
തിരുവനന്തപുരം: എസ്‌എസ്‌എല്‍സി, പ്ലസ് ടു തലങ്ങളില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് പിഎസ്‌സി വഴി യൂണിഫോം സർവ്വീസുകളിലെ നിയമനത്തിന് വെയിറ്റേജ് അനുവദിക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഹൈസ്കൂൾ, ഹയർ സെക്കണ്ടറി തലങ്ങളിലായി നാല് വർഷം ട്രെയിനിംഗ് പൂർത്തിയാക്കുന്നവരും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കുന്നവരുമായ കേഡറ്റുകൾക്കാണ് 5 ശതമാനം വെയിറ്റേജ് നല്‍കുക.
ഹൈസ്കൂൾ, ഹയർസെക്കണ്ടറി തലങ്ങളിലായി നാലു വർഷം ട്രൈയിനിംഗ് പൂർത്തിയാക്കുന്ന, ഹൈസ്‌കൂൾ തലത്തിൽ എ പ്ലസ് ഗ്രേഡും ഹയർ സെക്കണ്ടറി തലത്തിൽ എ ഗ്രേഡും കരസ്ഥമാക്കുന്നവരും, ഹൈസ്കൂൾ തലത്തിൽ എ ഗ്രേഡും ഹയർ സെക്കണ്ടറി തലത്തിൽ എ പ്ലസ് ഗ്രേഡും കരസ്ഥമാക്കുന്നവരും ഹൈസ്കൂൾ തലത്തിലും ഹയർ സെക്കണ്ടറി തലത്തിലും എ ഗ്രേഡ് കരസ്ഥമാക്കുന്നവരുമായ കേഡറ്റുകൾക്ക് നാല് ശതമാനം വെയിറ്റേജും അനുവദിക്കും. ഹൈസ്കൂൾ തലത്തിലോ ഹയർസെക്കണ്ടറിതലത്തിലോ രണ്ടു വർഷം ട്രെയിനിംഗ് പൂർത്തിയാക്കുകയും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്യുന്ന കേഡറ്റുകൾക്ക് മൂന്ന് ശതമാനം വെയിറ്റേജ് ലഭിക്കും. ഹൈസ്കൂൾ തലത്തിലോ ഹയർസെക്കണ്ടറി തലത്തിലോ രണ്ടു വർഷം ട്രെയിനിംഗ് പൂർത്തിയാക്കുകയും എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്യുന്ന കേഡറ്റുകൾക്ക് രണ്ട് ശതമാനമാണ് വെയിറ്റേജ് ലഭിക്കുക. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതി വ്യാപിപ്പിക്കുന്നത് പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam