'5 വർഷമായി, എന്നിട്ടിപ്പോഴല്ലേ?', സോളാർ പീഡന കേസ് സിബിഐയ്ക്ക് വിടുമ്പോൾ ഉമ്മൻചാണ്ടി

By Web TeamFirst Published Jan 24, 2021, 4:37 PM IST
Highlights

ഇപ്പോൾ ഉമ്മൻചാണ്ടി ചോദിച്ചത് തന്നെയാണ് കോൺഗ്രസ് പ്രധാനമായും മുന്നോട്ടു വയ്ക്കുന്ന ആരോപണത്തിന്‍റെ കുന്തമുന. 5 വ‌ർഷം പഴക്കമുള്ള കേസ്. അതിപ്പോൾ കുത്തിപ്പൊക്കിയത് എന്തിന് എന്നതിന് ഭരണപക്ഷം മറുപടി പറയണമെന്ന് പ്രതിപക്ഷം ചോദിക്കും.

ആലപ്പുഴ: 'കഴിഞ്ഞ അഞ്ച് വർഷവും ഈ കേസുണ്ടായിരുന്നു. എന്നിട്ടും അവരെന്താണ് ചെയ്തത്? അവർ അധികാരത്തിലുണ്ട്. ഇതെന്തുകൊണ്ടാണ് ഈ തീരുമാനമെടുത്തതെന്ന് പറയാൻ അവർക്ക് ബാധ്യതയുണ്ട്. ഇതൊക്കെ രാഷ്ട്രീയമായി എടുക്കുന്ന, രാഷ്ട്രീയപ്രേരിതമായ നടപടിയല്ലേ? ബാക്കിയെല്ലാം നമുക്ക് പിന്നീട് വഴിയെ പറയാം', സോളാർ പീഡനപ്പരാതികൾ സിബിഐയ്ക്ക് വിട്ട് സംസ്ഥാനസർക്കാർ വിജ്ഞാപനം പുറത്തുവിടുമ്പോൾ ആലപ്പുഴ ഗസ്റ്റ് ഹൗസിലായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. നിർണായകമായ മറ്റൊരു നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് സംസ്ഥാനം നീങ്ങുമ്പോൾ കേരളത്തിലെ കോൺഗ്രസിൽ നിർണായകമായ ഒരു ചുമതല, തെരഞ്ഞെടുപ്പ് ഏകോപനസമിതിയുടെ അധ്യക്ഷപദം ഏറ്റെടുത്തതിന് പിന്നാലെയാണ് ഉമ്മൻ ചാണ്ടിക്ക് എതിരായ പീഡനപ്പരാതികൾ സിബിഐയ്ക്ക് സർക്കാർ തന്നെ കൈമാറുന്നത്. വാർത്തയോട് ഏഷ്യാനെറ്റ് ന്യൂസ് പ്രതികരണം തേടിയപ്പോൾ അദ്ദേഹം നൽകിയ മറുപടിയാണ് മുകളിലേത്. ചുരുങ്ങിയ വാക്കുകളിലെ പ്രതികരണം. 

ഉമ്മൻചാണ്ടി മറുപടി ചുരുങ്ങിയ വാക്കുകളിലൊതുക്കിയെങ്കിലും, പ്രതിപക്ഷം ആക്രമണം ചുരുക്കില്ല. ഏജൻസികളെ ഉപയോഗിച്ച്, രാഷ്ട്രീയാക്രമണം കടുപ്പിക്കുന്നുവെന്ന രൂക്ഷമായ ആരോപണങ്ങൾ തന്നെ കോൺഗ്രസ് സർക്കാരിനും ഭരണപക്ഷത്തിനുമെതിരെ ഉയർത്തും. ഇപ്പോൾ ഉമ്മൻചാണ്ടി ചോദിച്ചത് തന്നെയാണ് കോൺഗ്രസ് പ്രധാനമായും മുന്നോട്ടു വയ്ക്കുന്ന ആരോപണത്തിന്‍റെ കുന്തമുന. 5 വ‌ർഷം പഴക്കമുള്ള കേസ്. അതിപ്പോൾ കുത്തിപ്പൊക്കിയത് എന്തിന് എന്നതിന് ഭരണപക്ഷം മറുപടി പറയണമെന്ന് പ്രതിപക്ഷം ചോദിക്കും.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും തൽക്കാലം ഉടൻ പ്രതികരിക്കാനില്ലെന്ന നിലപാടിലാണ്. യുഡിഎഫ് നേതാക്കളുമായി കൂടിയാലോചിച്ച ശേഷം വിശദമായ മറുപടി വാർത്താസമ്മേളനത്തിൽ പറയാനാണ് തീരുമാനം. ഇപ്പോൾ പ്രസ്താവന മാത്രം. അതിങ്ങനെ:

''സോളാര്‍ കേസുകള്‍ സി.ബി.ഐയ്ക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനം തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണ്. അഞ്ചു വര്‍ഷം അധികാരത്തിലിരുന്നിട്ടും ഒന്നും കണ്ടെത്താന്‍ കഴിയാതിരുന്ന സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കേസ് സി.ബി.ഐയ്ക്ക് കൈമാറിയത് രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെയാണ്. വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസമാണ് കേസെടുക്കുമെന്ന് പ്രഖ്യാപിച്ചത്. സുപ്രീം കോടതി ജസ്റ്റീസ്  അരിജിത് പസായത് ഈ പരാതിയില്‍ കഴമ്പില്ലെന്നും കേസെടുക്കാനാവില്ലെന്നും സര്‍ക്കാരിന് നിയമോപദേശം നല്‍കിയതാണ്. എന്നിട്ടും നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേസ് സി.ബി.ഐ അന്വേഷണത്തിന് വിട്ടതിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യം കേരളീയര്‍ക്ക് തിരിച്ചറിയാനാവും. ഇതൊന്നും ഇവിടെ ചിലവാകാന്‍ പോകുന്നില്ല'', എന്ന് ചെന്നിത്തല. 

അതേസമയം, മാധ്യമങ്ങളെ കണ്ട് പ്രതികരിച്ച ഏകനേതാവ് എം എം ഹസ്സനാണ്. പഴകി ദ്രവിച്ച ആയുധമാണ് സോളാർ എന്നാണ് എം എം ഹസ്സൻ പറയുന്നത്. ''തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ നീക്കമാണ് സിബിഐ അന്വേഷണത്തിന് പിന്നിൽ. പഴകി ദ്രവിച്ച ആയുധമാണ് സോളാർ. ജുഡീഷ്യൽ കമ്മീഷൻ അന്വേഷിച്ചിട്ട് ഉമ്മൻ ചാണ്ടിയെ ഒന്നും ചെയ്യാൻ പറ്റിയില്ല. സിബിഐയെ ആട്ടിപ്പായിച്ചവരാണ്  ഇപ്പോൾ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിനെ ജനങ്ങൾ തള്ളിക്കളയും'', എം എം ഹസ്സൻ പറയുന്നു. തെരഞ്ഞെടുപ്പ് ഏകോപനസമിതിയിലെ ചുമതലയിലുള്ള നേതാക്കളെല്ലാം ചേർന്ന് ഒത്തൊരുമിച്ച്, ഇതിനെ നേരിടാനുള്ള ആലോചനയിലാണ്. 

click me!