പ്രസ്ഥാനങ്ങളിലൂടെയല്ല; സ്വയം പ്രസ്ഥാനമായി വളർന്ന നേതാവാണ് കെ എം മാണി: പി ശ്രീരാമകൃഷ്ണൻ

By Web TeamFirst Published Apr 9, 2019, 8:31 PM IST
Highlights

കേരളത്തെ സംബന്ധിച്ചിടത്തോളം സ്വയം പ്രസ്ഥാനമായവരുടെ കൂട്ടത്തിൽ ഒരാളാണ് കെ എം മാണി. അദ്ദേഹം പ്രത്യയശാസ്ത്രങ്ങളെ അനുഗമിക്കുന്നതിന് പകരം സ്വന്തമായി ഒരു പ്രത്യയശാസ്ത്രം രൂപപ്പെടുത്തിയെന്നും പി ശ്രീരാമകൃഷ്ണൻ

തിരുവനന്തപുരം: വിടവാങ്ങിയത് കേരള നിയമസഭയുടെ അനുഭവങ്ങളുടെ സൂര്യതേജസാണെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. കെ എം മാണിയുടെ അന്ത്യം പൊതുസമൂഹത്തിനു നിയമസഭക്കും ശൂന്യത തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും സ്പീക്കർ പറഞ്ഞു. രാഷ്ട്രീയത്തിൽ പ്രസ്ഥാനങ്ങളിലൂടെ വളർന്ന് നേതാക്കളായവരും സ്വയം പ്രസ്ഥാനമായവരുമുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം സ്വയം പ്രസ്ഥാനമായവരുടെ കൂട്ടത്തിൽ ഒരാളാണ് കെ എം മാണി. അദ്ദേഹം പ്രത്യയശാസ്ത്രങ്ങളെ അനുഗമിക്കുന്നതിന് പകരം സ്വന്തമായി ഒരു പ്രത്യയശാസ്ത്രം രൂപപ്പെടുത്തിയെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.

ശ്വാസകോശ രോഗത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന കെ എം മാണിയുടെ അന്ത്യം വൈകീട്ട് 4.57നായിരുന്നു. വൃക്കകൾ തകരാറിൽ ആയതിനാൽ ഡയാലിസിസ് തുടരുകയായിരുന്നു. മരണ സമയത്ത് ഭാര്യ കുട്ടിയമ്മയും മകന്‍ ജോസ് കെ മാണിയും പേരക്കുട്ടികളും അടക്കമുള്ളവര്‍ മാണിക്കൊപ്പമുണ്ടായിരുന്നു. 

ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച ആണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ദീർഘകാലമായി ആസ്മക്ക് ചികിത്സയിലായിരുന്നു അദ്ദേഹം. ആശുപത്രിയിലെത്തുമ്പോൾ ശ്വാസകോശ അണുബാധയും ഉണ്ടായിരുന്നു. ഇന്ന് രാവിലെ ആരോഗ്യ നില അല്പം മെച്ചപ്പെട്ടിരുന്നെങ്കിലും ഉച്ചയ്ക്ക് മൂന്ന് മണിയോടെ നില ഗുരുതരമായി. ഹൃദയമിടിപ്പും രക്തസമ്മർദ്ദവും കുറയുകയുമായിരുന്നു

ബുധനാഴ്ച വൈകിട്ട് മൂന്ന് പാലായില്‍ വച്ചാണ് മാണിയുടെ സംസ്കാരം നടക്കുക. ഇന്ന് കൊച്ചി ലേക്ക്ഷോര്‍ ആശുപത്രിയില്‍ സൂക്ഷിക്കുന്ന മാണിയുടെ മൃതദേഹം നാളെ രാവിലെ പത്ത് മണിയോടെ കോട്ടയത്തേക്ക് കൊണ്ടു പോകും. തിരുനക്കര മൈതാനിയില്‍ പൊതുദര്‍ശനത്തിന് വയക്കുന്ന മൃതദേഹം അവിടെ നിന്നും പിന്നീട് പാലായിലെ കരിങ്ങോഴക്കല്‍ വീട്ടിലേക്ക് കൊണ്ടു വരും. 

click me!