്ങുമെത്തിയില്ല. ആദ്യ പരാതിക്കാരനായ പെരുമ്പാവൂർ സ്വദേശി സജാദിന്‍റെ കേസിൽ പ്രധാന പ്രതികളെല്ലാം കുറ്റവിമുക്തരായി. നഷ്ടപ്പെട്ട നാൽപത് ലക്ഷം കിട്ടില്ലെന്നുറപ്പായതോടെ സജാദും തുടർ നിയമ നടപടികൾ ഉപേക്ഷിച്ചു.
സോളാർക്കേസിന് പിറകേ പിന്നാലെ പോയതോടെ 40 ലക്ഷം മാത്രമല്ല മാനവും പോയെന്നാണ് പെരുമ്പാവൂർ സ്വദേശി സജാദ് പറയുന്നത്. സോളാർ പവർ പ്ലാന്‍റെന്ന സരിതയുടെയും ബിജു രാധാകൃഷ്ണന്‍റെയും വാഗ്ദാനത്തിൽ 2012ൽ നാൽപതുലക്ഷമാണ് നിക്ഷേപിച്ചത്. മുൻ മുഖ്യമന്ത്രിയുടെ പേരുപറഞ്ഞാണ് പ്രതികൾ തന്നെ സമീപിച്ചതെന്ന് പൊലീസിനോട് പറഞ്ഞതോടെ അവരും ഉരുണ്ടുകളിച്ചു. ഒടുവിൽ പരാതി നൽകി ആറുമാസത്തിനുശേഷം 2013 ജൂണിൽ എഫ്ഐആർ ഇട്ടു. ഇതായിരുന്നു ആദ്യ സോളാർക്കേസ്
പക്ഷേ അന്നുമുതൽ ഇന്നുവരെ താൻ വഞ്ചിക്കപ്പെട്ടെന്നാണ് സജാദ് പറയുന്നത്. ഇടതുസർക്കാർ അധികാരത്തിൽവന്നശേഷം 2016 ഡിസംബറിലാണ് കേസിൽ വിധിയുണ്ടായത്. പൊലീസ് ചുമത്തിയ 9 കുറ്റങ്ങളിൽ എട്ടും വിചാരണ വേളയിൽ തളളി. വഞ്ചനാക്കുറ്റത്തിന് മാത്രം ബിജുവും സരിതയും കുറ്റക്കാർ. മൂന്നുവർഷത്തേക്ക് ശിക്ഷിച്ചു. കോടതിയിൽ നിന്ന് ജാമ്യവും നോടി പ്രതികൾ പോയി. ഒടുവിൽ മേൽക്കോടതിയിൽ എത്തി കുറ്റവിമുക്തരായി. പണം തിരിച്ചുകിട്ടില്ലെന്നുറപ്പായതോടെ നിയമപോരാട്ടം ഉപേക്ഷിച്ചു.
കേസ് നടത്തിപ്പ് മൊത്തത്തിൽ അട്ടിമറിക്കപ്പെട്ടെന്നാണ് സജാദ് ആരോപിക്കുന്നത്. പ്രതികൾക്കെതിരായ നിർണായകമായ കേസ് രേഖകളടക്കം ഇല്ലാതായി. പലതും കോടതി മുറിയിൽ പോലും എത്തിയില്ല. അജ്ഞാതമായ വിവിധ അക്കൗണ്ടിൽ നിന്ന് തനിക്ക് 7.50 ലക്ഷം രൂപയെത്തി. നിയമപോരാട്ടം നടത്തിയിട്ടും നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടില്ലെന്ന് ഉറപ്പായതോടെയാണ് പിൻവാങ്ങിയതെന്നും സജാദ് പറയുന്നു. എന്നാൽ പ്രതികളെ വെറുതെ വിട്ടതിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ടെന്നാണ് അന്നത്തെ പ്രത്യേക അന്വേഷണസംഘം പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam