സോളാർ പീഡന കേസ്; അടൂർ പ്രകാശിനെ കുറ്റവിമുക്തമാക്കി സിബിഐ, കോടതിയിൽ റിപ്പോർട്ട് നൽകി

By Web TeamFirst Published Nov 27, 2022, 4:24 PM IST
Highlights

പത്തനംതിട്ട പ്രമാദം സ്റ്റേഡിയത്തിൽ വച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. ബംഗ്ലൂരിവിലേക്ക് വിമാന ടിക്കറ്റ് അയച്ച് ക്ഷണിച്ചുവെന്നും അടൂർ പ്രകാശിനെതിരെ ആരോപണമുണ്ടായിരുന്നു. 

തിരുവനന്തപുരം: സോളാർ പീഡന കേസിൽ അടൂർ പ്രകാശ് എംപിക്ക് സിബിഐയുടെ ക്ലീൻ ചിറ്റ്. പരാതിക്ക് അടിസ്ഥാനമില്ലെന്ന് കാണിച്ച് സിബിഐ തിരുവനന്തപുരം കോടതിയിൽ റിപ്പോർട്ട് നൽകി. പരാതിക്കാരിക്കെതിരെ റിപ്പോർട്ടിൽ രൂക്ഷമായ വിമർശനങ്ങളുണ്ടെന്നാണ് വിവരം. 

വൻ വിവാദമായ സോളാർ ലൈംഗിക പീഡന കേസിൽ ഇത് രണ്ടാമത്തെ നേതാവിനാണ് സിബിഐ ക്ലീൻ ചിറ്റ് നല്‍കുന്നത്. നേരത്തെ ഹൈബി ഈഡൻ എംപിക്കെതിരായ ആരോപണങ്ങളും തള്ളി റിപ്പോർട്ട് നൽകിയിരുന്നു. പത്തനംതിട്ട പ്രമാടം  സ്റ്റേഡിയത്തിൽ വെച്ച് മന്ത്രിയായിരിക്കെ പ്രകാശ് പീഡിപ്പിച്ചെന്നായിരുന്നു പരാതി. വിമാന ടിക്കറ്റ് അയച്ച് ബംഗ്ലൂരുവിലേക്ക് ക്ഷണിച്ചുവെന്നും പരാതിക്കാരി ആരോപണം ഉന്നയിച്ചിരുന്നു. ആരോപണങ്ങൾക്ക് യാതൊരു തെളിവും പരാതിക്കാരിക്ക് ഹാജരാക്കാനായില്ലെന്നാണ് സിബിഐ വിലയിരുത്തൽ. ബംഗ്ലൂരൂവിൽ അടൂ‍ർ പ്രകാശ് റൂമെടുക്കുകയോ ടിക്കറ്റ് അയച്ചുകൊടുക്കുകയോ ചെയ്തിട്ടില്ല. ശാസ്ത്രീയ തെളിവും സാക്ഷിമൊഴികളും ഇല്ല. അടിസ്ഥാന രഹിതങ്ങളായ ആരോപണങ്ങൾ ചേർത്ത് കെട്ടിച്ചമച്ച പരാതിയാണിതെന്ന കണ്ടെത്തലും റിപ്പോർട്ടിലുണ്ടെന്നാണ് സൂചന.

Also Read: പിസി ജോർജ്ജിനെതിരെ കൃത്യമായ തെളിവുകൾ കൈയ്യിലുണ്ടെന്ന് പരാതിക്കാരി

സോളാർ തട്ടിപ്പ് വിവാദങ്ങൾക്ക് പിന്നാലെ വലിയ രാഷ്ട്രീയ ബോംബായാണ് പീഡന വിവാദം ഉയർന്നത്. പരാതിയിൽ ആദ്യം കേസെടുത്തത് ക്രൈംബ്രാഞ്ചായിരുന്നു. പ്രത്യേക സംഘത്തെ വെച്ചുള്ള അന്വേഷണം തെളിവൊന്നുമില്ലാതെ  ഇഴയുന്നതിനിടെയാണ് പിണറായി സർക്കാർ കേസ് സിബിഐക്ക് കൈമാറിയത്. പീഡന കേസിൽ തെളിവില്ലെന്ന് കണ്ടെത്തി ഹൈബി ഈഡൻ എംപിക്ക് സിബിഐ നേരത്തെ ക്ലീൻ ചിറ്റ് നൽകിയിരുന്നു. സോളാര്‍ പദ്ധതി നടപ്പാക്കാൻ സഹായം വാഗ്ദാനം ചെയ്ത് എംഎൽഎ ഹോസ്റ്റലിലേക്ക് വിളിച്ച് വരുത്തി ഹൈബി ഈഡൻ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു സോളാര്‍ കേസ് പ്രതിയുടെ പരാതി.

പരാതിക്കാരിയെ കൂട്ടി എംഎൽഎ ഹോസ്റ്റലിലെ നിളാ ബ്ലോക്കിൽ 32-ാം മുറിയിൽ സിബിഐ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. ജീവനക്കാരുടെ മൊഴിയെടുത്തെങ്കിലും കേസ് മുന്നോട്ട് കൊണ്ടുപോകാനാകും വിധം തെളിവുകളൊന്നും കിട്ടിയില്ലെന്നും കൂടുതലൊന്നും പരാതിക്കാരിക്ക് നൽകാനായില്ലെന്നുമാണ് സിബിഐ റിപ്പോര്‍ട്ടിൽ പറയുന്നത്. ഉമ്മൻചാണ്ടി, കെസി വേണുഗോപാൽ. എപി അനിൽകുമാർ, എപി അബ്ദുള്ളക്കുട്ടി തുടങ്ങിയവർക്കെതിരായ കേസുകളിലാണ് ഇനി റിപ്പോർട്ട് നൽകാനുള്ളത്.

click me!