'കണ്ണാടിക്കലിന്‍റെ മകൻ, പ്രളയ സമയത്തും കൊവിഡ് കാലത്തുമെല്ലാം അർജുനുണ്ടായിരുന്നു മുന്നിൽ': കണ്ണീരോടെ നാട്ടുകാർ

Published : Sep 28, 2024, 08:13 AM ISTUpdated : Sep 28, 2024, 10:23 AM IST
'കണ്ണാടിക്കലിന്‍റെ മകൻ, പ്രളയ സമയത്തും കൊവിഡ് കാലത്തുമെല്ലാം അർജുനുണ്ടായിരുന്നു മുന്നിൽ': കണ്ണീരോടെ നാട്ടുകാർ

Synopsis

കണ്ണാടിക്കലിനെ സംബന്ധിച്ച് തീരാനഷ്ടമാണ് അർജുനെന്ന് അന്ത്യാഞ്ജലി അർപ്പിക്കാൻ പുലർച്ചെ തന്നെയെത്തിയ നാട്ടുകാർ പറയുന്നു. 

കോഴിക്കോട്: കണ്ണാടിക്കൽ ഗ്രാമത്തിലെ ജനകീയ മുഖമായിരുന്നു അർജുൻ. ജോലിക്ക് പോവാത്ത സമയത്തൊക്കെ നാട്ടിലെ കണ്ണാടിക്കൽ യുവജന ആർട്സ് ക്ലബ്ബിന്‍റെ പ്രവർത്തനങ്ങളിലും സാമൂഹ്യപ്രവർത്തനങ്ങളിലും സജീവമായിരുന്നു അർജുൻ. ഒരുപാട് സൌഹൃദങ്ങളുണ്ടായിരുന്ന, ആ ഗ്രാമത്തിനാകെ പരിചിതനായ ആളാണ് അർജുൻ. ഇതുപോലൊരു സങ്കടം വേറെയില്ലെന്നും എല്ലാ കാര്യത്തിനും അർജുൻ ഉണ്ടാകുമായിരുന്നു മുമ്പിലെന്നും നാട്ടുകാർ പറയുന്നു.

70 ദിവസത്തിലേറെയായി ആ ഗ്രാമമാകെ സങ്കടത്തിലായിരുന്നു. ഞങ്ങൾക്ക് ഇത്രയും സങ്കടമുണ്ടെങ്കിൽ ആ കുടുംബത്തിന്‍റെ അവസ്ഥ എന്തായിരിക്കുമെന്നും അവർക്ക് സമാധാനം കൊടുക്കണേയെന്നാണ് പ്രാർത്ഥനയെന്നും അയൽവാസികൾ പറഞ്ഞു. കൊവിഡ് സമയത്തും വെള്ളപ്പൊക്ക സമയത്തും സഹായ സന്നദ്ധനായി മുൻനിരയിലുണ്ടായിരുന്നു അർജുൻ. ഗ്രാമത്തിൽ എല്ലാ വർഷവും രണ്ട് മാസത്തോളം കുടിവെള്ള പ്രശ്നം നേരിടുമ്പോൾ ലോറിയിൽ വെള്ളമെത്തിക്കാൻ അർജുൻ മുന്നിലുണ്ടാകുമായിരുന്നു. ലോറിയിൽ പോവാത്ത സമയത്തൊക്കെ നാട്ടിലെ ക്ലബ്ബിന്‍റെ പ്രവർത്തനങ്ങളിലൊക്കെ സജീവമായിരുന്നു. കണ്ണാടിക്കലിനെ സംബന്ധിച്ച് തീരാനഷ്ടമാണ് അർജുനെന്ന് അന്ത്യാഞ്ജലി അർപ്പിക്കാൻ പുലർച്ചെ തന്നെയെത്തിയ നാട്ടുകാർ പറയുന്നു. 

അർജുൻ എവിടെയോ ജീവിച്ചിരിപ്പുണ്ടെന്നും തിരിച്ചുവരുമെന്നും ഇത്രയും ദിവസം കരുതിയെന്ന് നാട്ടുകാർ കണ്ണീരോടെ പറഞ്ഞു. നാട്ടുകാർക്ക് സഹോദരനോ മകനോ ഒക്കെയായിരുന്നു അർജുനെന്ന് പറയുമ്പോൾ, ഒരുനോക്ക് കാണാൻ വീടിന് മുന്നിലെത്തിയ സ്ത്രീകളുടെ കണ്ണ് നിറഞ്ഞു. 

അർജുന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര കേരളത്തിലേക്ക് കടന്നപ്പോൾ തലപ്പാടി ചെക്ക്പോസ്റ്റിലും കാസർകോടും നിരവധി പേരാണ് അർജുന് ആദരാഞ്ജലി അർപ്പിക്കാൻ കാത്തു നിന്നത്. പുലർച്ചെ അഞ്ചരയോടെ മൃതദേഹം വഹിച്ചുള്ള വാഹന വ്യൂഹം കണ്ണൂർ നഗരം പിന്നിട്ടു. പിന്നീട് ആറ് മണിയോടെ അഴിയൂർ പിന്നിട്ട് കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചു. ഇവിടെ വച്ച് മന്ത്രി എ കെ ശശീന്ദ്രനും കോഴിക്കോട് ജില്ലാ കളക്ടറും അടക്കമുള്ളവർ സംസ്ഥാന സർക്കാരിന് വേണ്ടി മൃതദേഹം ഏറ്റുവാങ്ങി.

ലോറി ഓണേർസ് അസോസിയേഷന്റെയും ആക്ഷൻ കമ്മിറ്റിയുടെയും നേതൃത്വത്തിൽ വിലാപയാത്ര നിശ്ചയിച്ചിട്ടുണ്ട്. ഒരു മണിക്കൂർ കൊണ്ട് വിലാപയാത്ര കണ്ണാടിക്കലില്‍ എത്തും. ആദ്യം വീടിനകത്ത് ബന്ധുക്കള്‍ അന്ത്യാ‌ഞ്ജലി അ‍ർപ്പിക്കും. പിന്നീട് നാട്ടുകാർക്ക് ആദരമർപ്പിക്കാനായി മൃതദേഹം വീടിന് പുറത്ത് പൊതുദർശനത്തിന് വെക്കും. ഉച്ചയോടെ വീട്ടുവളപ്പിൽ മൃതദേഹം സംസ്‌കരിക്കും.

കണ്ണീരോടെ... അർജുനെ ഏറ്റുവാങ്ങി കേരളം; ആദരാഞ്ജലി അർപ്പിക്കാൻ ജനത്തിരക്ക്; വിലാപയാത്ര കോഴിക്കോട് ജില്ലയിൽ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പതിനാറുകാരി തീ കൊളുത്തി ആത്മഹത്യ ചെയ്തു, സംഭവം തിരുവനന്തപുരം വലിയമലയിൽ
കൂത്തുപറമ്പിലെ ആളൊഴിഞ്ഞ പറമ്പിൽ ബോംബ് ശേഖരം, 9 നാടൻ ബോംബുകളടക്കം കണ്ടെത്തി