'ഫ്ലാറ്റിൽ സിഗരറ്റ് വലിച്ചത് ചോദ്യം ചെയ്തതിന് ജോർജിയക്കാർ ആക്രമിച്ചു'; സൂരജിന്റെ മരണത്തിൽ ബന്ധു

By Web TeamFirst Published Jan 30, 2023, 11:37 AM IST
Highlights

ഒരാഴ്ച മുൻപ് പാലക്കാട് സ്വദേശി ഇബ്രാഹിം പോളണ്ടില്‍ കുത്തേറ്റു മരിച്ചതിന്‍റെ നടുക്കം വീട്ടുമാറും മുൻപാണ് വീണ്ടുമൊരു മലയാളിക്ക് ഇതേ വിദേശ രാജ്യത്ത് ജീവന്‍ നഷ്ടമാകുന്നത്

തൃശ്ശൂർ: പോളണ്ടിൽ ഒല്ലൂർ സ്വദേശി സൂരജ് കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ സിഗരറ്റ് വലിയുമായി ബന്ധപ്പെട്ട തർക്കമെന്ന് സൂരജിന്റെ ബന്ധു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഫ്ളാറ്റിൽ സിഗരറ്റ് വലിച്ചത് ചോദ്യം ചെയ്തതോടെയാണ് ജോർജിയക്കാർ ആക്രമിച്ചത്. സൂരജിനൊപ്പം പരിക്കേറ്റ തൃശൂർ മുളയം സ്വദേശി പ്രജിൽ അപകട നില തരണം ചെയ്തു. ഇദ്ദേഹത്തെ ഇന്നലെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. പ്രജിലിന്റെ കുടുംബം പോളണ്ടിൽ എത്തിയിട്ടുണ്ട്. സംഭവത്തിൽ നാലു പേർ കസ്റ്റഡിയിലുള്ളതായി മലയാളി അസോസിയേഷൻ അറിയിച്ചെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കൊല്ലപ്പെട്ട സൂരജിന്റെ കുടുംബത്തെ മന്ത്രി കെ രാജൻ  സന്ദർശിച്ചു. ചിറ്റിശ്ശേരി സ്മരണ ജംഗ്ഷനിലെ ഓട്ടുകമ്പനിക്ക് സമീപത്തെ വീട്ടിൽ നേരിട്ടെത്തിയ മന്ത്രി നോർക്കയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്തിരുന്നുവെന്ന് പറഞ്ഞു. പ്രതികളെ പിടികൂടിയെന്നാണ് അനൗപചാരിക വിവരം ലഭിച്ചതെന്നും സൂരജിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ഒരാഴ്ചയെങ്കിലും എടുക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. കാര്യങ്ങൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസും ഇടപെടുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

ഒരാഴ്ച മുൻപ് പാലക്കാട് സ്വദേശി ഇബ്രാഹിം പോളണ്ടില്‍ കുത്തേറ്റു മരിച്ചതിന്‍റെ നടുക്കം വീട്ടുമാറും മുൻപാണ് വീണ്ടുമൊരു മലയാളിക്ക് ഇതേ വിദേശ രാജ്യത്ത് ജീവന്‍ നഷ്ടമാകുന്നത്. പോളണ്ടിലുള്ള മലയാളികളാണ് ഇന്നലെ രാവിലെ എട്ടേമുക്കാലോടെ ഒല്ലൂരിലെ സൂരജിന്‍റെ  സുഹൃത്തുക്കളെ വിവരം അറിയിച്ചത്. മലയാളി യുവാക്കളും ജോര്‍ജ്ജിയന്‍ പൗരന്മാരും തമ്മില്‍ തര്‍ക്കമുണ്ടായി. പിടിച്ചു മാറ്റാന്‍ ചെന്ന സൂരജിന് കുത്തേറ്റു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നായിരുന്നു കൈമാറിയ വിവരം. പിന്നാലെ കുടുംബവും സുഹൃത്തുക്കളും വിദേശ കാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടു. ഉച്ചയോടെ സംഭവം സ്ഥിരീകരിച്ചതായി ബന്ധുക്കള്‍ അറിയിച്ചു. 

ആക്രമണത്തില്‍ പ്രജിൽ അടക്കം നാലു മലയാളികള്‍ക്കും പരിക്കേറ്റിരുന്നു. ഒല്ലൂർ ചെമ്പൂത്ത് അറയ്ക്കല്‍ വീട്ടില്‍ മുരളീധന്റെയും സന്ധ്യയുടെയും മകനാണ് 23 വയസ് പ്രായമുണ്ടായിരുന്ന സൂരജ്. അഞ്ചുമാസം മുൻപാണ് ഐടിഐ ബിരുദധാരിയായ ഇദ്ദേഹം പോളണ്ടിലേക്ക് പോയത്. സ്വകാര്യ കമ്പനിയിയില്‍ സൂപ്പര്‍വൈസറായി ജോലിയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ടാണ് സൂരജ് വീട്ടിലേക്ക് അവസാനമായി വിളിച്ചത്. ഇന്ത്യന്‍ സമയം ഇന്നലെ പുലച്ചെ അഞ്ചുമണിവരെ ഓണ്‍ലൈനിലുണ്ടായിരുന്നു. 

click me!